സിനിമാക്കഥയെ പോലും വെല്ലുന്ന സംഭവങ്ങള്‍ക്കായിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യത്തിലൂടെയും രണ്ടാം ഭാഗം മോഹിനിയാട്ടത്തിലൂടെയും പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. 2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യം തിയേറ്ററുകളില്‍ ദയനീയമായി പരാജയപ്പെട്ടെങ്കിലും ഒ.ടി.ടി റിലീസിലൂടെ ലഭിച്ച പ്രേക്ഷക പിന്തുണ ഇന്ധനമാക്കി കൊണ്ട് സംവിധായകന്‍ രണ്ടാം ഭാഗം ഒരുക്കുകയും 40 കോടിയിലധികം നേടി തിയേറ്ററുകളില്‍ ചിത്രം വിജയമാക്കി മാറ്റുകയും ചെയ്യുകയായിരുന്നു.
അടുത്തിടെ ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത ഡാര്‍ക്ക് കോമഡി ഴോണറിലുള്ള ചിത്രത്തിന് ഹൃദയം നിറഞ്ഞ കൈയടികളാണ് സിനിമാ പ്രേമികളില്‍ നിന്നും ലഭിക്കുന്നത്. ആദ്യഭാഗത്തിലുണ്ടായിരുന്നവര്‍ക്കൊപ്പം ബേബി ജീന്‍, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും കളം പിടിച്ചപ്പോള്‍ 2026ലെ തന്നെ മികച്ച കോമഡി എന്റര്‍ടെയിനറായിരുന്നു മലയാളത്തിന് ലഭിച്ചത്.
ഭരതനാട്യം 2 മോഹിനിയാട്ടം. Photo: IMDB
ഭരതനാട്യം 2 മോഹിനിയാട്ടവുമായി ബന്ധപ്പെട്ട് തിയേറ്റര്‍ വിസിറ്റിനായി പോയപ്പോള്‍ പ്രേക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണത്തെ കുറിച്ച് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയ ദിവ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലൈഫ് നെറ്റ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
കേരളത്തില്‍ പല ഭാഗങ്ങളിലുമായി മോഹിനിയാട്ടത്തിന്റെ ടീം തിയേറ്റര്‍ വിസിറ്റിനായി പോയിരുന്നുവെന്നും ചിത്രത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ താനും നന്തു പൊതുവാളും ചിത്രത്തിന് ഒരു മൂന്നാം ഭാഗം വേണ്ടേ എന്ന് ആളുകളോട് ചോദിക്കുമെന്നും താരം പറയുന്നു. ഈ ചോദ്യങ്ങള്‍ക്കെല്ലാം വേണമെന്നാണ് ആളുകള്‍ മറുപടി തരാറുള്ളതെന്നും പലയിടത്ത് നിന്നും ആളുകള്‍ ഇങ്ങോട്ട് മൂന്നാം ഭാഗം ഉണ്ടാവില്ലേ എന്ന് ചോദിക്കാന്‍ തുടങ്ങിയെന്നും താരം പറയുന്നു. ഇതെല്ലാം കേട്ട് താന്‍ സൈജുവിനോട് ചിത്രത്തിന് മൂന്നാം ഭാഗം ഉണ്ടാവില്ലേ എന്ന് ചോദിച്ചപ്പോള്‍ ആത്മവിശ്വാസത്തോടെ ഉണ്ടാകും എന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
ഭരതനാട്യം 2 മോഹിനിയാട്ടം. Photo: IMDB
നേരത്തേ ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ഭരതനാട്യത്തിന്റെ തിയേറ്റര്‍ വിസിറ്റിന് പോയപ്പോള്‍ കാണാന്‍ ആളില്ലാതെ ഷോ ക്യാന്‍സലാക്കിയതിനെ കുറിച്ചും വിരലിലെണ്ണാവുന്ന ആളുകളെ മാത്രം തിയേറ്ററിനുള്ളില്‍ കണ്ടതിനെ കുറിച്ചും കൃഷ്ണദാസ് മുരളി സംസാരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നിന്നും ഇതേ ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുകയും അത് വിജയമാക്കി മാറ്റുകയും ചെയ്ത സംവിധായകനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
Content Highlight: Actress Divya M Nayar talks about her experience during theatre visit of Mohiniyattam Movie