| Friday, 3rd July 2026, 1:17 pm

മതം എന്റെ അപ്പച്ചന്റെ ഏഴയലത്തുപോലും പോയിട്ടില്ല; കന്യാസ്ത്രീയാക്കാന്‍ വന്നവരോട് അപ്പന്‍ ഒരു മറുപടി പറഞ്ഞു: ബീന ആന്റണി

അക്ഷര

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബീന ആന്റണിയും മനോജും. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട ഇരുവരുടെയും വിവാഹം അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് തങ്ങള്‍ ഒന്നായതിനെക്കുറിച്ചും, അതിന് പിന്നില്‍ തണലായി നിന്ന തന്റെ അപ്പച്ചനെക്കുറിച്ചും തുറന്നുപറയുകയാണ് താരം.

താനൊരു ക്രിസ്ത്യന്‍ കുടുംബാംഗമാണെന്നും മനു (മനോജ്) ഓര്‍ത്തഡോക്‌സ് ചിന്താഗതി പുലര്‍ത്തുന്ന ഒരു ഹിന്ദു നായര്‍ തറവാട്ടിലെ അംഗമാണെന്നും ബീന ആന്റണി പറയുന്നു. തങ്ങളെ സംബന്ധിച്ച് വിവാഹം എന്നത് അക്കാലത്ത് വലിയൊരു കടമ്പ തന്നെയായിരുന്നെന്നും ബീന ആന്റണി പറയുന്നു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘വിവാഹത്തെക്കുറിച്ച് ആദ്യം സംസാരിച്ചപ്പോള്‍ ഇന്റര്‍കാസ്റ്റ് ആയതുകൊണ്ട് പ്രശ്‌നമാകുമെന്ന് മനു പറഞ്ഞിരുന്നു. എന്നാല്‍ മതം മാറാന്‍ രണ്ടുപേരും തയ്യാറായിരുന്നില്ല. ‘അവള്‍ അവളായിട്ട് തന്നെ ഇരിക്കും, ഞാന്‍ ഞാനായിട്ട് തന്നെയും’ എന്ന ഉറച്ച നിലപാടാണ് മനു എടുത്തത്.

‘ഡാഡിക്ക് ഇഷ്ടമുണ്ടെങ്കില്‍ കല്യാണം കഴിപ്പിക്കാം, ഇല്ലെങ്കില്‍ തങ്ങള്‍ വിവാഹം കഴിക്കാതെ ഇങ്ങനെ തന്നെ മുന്നോട്ട് പോകും’ എന്ന് മനു പറഞ്ഞതോടെ ഡാഡിക്ക് അതൊരു പ്രശ്‌നമായി മാറി. പല എതിര്‍പ്പുകളും ഉണ്ടായിരുന്നിരിക്കാമെങ്കിലും ഒടുവില്‍ ഡാഡി വിവാഹത്തിന് സമ്മതിക്കുകയായിരുന്നു,’ ബീന ആന്റണി പറഞ്ഞു.

തന്റെ വീട്ടില്‍ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഒരു പ്രശ്‌നവും ഇല്ലായിരുന്നുവെന്നും ബീന ആന്റണി ഓര്‍ക്കുന്നു. മതം എന്ന സാധനം തന്റെ അപ്പച്ചന്റെ ഏഴയലത്തു കൂടി പോയിട്ടില്ലായിരുന്നു. ഒരു തരത്തിലും മതത്തെ അംഗീകരിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. പള്ളിയില്‍ പോകുന്നതുപോലും അപ്പച്ചന് ഇഷ്ടമല്ലായിരുന്നു.

