| Thursday, 16th April 2026, 1:07 pm

മോഹിനിയാട്ടത്തില്‍ മറ്റൊരാള്‍ക്ക് കൂടി ശബ്ദം നല്‍കി; സ്‌മോക്കിങ് ഈസ് ഇഞ്ചൂറിയസ് ടു ഹെല്‍ത്ത് ഞാന്‍ പറയണമെന്നത് ഡയറക്ടറുടെ നിര്‍ബന്ധം: കലാരഞ്ജിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷു റിലീസായി തിയേറ്ററുകളിലെത്തി പ്രേക്ഷകഹൃദയം കീഴടക്കുകയാണ് കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ‘മോഹിനിയാട്ടം’. ‘ഭരതനാട്യം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തിയ ചിത്രം മലയാളത്തിലെ മികച്ച ഡാര്‍ക്ക് കോമഡി എന്റര്‍ടെയ്നറുകളില്‍ ഒന്നാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

സിനിമയെക്കുറിച്ചും ഡബ്ബിങ്ങിനെ കുറിച്ചുമൊക്കെ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി കലാരഞ്ജിനി.

ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് വരുന്നതിന് മുമ്പേ പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു വോയ്സ് ഓവര്‍ ഉണ്ടായിരുന്നു. പുകയില വിരുദ്ധ മുന്നറിയിപ്പായ ‘സ്മോക്കിങ് ഈസ് ഇഞ്ചൂറിയസ് ടു ഹെല്‍ത്ത്’ എന്നത് കലാരഞ്ജിനിയുടെ ശബ്ദത്തിലായിരുന്നു കേട്ടത്. ആ തീരുമാനത്തിന് പിന്നിലെ കഥയാണ് കലാരഞ്ജിനി പങ്കുവെക്കുന്നത്. ഒപ്പം സിനിമയില്‍ മറ്റൊരാള്‍ക്ക് കൂടി താന്‍ ശബ്ദം നല്‍കിയിട്ടുണ്ടെന്നും കലാരഞ്ജിനി പറഞ്ഞു.

‘സ്മോക്കിങ് ഈസ് ഇഞ്ചൂറിയസ് ടു ഹെല്‍ത്ത് എന്ന് ചേച്ചി തന്നെ പറയണം എന്ന് ഡയറക്ടറാണ് എന്നോട് പറയുന്നത്. എന്റെ വോയ്സ് തന്നെ എനിക്ക് പറ്റില്ലെന്ന് തോന്നുന്ന അവസ്ഥയാണ്. അപ്പോഴാണ് ഇത് പറയുന്നത്. അയ്യോ മക്കളേ അത് വേണ്ട, വേറെ ആരെയെങ്കിലും വിളിക്ക് എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ പറ്റില്ല, ചേച്ചി തന്നെ പറയണം എന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. അങ്ങനെയാണ് അത് ചെയ്യുന്നത്,’കലാരഞ്ജിനി പറഞ്ഞു.

സിനിമയിലെ മറ്റൊരു പ്രധാന കോമഡി രംഗത്തിന് പിന്നിലും കലാരഞ്ജിനിയുടെ ശബ്ദമുണ്ടായിരുന്നു. സിനിമയില്‍ നന്ദു പൊതുവാളിന്റെ കഥാപാത്രം തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്ന രംഗത്തെക്കുറിച്ചാണ് കലാരഞ്ജിനി സംസാരിച്ചത്.

മോഹിനിയാട്ടം ട്രെയിലറില്‍ നിന്നുള്ള രംഗം Photo: Think Music India/ Screen Grab

‘നന്ദു പൊതുവാള്‍ തൂങ്ങി മരിക്കുന്ന സീനില്ലേ അതില്‍ വോയ്സ് കൊടുത്തിരിക്കുന്നത് ഞാനാണ്. അങ്ങേര്‍ക്ക് ശബ്ദം പോകുന്നില്ലേ… പറയുന്നത് വ്യക്തമാകുന്നില്ലെന്ന് ഞാന്‍ പറയുന്ന ആ സീന്‍. അതില്‍ നന്ദുവിന് ശബ്ദം കൊടുത്തിരിക്കുന്നത് ഞാനാണ്.
ഇതെല്ലാം ഡയറക്ടര്‍ കൃഷ്ണദാസിന്റെ ഐഡിയയാണ്.’കലാരഞ്ജിനി പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് ലഭിച്ച ഏറ്റവും മികച്ച ടീമാണ് മോഹിനിയാട്ടത്തിന്റേതെന്നും കലാരഞ്ജിനി അഭിമുഖത്തില്‍ പറഞ്ഞു.

മോഹിനിയാട്ടം ട്രെയിലറില്‍ നിന്നുള്ള രംഗം Photo: Think Music India/ Screen Grab

ഓരോ ഷോട്ടിലും നമ്മുടെ അടുത്ത് വന്നിട്ട് സംവിധായകന്‍ വളരെ പതുക്കെ കാര്യങ്ങള്‍ പറഞ്ഞു തരും. നമ്മള്‍ ആ ക്യാരക്ടര്‍ ആയി മാറുന്ന ലെവലില്‍ വളരെ സോഫ്റ്റായിട്ടാണ് കൃഷ്ണദാസ് സംസാരിക്കുക.

അതുപോലെ അസോസിയേറ്റ് സാംസണ്‍ നമുക്ക് ഒപ്പം നിന്ന് ഡയലോഗ് പ്രോംപ്റ്റ് ചെയ്യും. ക്യാമറാമാനും അങ്ങനെ തന്നെ. നല്ലൊരു ഗ്രൂപ്പിനെയാണ് ഒരുപാട് വര്‍ഷത്തിന് ശേഷം കിട്ടിയത്. ഞങ്ങളൊന്നും കാരവനിലൊന്നും പോയിരിക്കില്ലായിരുന്നു.

ഡ്രസ് ചേഞ്ച് ചെയ്യാന്‍ മാത്രമാണ് പോവുക. അല്ലാതെ എല്ലാവരും ഒരുമിച്ചാണ് ഇരിക്കുന്നത്. ആരെയും പോകാന്‍ ഞാന്‍ സമ്മതിക്കുകയും ഇല്ല. എല്ലാവരെയും ഒരുമിച്ചിരുത്തി വര്‍ത്തമാനം പറയും,’ കലാരഞ്ജിനി പറഞ്ഞു.

Content Highlight: Actress Kalaranjini about Mohiniyattam Movie Voice over smoking is injurious to health

We use cookies to give you the best possible experience. Learn more