തിയേറ്ററുകളില്‍ നിന്നും നാല്‍പ്പത് കോടിയിലധികം നേടിയെങ്കിലും അര്‍ഹിക്കുന്ന വിജയം കിട്ടാത്ത ചിത്രമെന്ന് മലയാളികള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ട ചിത്രമായിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം 2 മോഹിനിയാട്ടം. 2024 ല്‍ പുറത്തിറങ്ങിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ ചിത്രത്തില്‍ ആദ്യ ഭാഗത്തിലുള്ളവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍, വിനയ് ഫോര്‍ട്ട്, ജഗദീഷ് തുടങ്ങിയവരും ഒന്നിച്ചപ്പോള്‍ മികച്ച ദൃശ്യാനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് ലഭിച്ചത്. ഡാര്‍ക്ക് കോമഡി ഴോണറിലൊരുങ്ങിയ ചിത്രം ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ ഒട്ടനവധി ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
ഭരതനാട്യം 2 മോഹിനിയാട്ടം. Photo: The Hindu
ഫ്രാഞ്ചൈസിയിലെ രണ്ട് ഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച അഭിനേത്രിയായിരുന്നു ദിവ്യ.എം.നായര്‍. സൈജു കുറുപ്പ് അവതരിപ്പിച്ച ശശിധരന്റെ സഹോദരിയായിട്ടായിരുന്നു ദിവ്യ ചിത്രത്തില്‍ വേഷമിട്ടത്. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ ആവേശത്തോടെയുള്ള മോഹിനിയാട്ടത്തിലെ ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവത്തെ കുറിച്ച് ദിവ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ലൈഫ് നെറ്റ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ചിരി വരാതെ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് മോഹിനിയാട്ടത്തില്‍ ആ കൊലപാതക സീനെല്ലാം എടുത്തത്. ഞാന്‍ സുരാജേട്ടന്റെ കാലിന്റെ ഭാഗത്തായിട്ടായിരുന്നു പിടിച്ചിരുന്നത്, പക്ഷേ ശ്രുതി അദ്ദേഹത്തിന്റെ കൈയിലായിട്ടായിരുന്നു പിടിച്ചത്. അവള്‍ക്ക് അതുകൊണ്ട് തന്നെ ഇവരുടെയെല്ലാവരുടെയും എക്‌സ്പ്രഷന്‍ വ്യക്തമായിട്ട് കാണാന്‍ സാധിക്കും. ഷോട്ടില്‍ ചിരി വന്നിട്ട് വയ്യ ചേച്ചി എന്തു ചെയ്യും എന്നാണ് അവള്‍ എന്നോട് ചോദിച്ചത്.
അങ്ങനെ ഒരുപാട് സംഭവങ്ങളുണ്ടായിരുന്നു. ചിത്രത്തില്‍ മോഹിനീശ്വരി ദേവിയുടെ ഫോട്ടോ നോക്കിയിട്ട് കലാരഞ്ജിനി ചേച്ചിയെ നോക്കുന്ന സീന്‍ ഉണ്ടല്ലോ അത് റിഹേഴ്‌സല്‍ ചെയ്തതിന് ശേഷമാണ് ഷോട്ട് പോയത്. റിഹേഴ്‌സലിന് ഞങ്ങളെല്ലാവരും തിരിഞ്ഞ് ചേച്ചിയെ നോക്കിയപ്പോള്‍ ചേച്ചിയുടെ പോസ് കണ്ടിട്ട് ഞങ്ങള്‍ക്ക് ചിരി വന്നു. റിഹേഴ്‌സല്‍ ചെയ്തത് നന്നായി എന്നാണ് എല്ലാവരും പറഞ്ഞത്. ഇല്ലെങ്കില്‍ ടേക്കില്‍ എല്ലാവരും ചിരിച്ചേനെ,’ ദിവ്യ പറഞ്ഞു.
ദിവ്യ.എം.നായര്‍. Photo: Mathrubhumi
ചിരി വന്നത് കാരണം ഇത്തരത്തില്‍ ഒരുപാട് സീന്‍ റീടേക്ക് ചെയ്ത് പോകേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് താരം. അടിപിടി നടക്കുന്ന സീനും സുരാജിന്റെ തല തിരിക്കുന്ന സീനും ഒരുപാട് തവണ റീടേക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: Actress Divya M Nair talks about her experience while acting Bharatanatyam 2 Mohiniyattam