നിലവിൽ മോളിവുഡിലെ വെയിറ്റിങ് ലിസ്റ്റിലുള്ള ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്ലർ പാർട്ടി ഡ്യൂ. അനൗൺസ്മെന്റ് മുതൽ തന്നെ വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. അമൽ നീരദിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ബാച്ച്ലർ പാർട്ടിയുടെ സ്പിരിച്ച്വൽ സീക്വലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ ക്യാരക്ടർ പോസ്റ്ററുകളും വലിയ ഹൈപ്പായിരുന്നു സൃഷ്ടിച്ചിരുന്നത്.
ചിത്രത്തിലെ താരനിര തന്നെയായിരുന്നു ഇതിലെ പ്രധാനകാരണം. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, നസ്ലെൻ, ചന്തു സലീം കുമാർ, ലാൽ, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്. നവംബർ 19ന് തിയേറ്ററുകളിലെത്തും.
ബാച്ച്ലർ പാർട്ടി ഡ്യൂ. Photo. IMDb
ഇപ്പോഴിതാ അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബാച്ചിലർ പാർട്ടി ഡ്യൂ’വിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് നടി ഹൻസിക കൃഷ്ണ. ബാലതാരമായി നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും വളർന്നതിനുശേഷമുള്ള തന്റെ ആദ്യ ചിത്രമാണിതെന്ന് ഹൻസിക പറഞ്ഞു. ചിത്രത്തിൽ നസ്ലെന്റെ നായികയായാണ് ഹൻസിക എത്തുന്നത്. സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചതിനൊപ്പം ഈ അവസരം നൽകിയ അമൽ നീരദിനോടും ജ്യോതിർമയിയോടും താരം നന്ദി അറിയിക്കുകയും ചെയ്തു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള ഇവെന്റിലായിരുന്നു ഹൻസികയുടെ പ്രതികരണം.
‘ഞാൻ ഇതിന് മുമ്പ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ, വളർന്നതിനുശേഷം ‘ബാച്ചിലർ പാർട്ടി ഡ്യൂ’ ആണ് എന്റെ ഡെബ്യൂ. ഇതൊരു അമൽ നീരദ് ചിത്രമാണ്. അതുകൊണ്ടുതന്നെ എനിക്ക് ഭയങ്കര സന്തോഷവും ആവേശവുമുണ്ട്. ഈ സിനിമയിൽ നസ്ലെന്റെ പെയറായിട്ടാണ് അഭിനയിക്കുന്നത്. ഈ റോളിലേക്ക് എന്നെ തെരഞ്ഞെടുത്തതിന് അമൽ നീരദ് സാറിനോടും ജ്യോതിർമയി മാമിനോടും പ്രത്യേകം നന്ദി പറയുകയാണ്,’ ഹൻസിക പറഞ്ഞു.
അഞ്ചുമാസം മുമ്പാണ് ഹൻസിക ഗ്രാജുവേഷൻ പൂർത്തിയാക്കിയത്. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയതിനുശേഷം ഒരു കോളേജ് പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതും സന്തോഷം നൽകിയ അനുഭവമാണെന്ന് താരം പറഞ്ഞു. നവംബർ 19നാണ് ‘ബാച്ചിലർ പാർട്ടി ഡ്യൂ’ തിയേറ്ററുകളിലെത്തുന്നത്. സിനിമ കാണാനും പിന്തുണയ്ക്കാനും പ്രേക്ഷകരോട് ഹൻസിക അഭ്യർഥിച്ചു.
‘നവംബർ 19ന് സിനിമ റിലീസ് ചെയ്യുകയാണ്. നിങ്ങൾ എല്ലാവരും കാണണം. ക്ലാസ് കട്ട് ചെയ്യണമെന്നൊന്നും ഞാൻ പറയില്ല. പക്ഷേ, എല്ലാവരും പോയി സിനിമ കാണണം, സപ്പോർട്ട് ചെയ്യണം. നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കണം,’ ഹൻസിക കൂട്ടിച്ചേർത്തു.
സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും താരം പങ്കുവെച്ചു. സെറ്റിൽ എല്ലാവരും നല്ല വൈബിലായിരുന്നുവെന്നും പ്രായവ്യത്യാസം ഒരു ഘട്ടത്തിലും തനിക്ക് അനുഭവപ്പെട്ടില്ലെന്നും ഹൻസിക പറഞ്ഞു.
ബാച്ച്ലർ പാർട്ടി ഡ്യൂ. Photo. Screen Grab/ Youtube
‘സിനിമയിൽ അഭിനയിച്ചപ്പോൾ നല്ലൊരു അനുഭവമായിരുന്നു. എല്ലാവരും നല്ല വൈബാണ്. എനിക്ക് അങ്ങനെ പ്രായവ്യത്യാസമൊന്നും ഫീൽ ചെയ്തിരുന്നില്ല,’ ഹൻസിക പറഞ്ഞു.
Content Highlight: Actress Hansika Krishna revealed that she is paired with Naslen in the film ‘Bachelor Party Deux’