| Saturday, 7th November 2026, 8:48 am

'കയറി പിടിക്കാനുള്ള അവസരം കൊടുത്തിട്ട് പിന്നെ ഉപദ്രവിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല’; നോ പറയാനുള്ള ധൈര്യം ഉണ്ടാകണം: ഇനിയ

അജ്മല്‍ കെ

സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ ഒരു നടിയും നിർബന്ധിതയാകുന്നില്ലെന്നും സ്വന്തം കംഫർട്ട് ലെവൽ തുറന്നുപറയാനുള്ള ഉത്തരവാദിത്തം ഓരോ ആർട്ടിസ്റ്റിനുമുണ്ടെന്നും നടി ഇനിയ. കിസ്സിങ് സീനുകളോ ബെഡ്‌റൂം രംഗങ്ങളോ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നതോ തനിക്ക് ബുദ്ധിമുട്ടാണെന്ന് സംവിധായകനോടോ തിരക്കഥാകൃത്തിനോടോ തുറന്നുപറഞ്ഞാൽ അതിനനുസരിച്ച് രംഗങ്ങൾ മാറ്റിയെടുക്കാൻ കഴിയുമെന്നും ഇനിയ മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘സിനിമാ ഇൻഡസ്ട്രിയിൽ ആരും നമ്മളെ നിർബന്ധിക്കുന്നില്ല. നേരത്തെ പറഞ്ഞതുപോലെ, നമ്മുടെ സമ്മതമില്ലാതെ ആരും ഒന്നും ചെയ്യില്ല. നമ്മുടെ കംഫർട്ടബിലിറ്റി എന്താണെന്ന് നമ്മളാണ് പറയേണ്ടത്. എനിക്ക് ഇന്റിമേറ്റ് ബെഡ്‌റൂം സീനുകൾ ചെയ്യാൻ കംഫർട്ടില്ല, കിസ്സിങ് സീൻ ചെയ്യാൻ താത്പര്യമില്ല, ഹഗിങ് സീൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ട്, അല്ലെങ്കിൽ പ്രത്യേക രീതിയിലുള്ള വസ്ത്രം ധരിക്കാൻ താത്പര്യമില്ല എന്നൊക്കെ തുറന്നുപറയാം. അങ്ങനെ പറഞ്ഞാൽ ആ സീനിന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അവർക്ക് കഴിയും,’ ഇനിയ പറഞ്ഞു.

ഇനിയ.Photo. Screen Grab/ Youtube

സിനിമയിൽ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കാൻ പല സാങ്കേതിക സാധ്യതകളുമുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. വ്യത്യസ്ത ക്യാമറ ആംഗിളുകളിലൂടെയും മറ്റ് സാങ്കേതിക വിദ്യകളിലൂടെയും രംഗത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാതെ തന്നെ ആവശ്യമായ മാറ്റങ്ങൾ വരുത്താനാകും. ഇത്തരത്തിൽ ഒരു ധാരണ സംവിധായകരോടും എഴുത്തുകാരോടും ഒരു ആർട്ടിസ്റ്റിന് തന്റെ ബുദ്ധിമുട്ടുകൾ തുറന്നുപറയാമെന്നും ഇനിയ വ്യക്തമാക്കി.

‘സിനിമയിൽ ഒരുപാട് ടെക്നികാലിറ്റികളുണ്ട്. വ്യത്യസ്ത ആംഗിളുകളിലൂടെയും മറ്റ് രീതികളിലൂടെയും രംഗങ്ങൾ ചിത്രീകരിക്കാം. ഒരു ആർട്ടിസ്റ്റിന് സംവിധായകനോടോ സ്ക്രിപ്റ്റ് എഴുതുന്നവരോടോ തന്റെ ബുദ്ധിമുട്ടുകൾ തുറന്നുപറയാൻ കഴിഞ്ഞാൽ അഭംഗിയില്ലാതെ തന്നെ ആ രംഗം ചെയ്യാൻ കഴിയും. എന്നാൽ എല്ലാ കാര്യത്തിനും സമ്മതം നൽകിയ ശേഷം എന്റെ അനുവാദമില്ലാതെ എന്നെ ഉപയോഗിച്ചു, എന്റെ സമ്മതമില്ലാതെ രംഗങ്ങൾ ചിത്രീകരിച്ചു എന്ന് പിന്നീട് പറയുന്നതിൽ കാര്യമില്ല,’ താരം പറഞ്ഞു.

സ്വന്തം സ്വകാര്യത സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കാൻ അച്ഛൻ പറയാറുള്ള ഒരു ഉദാഹരണവും ഇനിയ പങ്കുവെച്ചു.

ഇനിയ.Photo. Screen Grab/ Youtube

‘എന്റെ റൂം എന്റെ സ്വകാര്യതയാണ്. അവിടേക്ക് ഒരാൾ വരണമെങ്കിൽ റൂമിന്റെ ലോക്ക് ഞാൻ തുറന്നുകൊടുക്കണം. ഒരാൾ അകത്തുവന്ന ശേഷം അടുത്തിരുന്ന് എന്തെങ്കിലും ചെയ്യാനുള്ള അവസരം കൊടുത്തിട്ട് പിന്നീട് അയാൾ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നാണ് ഡാഡി പറയാറുള്ളത്. അത്തരമൊരു സാഹചര്യം ഉണ്ടാകുന്നതിന് മുമ്പ് തന്നെ അത് തടയണം. അല്ലെങ്കിൽ എവിടെവെച്ച് നിർത്തണമെന്ന് പറയാനുള്ള ഗട്സ് നമുക്കുണ്ടാകണം,’ ഇനിയ കൂട്ടിച്ചേർത്തു.

Content Highlight: Actress Iniya stated that no actress is compelled to perform intimate scenes in films, and that every artist has the responsibility to openly express their own comfort level.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more