പലപ്പോഴും തന്റെ പിന്തിരിപ്പന്‍ ആശയങ്ങളിലൂടെയും പ്രസ്താവനയിലൂടെയും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് പാത്രമാകുന്ന അവതാരകയാണ് ആനി. അമൃത ടി.വിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചണില്‍ വിന്‍സി അലോഷ്യസ് അതിഥിയായെത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ പാചകം പഠിക്കുന്നതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ വലിയ രീതിയില്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു. അമ്മാവന്‍ മനോഭാവം മാറ്റേണ്ട സമയം അതിക്രമിച്ചെന്നായിരുന്നു പലരും വിഷയത്തില്‍ ആനിയോട് നിര്‍ദേശിച്ചത്.
ജുവല്‍ മേരി. Photo: The Economic Times
ഇപ്പോഴിതാ ആനീസ് കിച്ചണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥിയായെത്തിയ സിനിമാ താരം ജുവല്‍ മേരി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരത്തിന്റെ വാക്കുകള്‍ ആനിയുടെ കാഴ്ച്ചപാടിനുള്ള മറുപടിയാണെന്നുളള തരത്തില്‍ ഒട്ടേറെ കമന്റുകളാണ് വീഡിയോക്ക് തഴെ നിറയുന്നത്.
മോശം വാക്കുകളെ എങ്ങനെയാണ് സമീപിക്കാറുള്ളതെന്ന ആനിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. മോശം പറയുന്ന ആളുകളുടെ ഡെഫിനിഷന്‍ താന്‍ ഒരിക്കലും ശ്രദ്ധിക്കാറില്ലെന്നും പലരും പൊട്ട അഭിപ്രായം പറയുന്നത് അവരുടെ ചെറിയ ബുദ്ധി ആയതുകൊണ്ടാണെന്നും ജുവല്‍ പറയുന്നു. ഇത്തരക്കാരോട് തനിക്ക് എമ്പതി മാത്രമാണുള്ളതെന്നും അയാള്‍ മണ്ടനാണെന്നുള്ളത് തന്നെ ബാധിക്കേണ്ട കാര്യമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘സമൂഹത്തിലാണെങ്കിലും വീടുകളിലാണെങ്കിലും പെണ്‍കുട്ടികള്‍ ചെറുപ്പം മുതല്‍ തന്നെ വളരെയധികം കണ്ടീഷനുകള്‍ക്ക് വിധേയമാകുന്നുണ്ട്. ജനിക്കുമ്പോള്‍ തന്നെ ഒരു ബോക്‌സിനകത്തേക്ക് അതിനെ ഇട്ട് വളര്‍ത്തുകയാണ് ചെയ്യുന്നത്. നല്ല കുട്ടിയായിരിക്കണം, പറഞ്ഞാല്‍ അനുസരിക്കണം തുടങ്ങിയ ഉപദേശങ്ങളാണ് ഇവര്‍ക്ക് നല്‍കുന്നത്. ഒരാള്‍ക്ക് നല്‍കാന്‍ കഴിയുന്ന മോശം ഉപദേശമാണ് ഇത് രണ്ടും.
പറഞ്ഞാല്‍ അനുസരിക്കണം എന്ന് പറയുന്നതിലൂടെ ചിന്തിക്കരുത് എന്നാണ് പറയുന്നത്. ചിന്തിക്കണമെങ്കില്‍ ഒരുപാട് പണിയുണ്ട്. അതേസമയം അനുസരിച്ച് ജീവിക്കാന്‍ എളുപ്പമാണ്. അതില്‍ നമ്മുേടതൊരു മെക്കാനിക്കല്‍ ലൈഫാണ്, എല്ലാവരെയും സന്തോഷിപ്പിക്കുക, അനുസരിച്ച് ജീവിക്കുക എന്നുള്ളത്. പക്ഷേ ഒരു വ്യക്തി എന്ന നിലയില്‍ ചിന്തിക്കാനായിട്ട് ചെറുപ്പം മുതല്‍ നമ്മള്‍ പിള്ളേരെ ട്രെയിന്‍ ചെയ്യിക്കണം. അങ്ങനെ ചെയ്താല്‍ മാത്രമാണ് നമുക്ക് നല്ലൊരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ,’ ജുവല്‍ മേരി പറഞ്ഞു.
ആനീസ് കിച്ചണ്‍. Photo: Screen grab/ Amrita Tv/ Youtube.com
വീഡിയോക്ക് താഴെയുള്ള കമന്റുകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത് തന്നെയുദ്ദേശിച്ചാണ് പറയുന്നതെന്നും തന്നെക്കുറിച്ച് മാത്രമാണ് പറയുന്നതെന്നുമായിരിക്കും ആനി മനസില്‍ വിചാരിക്കുന്നതെന്നും പറയേണ്ട കാര്യം ജുവല്‍ മുഖത്ത് നോക്കി പറഞ്ഞെന്നും കമന്റുകളുണ്ട്. എന്തോ എവിടെയോ കുത്തി പറയുന്ന പോലെ എന്ന ഫേമസ് മീമും കമന്റ് ബോക്‌സില്‍ സജീവമാണ്.
Content Highlight: Actress Jewel Mary’s words in Annie’s Kitchen goes viral on social media