| Friday, 11th March 2022, 9:11 am

ബാലയ്യയുടെ നായികയാവാന്‍ സാധിച്ചത് എന്റെ ഭാഗ്യം: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് ഹണി റോസ്. മണിക്കുട്ടന്‍ നായകനായ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും വി.കെ. പ്രകാശിന്റെ സംവിധാന മികവിലൊരുങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ് ഹണി റോസിനെ ആരാധകര്‍ക്കിടയില്‍ സുപരിചിതയാക്കിയത്.

അടുത്ത കാലത്തായി മലയാളത്തില്‍ പുറത്തിറങ്ങിയ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ചാലക്കുടിക്കാരന്‍ ചങ്ങാതി, റിംഗ് മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് ഹണി റോസ്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമൂരി ബാലയ്യക്കൊപ്പമാണ് ഹണി പുതിയ ചിത്രം ചെയ്യുന്നത്.

ആദ്യം തെലുങ്കില്‍ അഭിനയിച്ച ചിത്രം പുറത്തു വന്നില്ലെന്നും, ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും ഹണി റോസ് പറയുന്നു.

എന്നാലിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലയ്യക്കൊപ്പം പുതിയ ചിത്രം ചെയ്യുകയാണെന്നും ഇത് തന്റെ ഭാഗ്യമാണെന്നും ഹണി റോസ് പറയുന്നു. ഇത്തരമൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഹണി റോസ് കൂട്ടിച്ചേര്‍ക്കുന്നു.

വളരെ കുറച്ച് തെലുങ്ക് ചിത്രങ്ങള്‍ മാത്രമേ താന്‍ കണ്ടിട്ടുള്ളുവെന്നും, ഭാഷയില്‍ പുതിയതായതിനാല്‍ ഒരു ഇന്‍സ്ട്രക്ടറുടെ കീഴില്‍ തെലുങ്ക് പഠിക്കുന്നുണ്ടെന്നും ഹണി റോസ് പറയുന്നു.

ചിത്രത്തില്‍ ബാലയ്യയുടെ നായികയായാണ് ഹണി റോസ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിന് പുറമെ ജയ് നായകനാവുന്ന തമിഴ് ചിത്രം പട്ടാംപൂച്ചി, വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ എന്നിവയാണ് ഹണി റോസിന്റെതായി ഇനി പുറത്തു വരാനുള്ള സിനിമകള്‍.

Content Highlight: Actress Honey Rose about her upcoming Telugu Film with Nandamuri Balayya

Latest Stories

We use cookies to give you the best possible experience. Learn more