മലയാള സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ തുടക്കം കുറിച്ച് ഇന്ന് ശ്രദ്ധേയ നടിമാരിൽ ഒരാളായി മാറിയ താരമാണ് ദിവ്യ പ്രഭ. അഭിനയ മികവുകൊണ്ട് മലയാളത്തിന് പുറമെ രാജ്യാന്തര സിനിമാ വേദികളിലും തന്റെ സാന്നിധ്യം അറിയിക്കാൻ ദിവ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ടേക്ക് ഓഫ്, കമ്മാര സംഭവം, തമാശ, മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം, അറിയിപ്പ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് കരിയറിൽ വലിയ വഴിത്തിരിവ് നേടിയത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രം ദിവ്യ പ്രഭയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിലൊന്നായി മാറി.
ദിവ്യ പ്രഭ, Photo: X.com
ഈ ചിത്രത്തിലെ പ്രകടനത്തിന് ലോകപ്രശസ്തമായ ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള നോമിനേഷനും താരത്തിന് ലഭിച്ചിരുന്നു. തുടർന്ന് പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെ രാജ്യാന്തര തലത്തിൽ കൂടുതൽ ശ്രദ്ധ നേടാനും ദിവ്യയ്ക്ക് സാധിച്ചു.
ഇപ്പോഴിതാ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ബാല്യകാലത്തെ ഒരു മുംബൈ യാത്രയുടെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ദിവ്യ പ്രഭ. പലരും കാണാൻ ആഗ്രഹിക്കുന്ന മുംബൈയുടെ തിളക്കമാർന്ന മുഖമല്ല, മറിച്ച് നഗരത്തിന്റെ യാഥാർഥ്യങ്ങളാണ് ആദ്യ സന്ദർശനത്തിൽ താൻ കണ്ടതെന്ന് താരം പറയുന്നു.
ബാല്യകാലത്ത് സംവിധായകൻ പ്രിയനന്ദനുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുക്കാനായി അച്ഛനോടൊപ്പം മുംബൈയിലെത്തിയ അനുഭവമാണ് ദിവ്യ പങ്കുവെച്ചത്. നടൻ മുരളിയെ ആദ്യമായി നേരിൽ കണ്ടതും ആ യാത്രയിലാണെന്ന് താരം ഓർത്തെടുത്തു.
ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, Photo: YouTube/ Screengrab
‘അച്ഛന്റെ സുഹൃത്താണ് സംവിധായകൻ പ്രിയനന്ദൻ. ഞാൻ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയത്താണ് നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ മുരളി സാറിന് പുരസ്‌കാരം ലഭിക്കുന്നത്. ആ ചടങ്ങിന് അച്ഛൻ എന്നെയും കൂട്ടിക്കൊണ്ടുപോയിരുന്നു. സിനിമയിലെ ഒരാളെ ആദ്യമായി നേരിൽ കാണുന്നതിന്റെ ആവേശമായിരുന്നു അന്ന് എനിക്ക്,’ ദിവ്യ പറഞ്ഞു.
മുംബൈയിൽ എത്തിയപ്പോൾ മറ്റ് പലരും നഗരത്തിലെ പ്രശസ്ത സ്ഥലങ്ങൾ സന്ദർശിക്കാൻ പോയെങ്കിലും, അച്ഛൻ തന്നെ കൊണ്ടുപോയത് മറ്റൊരിടങ്ങളിലേക്കായിരുന്നുവെന്നും താരം പറഞ്ഞു.
‘മുംബൈയിൽ എല്ലാവരും ചുറ്റിക്കറങ്ങാൻ പോയപ്പോഴേക്കും അച്ഛൻ എന്നോട് പറഞ്ഞു, ‘നമുക്ക് മറ്റു ചില സ്ഥലങ്ങൾ കാണാൻ പോകാം’ എന്ന്. അന്ന് ഞാൻ കണ്ടത് ലോക്കൽ ട്രെയിനിലെ ശ്വാസംമുട്ടിക്കുന്ന യാത്രകളും കാമാത്തിപുരയിലെ മനുഷ്യരും ജുഹു ബീച്ചിന്റെ ഏറ്റവും വൃത്തികെട്ട വശങ്ങളുമൊക്കെയായിരുന്നു. ഇത്ര വൃത്തികെട്ട സ്ഥലമാണോ പേരുകേട്ട മുംബൈ എന്ന് അന്ന് തോന്നിപ്പോയിരുന്നു,’ ദിവ്യ വ്യക്തമാക്കി.
ദിവ്യ പ്രഭ, Photo: X.com
എന്നാൽ ഇന്ന് ആ അനുഭവത്തെ മറ്റൊരു രീതിയിലാണ് കാണുന്നതെന്നും താരം പറയുന്നു. ‘ഇന്നാലോചിക്കുമ്പോൾ അച്ഛൻ മനപൂർവം അങ്ങനെ ചെയ്തതാണെന്ന് തോന്നാറുണ്ട്. ജീവിതത്തിന്റെ യാഥാർഥ്യങ്ങളും സമൂഹത്തിന്റെ മറുവശവും അറിയട്ടെ എന്ന് കരുതിയാകാം അദ്ദേഹം എന്നെ അവിടങ്ങളിലേക്ക് കൊണ്ടുപോയത്,’ എന്നാണ് ദിവ്യ പ്രഭയുടെ വാക്കുകൾ.
മുംബൈയുടെ തിളക്കമാർന്ന കാഴ്ചകൾക്കപ്പുറം നഗരത്തിന്റെ യഥാർഥ മുഖം ബാല്യത്തിലേ കാണാൻ കഴിഞ്ഞ അനുഭവമാണ് തന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചതെന്നും അഭിമുഖത്തിൽ താരം സൂചിപ്പിച്ചു.
Content Highlight: Actress Divya Prabha says she felt like Mumbai was such a dirty place.