| Saturday, 4th July 2026, 11:00 am

മമ്മൂക്കയുടെ പ്രൊഡക്ഷന്‍ കമ്പനിയിലേക്ക് നമ്മളെയൊക്കെ റെക്കമെന്‍ഡ് ചെയ്യാലോയെന്ന് ചോദിച്ചു; അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു: ബീന ആന്റണി

ആര്യ. പി

20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ ഒരു കഥാപാത്രവുമായി എത്തുകയാണ് നടി ബീന ആന്റണി. ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയിലെ ഷംനത്ത പ്രകടനം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. ഇത്രയും നാള്‍ മലയാള സീരിയല്‍ രംഗത്ത് സജീവമായിരുന്ന ബീന ആന്റണിയുടെ സിനിമയിലേക്കുള്ള ഒരു ഗംഭീര തിരിച്ചുവരവ് തന്നയാണ് ബാലനിലൂടെ സംഭവിച്ചത്.

എന്തുകൊണ്ടാണ് ഇത്രയും നാള്‍ സിനിമയില്‍ ഒരാളോടും അവസരം ചോദിക്കാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബീന ആന്റണി.

ഇത്രയും കാലത്തെ കരിയറില്‍ ഇതുവരെ ആരോടും അവസരങ്ങള്‍ ചോദിച്ചിട്ടില്ലെന്നും എന്നാല്‍ അടുത്ത കാലത്ത് മമ്മൂക്കയ്ക്ക് മാത്രം ഒരു മെസ്സേജ് അയച്ചിരുന്നെന്നും ബീന ആന്റണി പറയുന്നു.

ബീന ആന്റണി Photo: Club FM/Screen Grab

‘ ആകെ മമ്മൂക്കയ്ക്ക് മാത്രമാണ് ഞാന്‍ ഒരു മെസ്സേജ് ഇട്ടത്. അതും ഈ അടുത്ത്. വേറൊന്നുമല്ല. മമ്മൂക്കയുടെ പ്രൊഡക്ഷന്‍ കമ്പനി ഉള്ളതുകൊണ്ട് അദ്ദേഹത്തിന് എന്റെ പേര് നിര്‍ദേശിക്കാന്‍ സാധിക്കുമല്ലോ എന്ന് കരുതിയാണ് അത് ചെയ്തത്.

മമ്മൂക്ക, എനിക്കൊരു സിനിമ കിട്ടിയിട്ടുണ്ട്, ചിദംബരമാണ് സംവിധാനം ചെയ്യുന്നത്. അതില്‍ അത്യാവശ്യം എനിക്ക് പെര്‍ഫോം ചെയ്യാനുണ്ട്. ഇനി എനിക്ക് കുറച്ച് കാലം സിനിമയില്‍ നില്‍ക്കണമെന്നാണ് ആഗ്രഹം. ഇനി ഞാന്‍ സീരിയല്‍ ചെയ്യുന്നില്ല. ഇത്രയും വര്‍ഷമായില്ലേ.. മമ്മൂക്ക മമ്മൂക്കയുടെ കമ്പനിയുടെ സിനിമകളിലേക്കൊക്കെ പരിഗണിക്കണം. മമ്മൂക്കയ്ക്ക് അത് പറയാലോ എന്ന് ചോദിച്ചു.

സീരിയല്‍ നടിയായതുകൊണ്ട് സിനിമയില്‍ അവസരം നല്‍കാന്‍ പലരും മടിക്കുന്നു എന്ന് കേട്ടിട്ടുള്ള കാര്യവും ഞാന്‍ മമ്മൂക്കയോട് പറഞ്ഞു.

ബീന ആന്റണി, ബാലന്‍ ദി ബോയ് സിനിമയില്‍ നിന്ന് Photo: Trailer/Screen grab

മമ്മൂക്ക അതിനോട് വളരെ പോസിറ്റീവ് ആയിട്ടാണ് പ്രതികരിച്ചത്. സത്യത്തില്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്, ബീനയൊക്കെ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് വരണമെന്നത്. പക്ഷേ ഇതാണ്, നമ്മള്‍ പറയുമ്പോഴും ആളുകള്‍ ഇങ്ങനെ പറയുമെന്ന് പറഞ്ഞു. മമ്മൂക്കയ്ക്ക് വേണമെങ്കില്‍ പറയാലോ എന്ന് ചോദിച്ചു. തീര്‍ച്ചയായും ഒരു കഥാപാത്രം വരുമ്പോള്‍ പറയാമെന്ന് അദ്ദേഹം പറഞ്ഞു. ബാലന്‍ സിനിമയ്ക്ക് മമ്മൂക്ക ആശംസ അറിയിക്കുകയും ചെയ്തു. പിന്നെ മമ്മൂക്കയെപ്പോലെ ഒരു സൂപ്പര്‍സ്റ്റാര്‍ പോലും ഇപ്പോഴും പുതിയ സംവിധായകരോട് ചാന്‍സ് ചോദിക്കുമ്പോള്‍ എനിക്കും ചോദിക്കാവുന്നതേയുള്ളൂ,’ ബീന ആന്റണി പറഞ്ഞു.

പണ്ട് സിനിമയ്ക്കായി കൂടുതല്‍ ശ്രമിക്കാതിരുന്നതില്‍ ഇപ്പോള്‍ ചെറിയൊരു വിഷമമുണ്ടെന്നും ബീന ആന്റണി അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

അന്ന് സീരിയലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ശരിയായ തീരുമാനമായിരുന്നു എന്ന് സംവിധായകന്‍ ലാല്‍ ജോസ് ഒരിക്കല്‍ തന്നോട് പറഞ്ഞിരുന്നെന്നും സീരിയലിലൂടെ ഒരു ഐഡന്റിറ്റിയും സാമ്പത്തിക ഭദ്രതയും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടാന്‍ തനിക്ക് സാധിച്ചെന്നും ബീന ആന്റണി പറഞ്ഞു.

ബാലന്‍ ദി ബോയ് ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും സിനിമ കണ്ടിട്ട് ആസിഫ് അലിയും സൗബിനും വിളിച്ച് അഭിനന്ദിച്ചെന്നും ഇനി നല്ല വേഷങ്ങള്‍ വരുമെന്ന് പറഞ്ഞ് തനിക്ക് ആത്മവിശ്വാസം നല്‍കിയെന്നും താരം പറഞ്ഞു.

ഇനി നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ആരെങ്കിലും നല്ല വേഷങ്ങള്‍ക്കായി ഇനി വിളിക്കാതിരിക്കില്ലെന്നും ബീന ആന്റണി അഭിമുഖത്തില്‍ പറഞ്ഞു.

Content Highlght: Actress Beena Antony about Mammootty

ആര്യ. പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more