| Monday, 22nd December 2025, 5:28 pm

നടിയെ ആക്രമിച്ച കേസിലെ പ്രതി മാര്‍ട്ടിന്റെ വീഡിയോ; പ്രചരിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍; പണം വാങ്ങിയെന്ന് കണ്ടെത്തല്‍

അനിത സി

കൊച്ചി: കൊച്ചിയില്‍ വെച്ച് ആക്രമണത്തിനിരയായ നടിയെ അധിക്ഷേപിച്ചും പേര് വെളിപ്പെടുത്തിയും പുറത്തുവിട്ട പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. തൃശൂര്‍, എറണാകുളം, ആലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായത്.

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിനെ ബാധിക്കുമെന്നതിനാല്‍ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബി.എന്‍.എസ് 72,75, ഐ.ടി ആക്ട് സെക്ഷന്‍ 67 തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതിജീവിതയുടെ പരാതിയിലാണ് പൊലീസ് നടപടി. പ്രതികള്‍ പണം വാങ്ങി 200ഓളം വൈബ് സൈറ്റുകളില്‍ വീഡിയോ എത്തിച്ചെന്ന് പൊലീസ് കണ്ടെത്തി.

നൂറോളം സൈറ്റുകളില്‍ നിന്നും വീഡിയോ പൊലീസ് നീക്കം ചെയ്തിരുന്നു. വീഡിയോ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും മുമ്പ് തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് 20 പേരോളം വീഡിയോ പിന്‍വലിച്ചിരുന്നു. പലതും പൊലീസ് മേല്‍നോട്ടത്തില്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍, 15 പേരോളം ഇനിയും വീഡിയോ നീക്കം ചെയ്തിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഇത്തരത്തില്‍ വീഡിയോ നീക്കം ചെയ്യാത്ത മൂന്ന് പേരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. മറ്റുള്ളവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിയാണ് മാര്‍ട്ടിന്‍ ആന്റണി. ഇയാള്‍ക്ക് കോടതി 20 വര്‍ഷം തടവും പിഴയും വിധിച്ചിരുന്നു.

ജയിലില്‍ കഴിയുന്ന മാര്‍ട്ടിന്റെ വീഡിയോ പുറത്തുവന്നത് ഏതെങ്കിലും ഗൂഢാലോചനയുടെയോ ആരെയെങ്കിലും വെള്ളപൂശാനുള്ള ശ്രമത്തിന്റെയോ ഭാഗമാണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്ന വീഡിയോയില്‍ അതിജീവിതയെ അപമാനിക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.

മാര്‍ട്ടിന്റെ വീഡിയോയ്‌ക്കെതിരെ അതിജീവിത സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. തന്റെ ജീവിതത്തില്‍ ഇത്തരത്തിലൊരു സംഭവം നടന്നപ്പോള്‍ ആരോടും പറയാതെ മൂടിവെയ്ക്കണമായിരുന്നോ? ആത്മഹത്യ ചെയ്യണമായിരുന്നോ എന്നു ചോദിക്കുന്ന പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു.

Content Highlight: Actress attack case: Spreading the Video of  convict Martin; Three arrested

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more