| Saturday, 30th January 2016, 12:58 pm

സിനിമയില്‍ പുരുഷാധിപത്യം: ശക്തമായ വേഷങ്ങള്‍ ലഭിക്കുന്നില്ലെന്ന് കനകലത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരുകാലത്ത് സിനിമയിലും സീരിയലുകളിലും ഒരുപോലെ നിറഞ്ഞുനിന്നിരുന്ന കനകലതയെ ഇപ്പോള്‍ സ്‌ക്രീനില്‍ അധികം കാണുന്നില്ല. എന്നാല്‍ താന്‍ ഇവിടെ തന്നെയുണ്ടെന്നും ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളിലൊന്നും ഉള്‍പ്പെടാത്തതുകൊണ്ടാണ്  ആളുകള്‍ തന്നെ കാണാത്തതെന്നുമാണ് കനകലത പറയുന്നത്.

സിനിമയില്‍ പുരുഷ ആധിപത്യമാണ്. എല്ലായിടത്തും അവരാണ് നിറഞ്ഞു നില്‍ക്കുന്നത്. മുന്‍പുള്ളതുപോലെ ശക്തമായ സഹനടി വേഷങ്ങളോ ഹാസ്യ വേഷങ്ങളോ ഒന്നും ഇപ്പോഴില്ല. അതുകൊണ്ട് അപ്രധാനമായ വേഷങ്ങള്‍ ആരെയെങ്കിലും വച്ച് ചെയ്താല്‍ മതിയെന്ന അവസ്ഥയിലെത്തി.

നമുക്ക് തരുന്നതിന്റെ നാലിലൊന്ന് പ്രതിഫലം കൊടുത്താല്‍ പോലും അവര്‍ അഭിനയിക്കാന്‍ തയ്യാറാണ്.  നല്ല സ്ത്രീവേഷങ്ങളുള്ള സ്‌ക്രിപ്റ്റും ഇപ്പോഴില്ല. സ്‌ക്രിപ്റ്റില്‍ വേഷമില്ലെങ്കില്‍ പിന്നെന്തു ചെയ്യുമെന്നും കനകലത ചോദിക്കുന്നു.

സീരിയലില്‍ നല്ല കഥാപാത്രങ്ങള്‍ വന്നപ്പോള്‍ അതിലേക്ക് തിരിഞ്ഞത് തിരിച്ചടിയായി. ആ സമയം ഡേറ്റൊക്കെ ക്ലാഷായി കുറേ ചിത്രങ്ങള്‍ പോയി. അതില്‍ പല സിനിമകളും ഹിറ്റായി. അത്തരം അവസരങ്ങള്‍ നഷ്ടമായതില്‍ സങ്കടമുണ്ടെന്നും കനകലത പറയുന്നു.

സിനിമയാണ് എനിക്ക് കൂടുതല്‍ കംഫര്‍ട്ടിബിള്‍.  സിനിമയാണെനിക്ക് ജീവിതം തന്നത്. ഒരു വീടു വയ്ക്കാനും നന്നായി ജീവിക്കാനുമെല്ലാം സാധിച്ചത് സിനിമ കാരണമാണ്.
ഞാന്‍ മരിച്ച് മണ്ണടിഞ്ഞ് അറുപത് കൊല്ലം കഴിഞ്ഞാലും എന്റെ സിനിമകള്‍ ടിവിയിലെങ്കിലും വരും.

എന്റെ ചരമവാര്‍ഷികത്തിനെങ്കിലും ആ സിനിമകള്‍ കാണിക്കും. എന്നാല്‍ എത്രനാള്‍ സംപ്രേഷണം ചെയ്ത സീരിയലായാലും അതിന്റെ സംപ്രേഷണം നിര്‍ത്തിക്കഴിഞ്ഞാല്‍ ആളുകളുടെ മനസില്‍ നിന്ന് മറയും. പിന്നെയവര്‍ അടുത്ത സീരിയലിലേക്ക് പോകുമെന്നും കനകലത പറയുന്നു.

We use cookies to give you the best possible experience. Learn more