| Sunday, 22nd November 2026, 9:00 pm

‘പ്രേമലു’ കണ്ടു ചിരിച്ച് ആസ്വദിച്ച അതേ നസ്‌ലിനൊപ്പം അഭിനയിക്കാനായത് സന്തോഷം; ആദ്യ ദിവസം ഞാൻ ഉറങ്ങിയിരുന്നില്ല’; ഹൻസിക കൃഷ്ണ

അജ്മല്‍ കെ

അനൗൺസ്‌മെന്റ് മുതൽ തന്നെ വലിയ പ്രതീക്ഷകളോടെ പ്രേക്ഷകർ ഒന്നടകം കാത്തിരുന്നിരുന്ന ചിത്രമായിരുന്നു ബാച്ച്‌ലർ പാർട്ടി ഡ്യൂ. അമൽ നീരദിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ബാച്ച്‌ലർ പാർട്ടിയുടെ സ്പിരിച്ച്വൽ സീക്വലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും വലിയ ഹൈപ്പായിരുന്നു സൃഷ്ടിച്ചിരുന്നത്.

ചിത്രത്തിലെ താരനിര തന്നെയായിരുന്നു ഇതിലെ പ്രധാനകാരണം. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, നസ്‌ലെൻ, ചന്തു സലീം കുമാർ, ലാൽ, ഹൻസിക,തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്. എന്നാൽ റിലീസിന് ശേഷം സമ്മിശ്ര പ്രതികരണം മാത്രമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

ഹൻസിക കൃഷ്ണ. Photo. Screen Grab/ Youtube

ഇപ്പോഴിതാ ‘ബാച്ച്‌ലർ പാർട്ടി ഡ്യൂ’ നസ്‌ലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ സന്തോഷമായിരുന്നെന്ന് പറയുകയാണ് നടി ഹൻസിക കൃഷ്ണ. കോളേജ് സുഹൃത്തുക്കൾക്കൊപ്പം തിയേറ്ററിൽ പോയി ചിരിച്ച് ആസ്വദിച്ച സിനിമയാണ് ‘പ്രേമലു’ എന്നും അതിലെ നസ്‌ലിന്റെ വലിയ ആരാധികയാണ് താനെന്നും ഹൻസിക പറയുന്നു. ആദ്യമായി നസ്‌ലിനെ നേരിൽ കണ്ടപ്പോഴുള്ള സന്തോഷവും സിനിമയുടെ ആദ്യ ഷൂട്ടിങ് ദിനത്തിലെ ആവേശവും താരം ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.

‘നസ്‌ലിന്റെ കൂടെ എനിക്ക് നല്ല എക്സ്പീരിയൻസ് ആയിരുന്നു. കോളേജിൽ വന്നശേഷം ഫ്രണ്ട്സിന്റെ കൂടെ ആദ്യം കാണാൻ പോയ സിനിമയാണ് പ്രേമലു. ഞങ്ങൾ എല്ലാവരും ഒരുപാട് എൻജോയ് ചെയ്ത സിനിമയായിരുന്നു അത്. ഓരോ സീനും ചിരിച്ചുചിരിച്ച് ആസ്വദിച്ചാണ് കണ്ടത്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു ആക്ടർ തന്നെയാണ് നസ്‌ലൻ,’ ഹൻസിക പറഞ്ഞു.

ബാച്ച്‌ലർ പാർട്ടി ഡ്യൂവിന്റെ ആദ്യ ദിവസം തന്നെ നസ്‌ലിനൊപ്പമായിരുന്നു ആദ്യ സീനെന്നും അതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത നടനെ ആദ്യമായി സെറ്റിൽ കണ്ടപ്പോഴുള്ള അനുഭവവും താരം പങ്കുവെച്ചു.

‘ഫസ്റ്റ് ഡേ, എന്റെ ആദ്യ സീൻ അന്ന് തന്നെ നസ്‌ലിനെയാണ് കാണുന്നത്. മുന്നേ കണ്ടിട്ടൊന്നുമില്ല. ഫസ്റ്റ് ടൈം കണ്ടപ്പോൾ തന്നെ ഷേക്ക് ഹാൻഡ് ഒക്കെ തന്നു. ഭയങ്കര ഹാപ്പിയായിരുന്നു. നല്ല ഒരാളാണ്, പാവമാണ് നസ്‌ലൻ. വളരെ വെൽ അപ് ആണ്. മോണിറ്ററിൽ സീനുകളൊക്കെ അന്ന് കണ്ടിട്ടുണ്ടായിരുന്നു. അതൊക്കെ സ്ക്രീനിൽ കണ്ടിട്ട് നേരിട്ട് കാണാൻ പറ്റിയതിൽ ഞാൻ വളരെ ഹാപ്പിയായിരുന്നു,’ നടി പറഞ്ഞു.

ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന്റെ ചെറിയ പേടിയും അതിലേറെ ആകാംക്ഷയും തനിക്ക് ഉണ്ടായിരുന്നെന്നും ആദ്യ ഷൂട്ടിങ് ദിവസം ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു.

‘ആദ്യമായി അഭിനയിക്കുമ്പോൾ ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു. പേടിയെക്കാളും എങ്ങനെയായിരിക്കും എന്നൊരു ക്യൂരിയോസിറ്റി ഭയങ്കരമായിട്ട് ഉണ്ടായിരുന്നു. ഫസ്റ്റ് ഡേ ഷൂട്ടിന്റെ അന്ന് ഞാൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. എന്റെ മനസിൽ നാളെ ഫസ്റ്റ് ഫിലിമിന്റെ ഫസ്റ്റ് ഡേ ഷൂട്ടാണ്, ഒന്നും ചളമാക്കരുതേ എന്നായിരുന്നു,’ ഹൻസിക പറഞ്ഞു.

ഷൂട്ടിങ് സെറ്റിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിലും സൗഹൃദപരമായിരുന്നുവെന്നും അതോടെ ടെൻഷൻ മാറി ആവേശമായി മാറിയെന്നും ഹൻസിക പറഞ്ഞു.

ബാച്ച്‌ലർ പാർട്ടി ഡ്യൂ. Photo. IMDb

‘എന്നോട് എല്ലാവരും പേടിയായിരുന്നോ എന്ന് ചോദിച്ചു. എനിക്ക് പേടിയല്ല, ഫോർ സം റീസൺ ഞാൻ ആക്ച്വലി എക്സൈറ്റഡ് ആയിരുന്നു. സീൻ തെറ്റിയാൽ റീടേക്ക് വരുമോ എന്നൊരു സ്ട്രെസ് ഉണ്ടായിരുന്നു. പക്ഷേ അത് പെട്ടെന്ന് മാറി. ഒരു ഡയലോഗ് തെറ്റിയാൽ അയ്യോ എന്താണ് തെറ്റിച്ചത് എന്നൊന്നും ആരും ചോദിക്കില്ല. ഇറ്റ്സ് ഓക്കെ, ഇറ്റ്സ് ഓക്കെ, ലെറ്റ്സ് സ്റ്റാർട്ട് എന്നൊരു വൈബായിരുന്നു അവിടെയൊക്കെ,’ താരം വ്യക്തമാക്കി.

Content Highlight: Actress Hansika Krishna says that getting to act alongside Naslen in ‘Bachelor Party Due’ was a great joy.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more