| Wednesday, 9th July 2025, 6:39 am

കുമ്പളങ്ങിയുടെ 100ാം ദിവസം എത്ര ഹാപ്പി ആയിരുന്നോ, അതേ ഇമോഷനിലാണ് ഞാനിപ്പോള്‍: ഗ്രേസ് ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ഗ്രേസ് ആന്റണി. ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് ഗ്രേസിന്. പേരന്‍പ് സിനിമയുടെ സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്.

ശിവ നായകനാകുന്ന പറന്ത് പോ എന്ന സിനിമയാണ് ഗ്രേസിന്റെ ആദ്യ തമിഴ് സിനിമ. നിവിന്‍ പോളി ആയിരുന്നു നടിയെ ഈ വേഷത്തിനായി റെക്കമെന്റ് ചെയ്തത്. ഇപ്പോള്‍ ചെന്നൈയില്‍ വെച്ച് നടന്ന പറന്ത് പോ സിനിമയുടെ പ്രസ്മീറ്റില്‍ സംസാരിക്കുകയാണ് ഗ്രേസ്.

‘ഇവിടെ നില്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. ആദ്യം എനിക്ക് റാം സാറിനോടാണ് നന്ദി പറയാനുള്ളത്. സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായി തുടങ്ങിയ സമയത്ത് എത്രത്തോളം എന്നെ കൊണ്ട് ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല.

അന്ന് ഞാന്‍ അമ്മയോട് ‘എനിക്ക് സിനിമയില്‍ അഭിനയിക്കണം. ഞാന്‍ എന്ത് ചെയ്യണം’ എന്ന് ചോദിച്ചു. അമ്മയുടെ മറുപടി ‘അത് നമ്മുടെ ഏരിയയല്ല. നീ പോയി നന്നായി പഠിക്കൂ. പഠിച്ചിട്ട് ജോലിക്ക് പോകൂ’വെന്നായിരുന്നു.

‘എനിക്ക് ആര്‍ട്ട് ഒരുപാട് ഇഷ്ടമാണ്, ഡാന്‍സും ഒരുപാട് ഇഷ്ടമാണ്. ഞാന്‍ ഒരു ഡാന്‍സ് ടീച്ചറാകും’ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ ഡാന്‍സിന് ജോയിന്‍ ചെയ്തു. പിന്നീട് എനിക്കൊരു കാര്യം മനസിലായി, പഠിത്തത്തിനേക്കാള്‍ ഇത് വളരെ ഇന്‍ട്രസ്റ്റിങ്ങായിട്ടുണ്ട്.

ഭാവിയില്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ഞാന്‍ ഈ ഏരിയയില്‍ തന്നെയാകും ചെയ്യുന്നതെന്ന് തീരുമാനിച്ചു. അത്ര ചെറുപ്പത്തിലേ തന്നെ ഞാന്‍ അഭിനയിക്കണമെന്ന് തീരുമാനിച്ചതാണ്. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

ഇന്ന് മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കാന്‍ സാധിച്ചു. അതും റാം സാറിന്റെ സിനിമയാണ് എന്റെ ആദ്യ തമിഴ് ചിത്രം. എനിക്ക് ഒരുപാട് നന്ദിയുണ്ട്. അതേസമയം ഞാന്‍ ഇപ്പോള്‍ വളരെ ഇമോഷണലുമാണ്.

ഞാന്‍ ഇപ്പോള്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു. അമ്മ ഇവിടെയില്ല, വീട്ടിലാണ്. നിവിന്‍ ചേട്ടനോടും എനിക്ക് ഈ അവസരത്തില്‍ നന്ദി പറയണം. നിവിന്‍ ചേട്ടനാണ് എനിക്ക് ആദ്യം കോള് ചെയ്യുന്നതും ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നതും.

എനിക്ക് ഇപ്പോള്‍ എന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഒരുപാട് സന്തോഷം തോന്നുന്നു. കുമ്പളങ്ങി നൈറ്റ്‌സ് സിനിമയുടെ നൂറാം ദിവസത്തെ സെലിബ്രേഷനില്‍ ഞാന്‍ എത്രത്തോളം ഹാപ്പി ആയിരുന്നോ, അതേ ഇമോഷനിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്.

തമിഴില്‍ ഒരു പുതുമുഖ നടിയാണ് ഞാനെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ തരുന്ന സ്‌നേഹത്തിനൊക്കെ ഒരുപാട് നന്ദിയുണ്ട്. ശിവ സാറിനോടും നന്ദിയുണ്ട്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഒരു സുഹൃത്തിനെ പോലെയാണ് തോന്നിയത്,’ ഗ്രേസ് ആന്റണി പറയുന്നു.

Content Highlight: Actress Grace Antony gets emotional at the press meet of the Tamil movie Paranthu Po

We use cookies to give you the best possible experience. Learn more