| Friday, 12th December 2025, 5:50 pm

നിയമവ്യവസ്ഥയിലെ ഏറ്റവും കുറഞ്ഞ ശിക്ഷ; സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നു; വിധിയില്‍ നിരാശയെന്ന് പ്രോസിക്യൂട്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് നല്‍കിയത് നിയമവ്യവസ്ഥയിലെ ഏറ്റവും കുറഞ്ഞശിക്ഷയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അജകുമാര്‍. ശിക്ഷാ വിധിയില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം കോടതിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിയമവ്യവസ്ഥയിലെ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചത്. 20 വര്‍ഷം ഒരു കോടതിയുടെയും ഔദാര്യമല്ല. അപ്പീലിന് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘പരമാവധി ശിക്ഷയ്ക്കായി വാദിച്ചിരുന്നെങ്കിലും ഐ.പി.സി 376 ഡി വകുപ്പ് പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് ജൂഡീഷ്യറി വിധിച്ചത്. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണ് വിധി,’ അജകുമാര്‍ പറഞ്ഞു.

അതേസമയം, കോടതി വിധി പ്രോസിക്യൂഷന് തിരിച്ചടിയല്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസിലെ വിധി പകര്‍പ്പ് വായിക്കാതെ കൂടുതലൊന്നും പറയാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, മാതൃകപരമായ ശിക്ഷ ഉറപ്പാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചെന്ന് നിയമമന്ത്രി പി.രാജീവ് പ്രതികരിച്ചു. കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ശിക്ഷ ലഭിച്ചെന്നും മന്ത്രി പറഞ്ഞു. നല്ല വിധിയായിട്ടാണ് തോന്നിയതെന്നും പൂര്‍ണരൂപം കിട്ടിയതിന് ശേഷം ബാക്കി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചയാണ് നടിയെ ആക്രമിച്ച കേസില്‍ എറണാകുളം സെഷന്‍സ് കോടതി ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഇരുപത് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. മറ്റ് അഞ്ച് പ്രതികള്‍ക്കും 20 വര്‍ഷം തടവ് തന്നെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

കേസിലെ ഒന്ന് മുതല്‍ ആറ് വരെ പ്രതികളെ കോടതി കുറ്റക്കാരെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നിവരാണ് ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍.

Content Highlight: The minimum sentence in the legal system; sends the wrong message to society; Prosecutor says he is disappointed with the verdict

We use cookies to give you the best possible experience. Learn more