| Thursday, 12th February 2026, 9:41 am

ടെൻഷൻ അടിക്കാനുള്ള ബുദ്ധി അന്നുണ്ടായിരുന്നില്ല; ‘ഞാൻ പ്രകാശൻ’ സമയത്തേ അഖിൽ ചേട്ടൻ അങ്ങനെയാണ്’: ദേവിക സഞ്ജയ്

നന്ദന എം.സി

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ‘ടീന മോൾ’ ആയി ഇടം നേടിയ നടിയാണ് ദേവിക സഞ്ജയ്. ഫഹദ് ഫാസിലിനൊപ്പം ‘ഞാൻ പ്രകാശൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവിക, തന്റെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളും സംവിധായകൻ സത്യൻ അന്തിക്കാടിനെയും അഖിൽ സത്യനെയും കുറിച്ചുള്ള ഓർമ്മകളും പങ്കുവെക്കുകയാണ്.

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘ചെറുപ്പം മുതൽ ടിവിയിൽ കണ്ടിരുന്ന ആളുകളെ സെറ്റിൽ നേരിൽ കാണുമ്പോൾ അവർ വീട്ടുകാരെ പോലെയായിരുന്നു തോന്നിയത്.

പ്രത്യേകിച്ച് സത്യൻ ചേട്ടന്റെ സെറ്റ് ഒരു കുടുംബം പോലെ ആയിരുന്നു. എല്ലാവരും തമ്മിൽ വളരെ സ്നേഹത്തോടെയും സ്വാഭാവികമായും പെരുമാറുന്ന അന്തരീക്ഷം,’ ദേവിക പറഞ്ഞു.

ഞാൻ പ്രകാശൻ,Photo: YouTube/ Screengrab

ആ സമയത്ത് തനിക്ക് ടെൻഷൻ അടിക്കാനുള്ള ബോധം പോലും ഉണ്ടായിരുന്നില്ലെന്നാണ് താരം പറയുന്നത്. ‘എന്റെ മുന്നിൽ ആരാണ് നിൽക്കുന്നത്, എത്ര വലിയ ആളുകളാണ് എന്നൊന്നും ചിന്തിക്കാൻ പോലും ബുദ്ധിയുണ്ടായിരുന്നില്ല. ഇപ്പോൾ ഓർക്കുമ്പോൾ ഞാൻ അതെങ്ങനെ ചെയ്തു എന്ന് തോന്നും. ഒരു ടെൻഷനും ഇല്ലാതെയാണ് ചെയ്തത്. സത്യൻ സാർ പറയുന്നത് പോലെ ചെയ്യുക എന്നതായിരുന്നു എന്റെ മനസ്സിൽ,’ ദേവിക കൂട്ടിച്ചേർത്തു.

സുഖമാണോ സുഖമാണ്, Photo: YouTube/Screengrab

അഖിൽ സത്യനെ കുറിച്ചും താരം സ്നേഹത്തോടെ സംസാരിച്ചു. ‘അഖിൽ ചേട്ടനായാലും ഞങ്ങൾക്ക് ഒരു സ്പേസ് ഉണ്ടായിരുന്നു. ഞങ്ങൾ പറയുന്നതും കേൾക്കും. ‘സർവ്വം മായ’യുടെ ഒരു ഇന്റർവ്യൂവിൽ റിയയോട് ‘നോക്ക്, നീ പറഞ്ഞ് നോക്ക്’ എന്ന് അഖിൽ ചേട്ടൻ പറയുന്നത് കേട്ടപ്പോൾ ഞാൻ പ്രകാശൻ സമയത്തേ അഖിൽ ചേട്ടൻ അങ്ങനെയായിരുന്നു എന്ന് തോന്നി. ഒരിക്കൽ പോലും പേടിച്ച് നിൽക്കേണ്ടി വന്നിട്ടില്ല. വളരെ റിലാക്സ്ഡ് ആയ ഒരു ഷൂട്ടായിരുന്നു അത്,’ ദേവിക പറഞ്ഞു.

ഇപ്പോൾ റിലീസിനൊരുങ്ങുന്ന ദേവികയുടെ പുതിയ ചിത്രമാണ് ‘സുഖമാണോ സുഖമാണ്’. മാത്യു തോമസിനൊപ്പം എത്തുന്ന ചിത്രം അരുൺ ലാൽ രാമചന്ദ്രനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് നിർമ്മാണം.

ജഗദീഷ്, സ്‌ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഫെബ്രുവരി 13ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Actress Devika sanjay talk about Akhil sathyan 
നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more