96 എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയ നടിയാണ് ഗൗരി ജി. കിഷൻ. ആ സിനിമയിൽ തൃഷയുടെ ചെറുപ്പമായിരുന്നു ഗൗരി അവതരിപ്പിച്ചത്. ചിത്രത്തിലെ ഗൗരിയുടെ അഭിനയത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. 2021ൽ സണ്ണി വെയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്ക് എത്തുന്നത്. ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ ഗൗരി നായികയായി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ചെന്നൈയിലെ പത്രസമ്മേളനത്തിൽ ഉണ്ടായ വിവാദത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ശരീരത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതികരിച്ചതിന് വലിയ പിന്തുണയാണ് ലഭിച്ചതെന്ന് നടി പറഞ്ഞു.
ഗൗരി ജി. കിഷൻ.Photo. Screen Grab/ Youtube
തന്റെ സിനിമകൾ കാണാത്തവർ പോലും പിന്തുണയുമായി എത്തിയെന്നും എന്നാൽ പ്രതികരണം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ആരോപിച്ചവരുമുണ്ടെന്നും ഗൗരി പറയുന്നു. സി.ജെ.പി. സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചപ്പോഴും പണം വാങ്ങിയുള്ള പ്രചാരണമാണോ എന്ന തരത്തിലുള്ള കമന്റുകൾ നേരിടേണ്ടിവന്നതായി താരം വ്യക്തമാക്കി.
‘ചെന്നൈയിലെ പത്രസമ്മേളനത്തിനുശേഷം എല്ലാവരും നല്ല രീതിയിലാണ് പ്രതികരിച്ചത്. ജനങ്ങൾ എനിക്കൊപ്പം നിൽക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ വിമർശനങ്ങളുമുണ്ടായി. ഇതെല്ലാം വെറും പി.ആർ ആണെന്നും പബ്ലിസിറ്റിക്കുവേണ്ടി ചെയ്തതാണെന്നുമൊക്കെ ചിലർ പറഞ്ഞു. എന്നാൽ ഭൂരിഭാഗം ആളുകളും എന്റെ നിലപാടാണ് ശരിയെന്ന് വിശ്വസിച്ചു. ഈ നൂറ്റാണ്ടിൽ നടക്കാൻ പാടില്ലാത്ത പരാമർശങ്ങളായിരുന്നു അന്ന് അവിടെ ഉണ്ടായത്. എന്റെ സിനിമകൾ കാണാത്തവർ വരെ പത്രസമ്മേളനം കണ്ട് എന്നോട് സംസാരിക്കാൻ വന്നിട്ടുണ്ട്.
ശരീരത്തെ മുൻനിർത്തിയുള്ള ചോദ്യങ്ങൾ നമ്മുടെ സമൂഹത്തിൽ സ്ത്രീകളും പുരുഷന്മാരും നേരിടുന്ന പ്രശ്നമാണ്. അന്ന് എനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി പറയുന്നു. മാധ്യമപ്രവർത്തനവും സിനിമാമേഖലയും പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുന്ന ഒരു സംസ്കാരം ഇവിടെ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം,’ നടി പറഞ്ഞു.
സി.ജെ.പി. സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചതിനു പിന്നാലെ നേരിടേണ്ടിവന്ന വിമർശനങ്ങളെക്കുറിച്ചും ഗൗരി സംസാരിച്ചു. തന്റെ പ്രതികരണത്തിന് പിന്നിൽ പണത്തിന്റെ ഇടപാടുണ്ടെന്ന തരത്തിലുള്ള കമന്റുകൾ വന്നതായും ചിലർ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തുപോയതായും താരം പറയുന്നു. എന്നാൽ അത്തരം പ്രതികരണങ്ങളിൽ തനിക്ക് പ്രശ്നമില്ലെന്നും തന്റെ നിലപാട് എന്താണെന്ന് ആളുകൾക്ക് മനസിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗൗരി വ്യക്തമാക്കി.
‘ആ വിഷയത്തിൽ പ്രതികരിച്ചപ്പോൾ വന്ന കമന്റുകൾ കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട്. അക്കൗണ്ടിൽ എത്ര പണം കിട്ടി, പെയ്ഡ് പ്രമോഷനാണോ എന്നൊക്കെയാണ് ചിലർ ചോദിച്ചത്. അൺഫോളോ ചെയ്ത് പോയവരുമുണ്ട്. അതിൽ എനിക്ക് പ്രശ്നമില്ല. ഇതാണ് ഞാൻ എന്ന് അവർക്കെല്ലാം ബോധ്യപ്പെടുത്താൻ കഴിഞ്ഞു,’ ഗൗരി പറഞ്ഞു.
എന്നാൽ താൻ പ്രതികരിക്കുന്നത് തനിക്ക് സംസാരിക്കണം എന്ന് തോന്നുന്ന കാര്യങ്ങൾക്ക് മാത്രമാണെന്നും എല്ലാം കേട്ട് ഒന്നും മിണ്ടാതിരിക്കുന്നത് തന്റെ നിലപാടെല്ലെന്നും താരം പറഞ്ഞു.
ഗൗരി ജി. കിഷൻ.Photo. Screen Grab/ Youtube
‘ഫോട്ടോഷൂട്ടുകൾ മാത്രം കാണിക്കാനുള്ളതല്ല നമ്മുടെ സോഷ്യൽ മീഡിയ. ആളുകൾ പറയേണ്ടത് പറയും. അതുകരുതി നമ്മൾ വായും പൂട്ടിയിരിക്കരുത് എന്നാണ് എന്റെ നിലപാട്. സിനിമാമേഖലയിൽനിന്നുപോലും ചിലർ ചോദിച്ചിട്ടുണ്ട്, എന്തിനാണ് വെറുതെ പ്രതികരിച്ച് ആളുകൾക്ക് ഇഷ്ടക്കേടുണ്ടാക്കുന്നതെന്ന്. ചിലർ നമ്മളെ ലെഫ്റ്റ്, റൈറ്റ് എന്നിങ്ങനെ രാഷ്ട്രീയ കള്ളികളിൽ ഉൾപ്പെടുത്താനും ശ്രമിക്കും. എന്നാൽ മനുഷ്യപക്ഷത്തുനിന്ന് നോക്കുമ്പോൾ പ്രതികരിക്കണമെന്ന് തോന്നിയ ഒരു സാഹചര്യമായതുകൊണ്ടാണ് ഞാൻ ആ വിഷയത്തിൽ സംസാരിച്ചത്,’ ഗൗരി വ്യക്തമാക്കി.
Content Highlight: actress Gouri G. Kishan is speaking about the controversy that arose during a press conference in Chennai.