ബീന ആന്റണി photot: Youtube/screengrab

എന്നാല്‍ ഞാന്‍ നേരെ തിരിച്ചായിരുന്നു. പള്ളിയിലെ ക്വയര്‍, കെ.സി.എസ്.എല്‍, സി.എ തുടങ്ങിയ എല്ലാ സംഘടനകളിലും സജീവമായിരുന്നു. ചേച്ചിയുടെ കല്യാണത്തിനാണ് അപ്പച്ചന്‍ ആകെ പള്ളിയില്‍ കയറി കണ്ടിട്ടുള്ളത്. നാട്ടില്‍ ‘കിടിലന്‍ ആന്റണി’ എന്നായിരുന്നു അപ്പച്ചന്റെ പേര്. ഇടിയും പിടിയുമൊക്കെയായി എല്ലാവര്‍ക്കും ഭയങ്കര പേടിയായിരുന്നു. അപ്പച്ചനെ പേടിച്ചിട്ട് മഞ്ഞമ്മേലില്‍ തന്നെ ആരും നോക്കുകയോ ലൈന്‍ അടിക്കുകയോ പോലും ഇല്ലായിരുന്നുവെന്ന് ബീന ആന്റണി ചിരിയോടെ പറയുന്നു.

സാധാരണ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍, സ്ത്രീധനം കൊടുക്കാനുള്ള ബുദ്ധിമുട്ട് ഭയന്ന് ചിലരെയൊക്കെ കന്യാസ്ത്രീയാക്കാന്‍ വിടാറുണ്ട്. തങ്ങളുടെ കുടുംബത്തിലും മൂന്ന് പെണ്‍കുട്ടികളായിരുന്നു. ഒരു സാധാരണ കുടുംബമായതുകൊണ്ട് ബുദ്ധിമുട്ടാകുമെന്ന് കരുതി സിസ്റ്റര്‍മാര്‍ വന്ന് ‘ബീനയെ ഞങ്ങളെ കൂട്ടത്തിലേക്ക് ആക്കിക്കൊള്ളാം’ എന്ന് അപ്പച്ചനോട് ചോദിച്ചു. സിസ്റ്റര്‍മാരുടെ കൂടെ പോകാന്‍ തനിക്കും സമ്മതമായിരുന്നു. എന്നാല്‍ അപ്പച്ചന്‍ അത് കട്ടായം പറഞ്ഞു നിരസിച്ചു. ‘എന്റെ മക്കളില്‍ ഒറ്റയാളെയും ഞാന്‍ കന്യാസ്ത്രീ ആക്കില്ല’ എന്നായിരുന്നു അപ്പച്ചന്റെ നിലപാട്. ജാതിയോ മതമോ ഒന്നും അപ്പച്ചന് ഇഷ്ടമായിരുന്നില്ല.

അപ്പച്ചന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് തന്നെ ഇന്റര്‍കാസ്റ്റ് വിവാഹത്തിന്റെ പേരില്‍ തനിക്ക് പേടിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ബീന ആന്റണി പറയുന്നു.

അപ്പച്ചനോട് ജസ്റ്റ് ഒന്ന് പറഞ്ഞാല്‍ പുള്ളി അത് നടത്തിത്തരും എന്ന ഉറപ്പുണ്ടായിരുന്നു. കാര്യം പറഞ്ഞപ്പോള്‍ ‘ഞാന്‍ സംസാരിക്കാം’ എന്ന് അപ്പച്ചന്‍ ഏറ്റു. എങ്കിലും മനോജിന്റെ വീട്ടിലെ പെര്‍മിഷന് വേണ്ടി ഞാന്‍ കാത്തിരുന്നു. അവിടെ നിന്നും സമ്മതം കിട്ടിയതോടെ അപ്പച്ചന്‍ മനുവിന്റെ ഡാഡിയെ വിളിച്ച് സംസാരിക്കുകയും അങ്ങനെ ഞങ്ങളുടെ കല്യാണം ഉറപ്പിച്ച് നടത്തുകയും ചെയ്തു,’ ബീനാ ആന്റണി പറയുന്നു.

ബീന ആന്റണി photot: Trailer/screengrab

ജിത്തു മാധവന്റെ തിരക്കഥയില്‍ ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബീന ആന്റണി. ചിത്രത്തിലെ ഷംനത്ത എന്ന കഥാപാത്രത്തെ ഗംഭീരമാക്കാന്‍ ബീന ആന്റണിക്ക് സാധിച്ചിട്ടുണ്ട്. വലിയ പ്രേക്ഷക പ്രശംസയും ആ കഥാപാത്രത്തിന് ലഭിക്കുന്നുണ്ട്.

Content Highlight: Actress Beena Antony about Intercast Marriage and her Father

അക്ഷര

We use cookies to give you the best possible experience. Learn more