അനൗൺസ്‌മെന്റ് മുതൽ തന്നെ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാച്ച്‌ലർ പാർട്ടി ഡ്യൂ. അമൽ നീരദിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ബാച്ച്‌ലർ പാർട്ടിയുടെ സ്പിരിച്ച്വൽ സീക്വലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ ക്യാരക്ടർ പോസ്റ്ററുകളും വലിയ ഹൈപ്പായിരുന്നു സൃഷ്ടിച്ചിരുന്നത്.
ചിത്രത്തിലെ താരനിര തന്നെയായിരുന്നു ഇതിലെ പ്രധാനകാരണം. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, നസ്‌ലെൻ, ചന്തു സലീം കുമാർ, ലാൽ, ഹൻസിക, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്.
ബാച്ച്‌ലർ പാർട്ടി ഡ്യൂ,ഹൻസിക.Photo. Screen Grab/ Youtube. IMDb
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ വിമർശനങ്ങളും പരിഹാസങ്ങളും തന്നെ ബാധിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി ഹൻസിക കൃഷ്ണ. ചെറുപ്പം മുതൽ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും അതൊന്നും തന്റെ മുന്നോട്ടുള്ള യാത്രയെ ബാധിച്ചിട്ടില്ലെന്നും കെ-പോപ്പ് ഡാൻസ് വീഡിയോകൾ പങ്കുവെച്ചപ്പോൾ ഡാൻസ് അറിയില്ലെന്ന തരത്തിൽ സൈബർ ബുള്ളിയിങ് നേരിടേണ്ടിവന്നിരുന്നെന്നും താരം പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഹൻസികയുടെ പ്രതികരണം.
‘ഞാൻ 14 വയസ് മുതൽ സോഷ്യൽ മീഡിയയിൽ നെഗറ്റിവിറ്റി കാണുന്നുണ്ട്. ചെറുപ്പത്തിൽ അതൊക്കെ എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. കെ-പോപ്പ് ഡാൻസ് വീഡിയോകൾ ഇടുമ്പോൾ അതിന്റെ താഴെ ഈ കുട്ടിക്ക് ഡാൻസ് കളിക്കാൻ അറിയില്ല എന്നൊക്കെ പറഞ്ഞ് കുറെ നെഗറ്റീവ് കമന്റുകൾ വരുമായിരുന്നു. അതായിരുന്നു പ്രധാനമായും നേരിട്ട സൈബർ ബുള്ളിങ്. കുഞ്ഞിലേ ഇതൊക്കെ കണ്ട് വിഷമിച്ചിട്ടുണ്ട്’, ഹൻസിക പറഞ്ഞു.
എന്നാൽ അത്തരം കമന്റുകൾ കാരണം ഡാൻസ് ഉപേക്ഷിക്കാൻ താൻ തയ്യാറായിരുന്നില്ലെന്നും ഡാൻസ് തുടരുമെന്ന് സ്വയം വാക്കുനൽകിയിരുന്നുവെന്നും താരം പറഞ്ഞു. പിന്നീട് തന്റെ ഡാൻസ് അമൽ നീരദ് കാണുകയും അതുവഴിയാണ് സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും താരം പറഞ്ഞു.
‘പിന്നീട് ഞാൻ എനിക്ക് തന്നെ ഒരു പ്രോമിസ് കൊടുത്തിരുന്നു, ഐ നെവർ ഗിവ് അപ്പ്. ഞാൻ ഡാൻസ് കളിച്ചുകൊണ്ടേയിരുന്നു. പിന്നെ എന്റെ ഡാൻസ് അമൽ നീരദ് സാർ കണ്ടു, ഞാൻ സിനിമയിലെത്തി. ഇവരൊക്കെ പറയുന്നത് കേട്ട് ഞാൻ ഡാൻസ് നിർത്തിയിരുന്നെങ്കിൽ ഇപ്പോൾ അവിടെ ഇരുന്ന് കരയേണ്ട അവസ്ഥയായേനെ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഹേറ്റ് എനിക്ക് ഒരു മോട്ടിവേഷൻ ആയി’, ഹൻസിക പറഞ്ഞു.
ഇപ്പോൾ നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ അതിന് പ്രാധാന്യം നൽകാറില്ലെന്നും ഹൻസിക വ്യക്തമാക്കി. പോസിറ്റീവായ കാര്യങ്ങളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
‘ഇപ്പോൾ എനിക്ക് ഹേറ്റ് ഒക്കെ കാണുമ്പോൾ ആളുകൾ പറയും അവർ പറയട്ടെ എന്നാണ് തോന്നാറുള്ളത്. പക്ഷേ പോസിറ്റീവായ കാര്യങ്ങളുണ്ട്. അതാണ് ഞാൻ നോക്കുന്നത്. ആ രീതിയിലാണ് മുന്നോട്ടുപോകുന്നത്’, ഹൻസിക പറഞ്ഞു.
ഹൻസിക,ബാച്ച്‌ലർ പാർട്ടി ഡ്യൂ. Photo. Screen Grab/ Youtube. IMDb
വീട്ടിൽനിന്ന് ലഭിക്കുന്ന പിന്തുണയെക്കുറിച്ചും സഹോദരിമാരുമായുള്ള ബന്ധത്തെക്കുറിച്ചും ഹൻസിക സംസാരിച്ചു.
‘വീട്ടിൽനിന്ന് പാംപറിങ് കിട്ടാറുണ്ട്. പക്ഷേ അതിനേക്കാൾ കൂടുതൽ വഴക്കും കിട്ടും. വീട്ടിലെ ഇളയ ആളായതുകൊണ്ടുള്ള ഒരു പ്രത്യേകതയുമുണ്ട്. എന്നാൽ ഞങ്ങൾ എല്ലാവരും ഒരുപോലെയാണ്. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും ഉണ്ടായാൽ എല്ലാവരും അതിനെ ഒരേ രീതിയിലാണ് കാണുന്നത്. ഞാൻ ഇളയതായതുകൊണ്ട് എനിക്ക് മാത്രം പ്രത്യേക പരിഗണനയോ വ്യത്യസ്തമായ അനുഭവമോ ഒന്നുമില്ല. ചിലപ്പോൾ ഞാനും സിസ്റ്റേഴ്സിന് ഉപദേശം കൊടുക്കും. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഉപദേശങ്ങൾ നൽകാറുണ്ട്’, ഹൻസിക വ്യക്തമാക്കി.
Content Highlight: Actress Hansika Krishna says that the criticisms and mockery on social media have affected her.