| Thursday, 26th January 2023, 3:01 pm

അന്ന് ഞാന്‍ 25000 രൂപയുടെ പെര്‍ഫ്യൂം വരെ ഉപയോഗിച്ചിരുന്നു, ഇന്ന് അതിന് കഴിയുന്നില്ല: ചാര്‍മിള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊണ്ണൂറുകളില്‍ മലയാള സിനിമയിലടക്കമുള്ള ഇന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്ന താരമാണ് ചാര്‍മിള. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് വരുന്നത്. തന്റെ പുതിയ വിശേഷങ്ങളും പഴയ സിനിമാ ഓര്‍മകളും പങ്കുവെക്കുകയാണ് താരമിപ്പോള്‍.

താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് 25000 രൂപയുടെ പെര്‍ഫ്യൂം വരെ വാങ്ങി ഉപയോഗിച്ചിരുന്നു എന്നാണ് ചാര്‍മിള പറഞ്ഞത്. എന്നാല്‍ ഇന്ന് തനിക്ക് വേണ്ടി പണം ചെലവാക്കുന്നില്ലെന്നും കുടുംബത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നതെന്നുമാണ് ചാര്‍മിള കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘കൂടുതല്‍ കാശ് ചിലവാക്കുന്നത് ഞാന്‍ ഒഴിവാക്കും. ഭയങ്കര ധൂര്‍ത്തായിരുന്നു നേരത്തെയൊക്കെ ഞാന്‍. അന്ന് ചെലവാക്കുന്നത് അത്ര കുഴപ്പമില്ലായിരുന്നു. അച്ഛന്റെ കയ്യില്‍ ഇഷ്ടംപോലെ കാശുണ്ട്. അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സ്റ്റാഫായിരുന്നു. അച്ഛന്‍ അതിന്റെ കൂടെ തന്നെ പല ജോലികള്‍ ചെയ്തിരുന്നു അതുകൊണ്ട് തന്നെ കയ്യില്‍ ഒരുപാട് കാശുണ്ടായിരുന്നു.

എന്റെ അനിയത്തി ഹോട്ടലിലെ ലോബി മാനേജറായിരുന്നു. അതുകൊണ്ട് തന്നെ അവരുടെ കയ്യിലും നല്ല കാശുണ്ടായിരുന്നു. ചെലവിനായി അച്ഛന്‍ ഞങ്ങള്‍ക്ക് നല്ലരീതിയില്‍ പൈസ തരുമായിരുന്നു. അന്ന് 25,000 രൂപയുടെ പെര്‍ഫ്യൂം വരെ ഞാന്‍ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്.

അക്കാലത്ത് ദുബായിലൊക്കെ പോകുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്ന ആള്‍ ഞാനായിരിന്നു. ഒരു പരിപാടിക്ക് പോയാല്‍ മുഴുവന്‍ പൈസയും അവിടെ ചെലവാക്കിയിട്ടേ ഞാന്‍ തിരിച്ച് വരുകയുള്ളു. അങ്ങനെ ചെലവാക്കിയതില്‍ ഇപ്പോള്‍ എനിക്ക് അത്ര സന്തോഷമില്ല.

ഞാന്‍ ഇപ്പോള്‍ ഒരു ഈശ്വര വിശ്വാസിയാണ്. ഇപ്പോള്‍ പള്ളിയില്‍ ഒക്കെ പോകുമ്പോള്‍ ആ ചെലവാക്കിയ പൈസയൊക്കെ വെച്ച് പലതും ചെയ്യാമായിരുന്നു എന്ന് തോന്നും. പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒരുപാട് പേര് ഓരോന്ന് ചെയ്യുന്നുണ്ട്. പള്ളിയില്‍ നിന്ന് വരുമ്പോള്‍ കുറെ പേര്‍ അവിടെ കാണുന്ന ഭിക്ഷക്കാര്‍ക്ക് പൈസ കൊടുക്കുന്നത് കാണാം. ഒരുപാട് പേര്‍ അങ്ങനെ ചെയ്യുമ്പോള്‍ ഞാനും ചെയ്യും. അതുകൂടാതെ രക്ത ധാനമൊക്കെ ഇപ്പോള്‍ ചെയ്യുന്നുണ്ട്.

എന്റെ കയ്യില്‍ കാശില്ലെന്ന് പലരും പറയും. പക്ഷെ എനിക്ക് വേണ്ടി ഇപ്പോള്‍ ഞാന്‍ പൈസയൊന്നും ചെലവാക്കുന്നില്ല. വീട്ടില്‍ അമ്മയെ നോക്കാന്‍ ഒരു നഴ്‌സുണ്ട്, മകന് ഭക്ഷണം ഉണ്ടാക്കി കൊടുക്കാന്‍ ഒരു കുക്കുണ്ട്. പിന്നെ കുറച്ച് സാധാരണ ജോലിക്കാരും. ഇവര്‍ക്കൊക്കെ കൊടുക്കുന്ന സാലറി എത്രയാണെന്ന് അറിയുവോ. ഇന്ന് എന്റെ കയ്യില്‍ വരുന്ന പണം കൂടുതലും ചെലവാകുന്നത് അവര്‍ക്ക് വേണ്ടിയാണ്,’ ചാര്‍മിള പറഞ്ഞു.

content highlight: actress charmila talks about her new life

Latest Stories

We use cookies to give you the best possible experience. Learn more