കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് പരാമവധി ശിക്ഷ നല്‍കാതിരുന്ന കോടതി വിധിയെ വിമര്‍ശിച്ചും അനുകൂലിച്ചും പ്രമുഖരുടെ പ്രതികരണങ്ങള്‍. പ്രതികള്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വര്‍ഷം മാത്രം തടവ് ശിക്ഷ വിധിച്ചത് നിരാശജനകമാണെന്ന് കെ.കെ. ശൈലജ എം.എല്‍.എ പ്രതികരിച്ചു.
‘പെണ്‍കുട്ടി അനുഭവിച്ച വേദനക്കനുസരിച്ച ശിക്ഷയായില്ല. ഒന്നാം പ്രതിക്ക് പോലും പരമാവധി ശിക്ഷയില്ലാത്തത് നിരാശാജനകം,’ എന്നായിരുന്നു കെ.കെ ശൈലജയുടെ പ്രതികരണം.
നടിയെ വെറുതെ വിട്ടിരിക്കുന്നു! ബഹുമാനപ്പെട്ട കോടതിക്ക് നന്ദിയെന്ന രണ്ടുവരിയിലൂടെയാണ് കോടതി വിധിയെ എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് വിമര്‍ശിച്ചത്.
വിധിയില്‍ നിരാശ തോന്നുന്നു. ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചത്. പരമാവധി ശിക്ഷ ആര്‍ക്കും ലഭിച്ചില്ലെന്നും സംവിധായകന്‍ കമല്‍ പ്രതികരിച്ചു.
അതേസമയം, കോടതി വിധിയെ അഭിനന്ദിച്ച നിയമമന്ത്രി പി. രാജീവിന്റെ നിലപാടിനെതിരെ വിമര്‍ശനവും ഉയരുകയാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചുവെന്നായിരുന്നു കോടതി വിധി വന്നതിന് പിന്നാലെ പി. രാജീവ് പ്രതികരിച്ചത്.
‘നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തു എന്ന് കോടതി കണ്ടെത്തിയ ആറ് പേര്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചുവെന്നാണ് പുറത്തുവന്ന വിവരങ്ങളനുസരിച്ച് മനസിലാക്കാന്‍ സാധിക്കുന്നത്. കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ശിക്ഷ ലഭിച്ചു. നല്ല വിധിയായിട്ടാണ് തോന്നിയത്. അന്വേഷണ സംഘത്തിനുള്ള അംഗീകാരം കൂടിയാണിത്. മറ്റ് കാര്യങ്ങള്‍ വിധിപ്പകര്‍പ്പ് വായിച്ചതിന് ശേഷമേ പറയാന്‍ കഴിയൂ. അതിന് ശേഷം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും,’ പി. രാജീവ് പറഞ്ഞു.
എന്നാല്‍ കോടതിയെ നിശിതമായി വിമര്‍ശിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇതെന്ത് വിധിയാണെന്ന് ചോദ്യം ചെയ്തു. ‘നടുറോഡില്‍ വെച്ച് രാത്രിയില്‍ ഒരു പെണ്‍കുട്ടിയെ അതിക്രമത്തിനിരയാക്കിയതിന് ഇതാണോ ശിക്ഷ. ഇതെന്ത് വിധിയാണ്.
യഥാര്‍ത്ഥത്തില്‍ ശിക്ഷ ലഭിച്ചിരിക്കുന്നത് അതിജീവിതയ്ക്കാണ്. ജീവിതകാലം മുഴുവന്‍ ഇതോര്‍ത്ത് കഴിയട്ടെയെന്നാണോ കരുതുന്നത്. പ്രതികള്‍ സ്മാര്‍ട്ടായി, ഭക്ഷണമൊക്കെ കഴിച്ച് അഞ്ചോ ഏഴോ വര്‍ഷം കഴിയുമ്പോള്‍ പുറത്തിറങ്ങി സന്തോഷകരമായ ജീവിതം നയിക്കും അതിജീവിത കരഞ്ഞ് ജീവിതം തീര്‍ക്കട്ടെയെന്ന് പറഞ്ഞതായാണ് ശിക്ഷാ വിധി കേട്ടപ്പോള്‍ തോന്നിയത്.
വിധി കേട്ട് കരച്ചില്‍ വരികയാണ്. എങ്ങനെയാണ് ഇങ്ങനൊരു വിധി പുറപ്പെടുവിക്കാന്‍ കഴിയുന്നത്. ആറ് മണിക്ക് ശേഷം പുറത്തിറങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് ഈ ദുര്‍ഗതിയുണ്ടാകും. ഇതൊക്കെ ഏതാനും വര്‍ഷം ശിക്ഷ അര്‍ഹിക്കുന്ന കുറ്റം മാത്രമാണെന്നാണ് വിധി സൂചിപ്പിക്കുന്നത്.,’ ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ നിയമവ്യവസ്ഥയിലെ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് നല്‍കിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.അജകുമാര്‍ പ്രതികരിച്ചു. ശിക്ഷാ വിധിയില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം പ്രതികരിച്ചു.
നിയമവ്യവസ്ഥയിലെ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചത്. 20 വര്‍ഷം ഒരു കോടതിയുടെയും ഔദാര്യമല്ല. അപ്പീലിന് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Actress Attack Case: P. Rajeev says it is a victory for the prosecution; K.K. Shailaja says it is a disappointment