| Tuesday, 12th May 2026, 7:28 am

പുറത്തിറങ്ങുമ്പോൾ കുറച്ച് മെനയുള്ളതെന്തെങ്കിലും ഇടാൻ അമ്മ പറയും; മീഷോയിലെ സാധാരണ ഉടുപ്പുകളാണ് ഇഷ്ടം: എസ്തർ അനിൽ

നന്ദന എം.സി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലെത്തി പിന്നീട് യുവ നായികയായി ശ്രദ്ധ നേടിയ താരം, ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക മനസുകളിൽ ഇടം നേടിയെടുത്തത്.

അജി ജോൺ സംവിധാനം ചെയ്ത നല്ലവൻ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ഇപ്പോഴിതാ വിലകൂടിയ ബ്രാൻഡഡ് വസ്ത്രങ്ങളോട് തനിക്ക് പ്രത്യേക താൽപര്യമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് എസ്തർ.

എസ്തർ അനിൽ, Photo: Esther Anil/ Facebook

‘മീഷോയിൽ നിന്നു വാങ്ങിയ സാധാരണ ഉടുപ്പുകളാണ് കൂടുതലും എന്റെ വാഡ്രോബിലുള്ളത്. വിയർത്താലും ചെളിപിടിച്ചാലും കുഴപ്പമില്ലാത്ത കംഫർട്ടബിൾ വസ്ത്രങ്ങളാണ് ഇപ്പോഴത്തെ ഇഷ്ടം.

പുറത്തേക്കിറങ്ങുമ്പോൾ കുറച്ച് മെനയുള്ളതെന്തെങ്കിലും ധരിക്കണമെന്ന് അമ്മ പറയാറുണ്ട്. പക്ഷേ ഇപ്പോഴത്തെ മൂഡ് ഇതാണ്,’ എസ്തർ പറഞ്ഞു.

ലണ്ടനിൽ പഠിക്കുമ്പോൾ സഹപാഠികൾ എല്ലാം ദിവസവും സ്റ്റൈലിഷായി ഒരുങ്ങി എത്താറുണ്ടായിരുന്നുവെന്നും അത് കണ്ടപ്പോൾ തനിക്കും ഡ്രസ് അപ് ചെയ്യാനുള്ള പ്രചോദനം ലഭിച്ചിരുന്നുവെന്നും എസ്തർ പറഞ്ഞു.

‘മേക്കപ്പും ബൂട്ട്സും ഒക്കെയിട്ട് അവർ മോഡൽസാണെന്നു തോന്നിപ്പോകും. അവരെ കണ്ടു കുറച്ചു സാധനങ്ങൾ വാങ്ങിയിരുന്നു. പക്ഷേ പഠനം കഴിഞ്ഞ് നാട്ടിലെത്തിയതോടെ അതെല്ലാം അലമാരയിൽ തന്നെയുണ്ട്,’ എന്നും താരം കൂട്ടിച്ചേർത്തു

എസ്തർ അനിൽ കുടുംബത്തോടൊപ്പം, Photo: Esther Anil/ Facebook

തന്റെ ആദ്യ ഷൂട്ടിങ് അനുഭവവും എസ്തർ അഭിമുഖത്തിൽ പങ്കുവെച്ചു. ഏഴ് വയസുള്ളപ്പോൾ വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബസിൽ യാത്ര ചെയ്തതായിരുന്നു ആദ്യ ഷൂട്ടിങ് ഓർമയെന്ന് താരം പറയുന്നു.

‘രണ്ടുദിവസം സ്‌കൂളിൽ പോകണ്ടെന്ന സന്തോഷവും വഴിനീളെ ഛർദ്ദിക്കുന്നതിന്റെ ബുദ്ധിമുട്ടും ഒരുമിച്ചായിരുന്നു ആ യാത്ര. ഫാമിലി പ്ലാസ്റ്റിക്സ് എന്ന ബ്രാൻഡിന്റെ പരസ്യത്തിലായിരുന്നു ആദ്യമായി അഭിനയിച്ചത്. അന്ന് ഞങ്ങൾക്ക് കാറൊന്നുമില്ലായിരുന്നു.

ട്രാവൽ സിക്‌നസ് ഉണ്ടായിരുന്നിട്ടും അച്ഛന് മക്കളെ അഭിനേതാക്കളാക്കണമെന്ന വലിയ ആഗ്രഹം ഉണ്ടായിരുന്നു,’ എന്നാണ് എസ്തർ പറഞ്ഞത്.

ദൃശ്യം2, Photo: IMDb

ദൃശ്യം 3 യാണ് താരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ നിരൂപക പ്രശംസയും വൻ ബോക്സ് ഓഫീസ് വിജയവും ഒരുപോലെ നേടിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം ഒരു പാൻ-ഇന്ത്യൻ വിജയകഥയായി മാറി.

ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നു. 2013ൽ പുറത്തിറങ്ങിയ ആദ്യ ഭാഗവും പിന്നീട് എത്തിയ രണ്ടാം ഭാഗവും വൻ വിജയമായതിന് പിന്നാലെ, മൂന്നാം ഭാഗമായ ദൃശ്യം 3 മെയ് 21 മോഹൻലാലിൻറെ ജന്മദിനത്തിൽ തിയേറ്ററുകളിലെത്തും.

Content Highlight: Actress Esther Anil says she is not interested in branded clothes

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more