| Tuesday, 30th May 2023, 8:09 am

തടിയുള്ളത് നോര്‍മല്‍ ആണ്, പക്ഷേ സിനിമയില്‍ അത് നോര്‍മല്‍ അല്ലായിരുന്നു: ചിന്നു ചാന്ദ്‌നി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തടിയുള്ളത് നോര്‍മല്‍ ആണെന്നും പക്ഷേ സിനിമയില്‍ അത് നോര്‍മല്‍ അല്ലായിരുന്നെന്നും നടി ചിന്നു ചാന്ദ്‌നി. തമാശ എന്ന സിനിമയ്ക്ക് ശേഷമാണ് തനിക്ക് ഒരുപാട് അവസരങ്ങള്‍ കിട്ടിതുടങ്ങിയതെന്നും നടി പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പര്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിന്നു

‘തടിയുള്ളത് നോര്‍മല്‍ ആണ്. പക്ഷേ സിനിമയില്‍ അത് നോര്‍മല്‍ അല്ലായിരുന്നു. എന്നെ പോലെയുള്ളൊരാളെ ഭീമന്റെ വഴി, ജാക്‌സണ്‍ ബസാര്‍ യൂത്ത്, കാതല്‍ എന്നീ സിനിമകളിലൊന്നും ശരീരപ്രകൃതം നോക്കിയല്ല കാസ്റ്റ് ചെയ്തത്. ഒരു നടിയെന്ന നിലക്ക് ഒരുപാട് അവസരങ്ങള്‍ കിട്ടിതുടങ്ങിയത് തമാശ എന്ന സിനിമക്ക് ശേഷമാണ്.

ആ സമയത്ത് ശരീരത്തിന്റെ പൊളിറ്റിക്‌സ് സംസാരിച്ചുകൊണ്ടുള്ള സിനിമകള്‍ വന്നു. അത് ഒരുപാട് കാര്യങ്ങള്‍ക്കാണ് വഴിവെച്ചത്. വളരെ നോര്‍മല്‍ ആയിട്ടുള്ള കാര്യങ്ങള്‍ സിനിമയില്‍ നോര്‍മല്‍ ആയിട്ട് തന്നെ കാണിച്ച് തുടങ്ങിയത് നല്ലൊരു മാറ്റത്തിന് വഴിവെച്ചു. സിനിമയില്‍ വിപ്ലവമെന്നത് ഇങ്ങനെയൊക്കെയാണ് സംഭവിച്ചത്. സിനിമയില്‍ എല്ലാ തരത്തിലുമുള്ളയാളുകളുടെ പ്രാതിനിധ്യം ഉണ്ടാവുകയെന്നത് തന്നെയാണ് വലിയ വിപ്ലവം.

ശരീരത്തെ തമാശയാക്കിക്കൊണ്ടുള്ള പ്രാതിനിധ്യം കൊണ്ട് കാര്യമില്ല. തടിയുള്ളവരെ തമാശയാക്കിക്കൊണ്ട് ചിത്രീകരിക്കുന്നതിന് പകരം അതിനെ വളരെ നോര്‍മല്‍ ആയി ചിത്രീകരിച്ചത് കൊണ്ടാണ് ഇന്നും ആ സിനിമ ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടത്, ‘ ചിന്നു പറഞ്ഞു.

നടന്‍ ഇന്ദ്രന്‍സിനെക്കുറിച്ചും അവര്‍ സംസാരിച്ചു. ഇന്ദ്രന്‍സ് ഒരു ലിവിങ് ലെജന്‍ഡ് ആണെന്നും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചെന്നും നടി പറഞ്ഞു. നല്ല പൈസകിട്ടിയാലും കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കിലും എങ്ങനെ വേണമെങ്കിലും രൂപമാറ്റം വരുത്താന്‍ തയ്യാറാണെന്നും നടി പറഞ്ഞു.

‘ ഇന്ദ്രന്‍സ് ചേട്ടന്റെ അടുത്ത് നിന്ന് ഒരു പെര്‍ഫോമര്‍ എന്ന നിലയ്ക്ക് ഞാന്‍ മനസിലാക്കിയതിനേക്കാളും ഒരു മനുഷ്യന്‍ എന്ന നിലക്കാണ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചത്. ഒരു ലിവിങ് ലെജന്‍ഡ് എന്റെ മുമ്പിലൂടെയിങ്ങനെ നടക്കുന്ന പോലെ തോന്നിയിട്ടുണ്ട്. വളരെ കാഷ്വല്‍ ആയിട്ടാണ് ചേട്ടന്‍ എല്ലാവരോടും പെരുമാറിയത്.

പൈസ തന്നാല്‍ സിനിമക്ക് വേണ്ടി വണ്ണം കുറയ്ക്കാന്‍ തയ്യാറാണ്. നല്ല പൈസ തന്നാല്‍ സിനിമയ്ക്ക് വേണ്ടി എങ്ങനെ വേണമെങ്കിലും രൂപമാറ്റം വരുത്താന്‍ തയ്യാറാണ്. കഥാപാത്രം ആവശ്യപ്പെടുമെങ്കില്‍ എന്തായാലും ചെയ്യും. ജോലി ചെയ്യുന്നതിന് നമുക്ക് പൈസ തരുന്നു. ആ ജോലി നമ്മള്‍ പ്രത്യേകരീതിയില്‍ കാണപ്പെടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യണം, ‘ ചിന്നു പറഞ്ഞു.

ഭീമന്റെ വഴി, ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്നതാണ് നടിയുടെ മറ്റു പ്രധാന സിനിമകള്‍.


Content Highlights: Actress Chinnu Chandhni about Thamasha movie and Jackson Bazar youth movie

We use cookies to give you the best possible experience. Learn more