മലയാള സിനിമയിൽ തനിക്ക് അർഹിച്ചത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെന്ന് നടി ഇനിയ. മലയാള സിനിമ തന്നെ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന അഭിപ്രായം പലരും തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും ഇനിയ പറയുന്നു. ലാൽ ജോസ്, ജീത്തു ജോസഫ് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ തീരുമാനിച്ച ശേഷവും പിന്നീട് തന്നെ മാറ്റിയിട്ടുണ്ടെന്നും അതിന്റെ കാരണം പോലും പലപ്പോഴും അറിയാൻ കഴിഞ്ഞിട്ടില്ലെന്നും നടി മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. മൂക്കുത്തി അമ്മൻ2 വാണ് ഇനിയയുടെ ഏറ്റവും പുതിയ ചിത്രം.
‘മലയാളത്തിൽ എനിക്ക് അധികം റോളുകൾ കിട്ടിയിട്ടില്ലെന്നാണ് തോന്നുന്നത്. ഇനിയയെപ്പോലെയുള്ളവരെ മലയാള സിനിമ അധികം ഉപയോഗിച്ചിട്ടില്ലെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മറ്റു പരിപാടികൾക്കൊക്കെ പോകുമ്പോൾ ആളുകൾ ചോദിക്കാറുണ്ട്, മലയാളത്തിൽ അടുത്ത സിനിമ എപ്പോഴാണ് ചെയ്യുന്നത്, എപ്പോഴാണ് വീണ്ടും വരുന്നത് എന്നൊക്കെ. അപ്പോഴൊക്കെ ഞാനും ഇതേക്കുറിച്ച് ആലോചിക്കാറുണ്ട്,’ ഇനിയ പറഞ്ഞു.
ഇനിയ.Photo. Screen Grab/ Youtube
ചെന്നൈയിൽ സ്ഥിരതാമസമാക്കിയതാണ് മലയാള സിനിമയിൽ അവസരങ്ങൾ കുറയാൻ ഒരു കാരണമാകുന്നതെന്ന് ആദ്യം കരുതിയിരുന്നുവെന്നും നടി പറയുന്നു. എന്നാൽ പിന്നീട് മലയാള സിനിമയിലെ കാസ്റ്റിങ് രീതികളെക്കുറിച്ചും സിനിമാ രാഷ്ട്രീയത്തെക്കുറിച്ചും തനിക്ക് ചില അനുഭവങ്ങളുണ്ടായെന്നും ഇനിയ വെളിപ്പെടുത്തി.
‘ഞാൻ ചെന്നൈയിൽ സെറ്റിൽഡ് ആയതുകൊണ്ടായിരിക്കും അവസരങ്ങൾ കുറയുന്നതെന്നാണ് ആദ്യം കരുതിയത്. എന്നെ ഇങ്ങോട്ട് വിളിച്ച് കഥ പറയാനും അതിനുള്ള ചെലവുകളുമൊക്കെ ഉണ്ടാകുമല്ലോ. അതുകൊണ്ടായിരിക്കാം എന്ന് വിചാരിച്ചു. പക്ഷേ, ഇവിടുത്തെ സിനിമാ പൊളിറ്റിക്സും ഒരു കാരണമാണെന്നാണ് ഇപ്പോൾ തോന്നുന്നത്. എല്ലാ ഇൻഡസ്ട്രികളിലും പൊളിറ്റിക്സും കോംപറ്റീഷനുമൊക്കെയുണ്ട്. എന്നാൽ മലയാളത്തിൽ അത് കുറച്ചുകൂടുതലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു മലയാളിയായിട്ടും അങ്ങനെ പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്,’ ഇനിയ പറഞ്ഞു.
ലാൽ ജോസ്, ജീത്തു ജോസഫ് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ തീരുമാനിച്ച ശേഷവും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് താരം പറഞ്ഞു. എന്നാൽ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും ചിലപ്പോൾ ഷെഡ്യൂൾ, ബജറ്റ് തുടങ്ങിയ കാരണങ്ങളാകാമെന്നും നടി വ്യക്തമാക്കി.
‘ലാൽ ജോസ് സാറിന്റെ സിനിമയായാലും ജീത്തു സാറിന്റെ സിനിമയായാലും വലിയ പ്രോജക്ടുകളിൽ അഭിനയിക്കാൻ ഞാൻ കമ്മിറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് എന്നെ മാറ്റിയിട്ടുണ്ട്. അതിന്റെ കാരണം എന്താണെന്ന് പോലും എനിക്കറിയില്ല. ചിലപ്പോൾ ഷെഡ്യൂൾ കാരണമോ ബജറ്റ് കാരണമോ ആയിരിക്കാം,’ നടി പറഞ്ഞു.
തമിഴ് സിനിമയിൽ ഒരു നായികയെ തീരുമാനിച്ചുകഴിഞ്ഞാൽ അവർക്ക് വേണ്ടി ഷെഡ്യൂളിൽ മാറ്റം വരുത്താനും അവർ എത്തുന്നതുവരെ കാത്തിരിക്കാനും തയ്യാറാകാറുണ്ടെന്നും ഇനിയ ചൂണ്ടിക്കാട്ടി. എന്നാൽ മലയാളത്തിൽ പലപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നതെന്നും നടി പറഞ്ഞു.
‘തമിഴിൽ ഒരു നായികയെ ഫിക്സ് ചെയ്താൽ പിന്നെ അവർക്ക് വേണ്ടി ഷെഡ്യൂൾ മാറ്റുകയും അവർ വരുന്നതുവരെ കാത്തിരിക്കുകയും ചെയ്യും. ഇവിടെ അങ്ങനെയല്ല. തിരക്കാണെന്ന് പറഞ്ഞ് മറ്റൊരു നായികയെ തീരുമാനിക്കും. നമ്മൾ ആ സിനിമയിൽ ഇല്ലെന്ന് അവസാന നിമിഷമാണ് അറിയുന്നത്. ചിലപ്പോൾ ആ സിനിമയിൽ നമ്മളില്ലെന്ന വാർത്ത ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങളിൽ വന്നിട്ടായിരിക്കും അറിയുക,’ ഇനിയ പറഞ്ഞു.
Content Highlight: Actress Iniya says she has not received as many opportunities as she deserved in Malayalam cinema