| Monday, 15th November 2021, 12:40 pm

നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതിക്ക് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം. മൂന്നാം പ്രതി മണികണ്ഠനാണ് ജാമ്യം ലഭിച്ചത്. 2017 മുതല്‍ റിമാന്‍ഡിലായ മണികണ്ഠന് കേസിന്റെ വിചാരണ നീണ്ട് പോകുന്ന പശ്ചാത്തലത്തിലാണ് ജാമ്യം അനുവദിച്ചത്.

മുന്‍പ് പല തവണ മണികണ്ഠനടക്കമുള്ള പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കേണ്ടിയിരുന്ന കേസിന്റെ സമയം സുപ്രീം കോടതി ആറുമാസം കൂടി നീട്ടി നല്‍കിയിരുന്നു.

കേസിലെ പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍, എന്നവര്‍ ഇപ്പോഴും റിമാന്‍ഡില്‍ തന്നെയാണ്. കഴിഞ്ഞ ദിവസം മാര്‍ട്ടിന്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 300 ലധികം സാക്ഷികളുള്ള കേസില്‍ 180 സാക്ഷികളുടെ വിസാതാരം പൂര്‍ത്തിയായിട്ടുണ്ട്.

കേസില്‍ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ കഴിഞ്ഞ മാസം കൂറുമാറിയിരുന്നു.കേസിലെ നിര്‍ണായക സാക്ഷിയായ അപ്പുണ്ണിയായിരുന്നു കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്. നേരത്തെ കേസില്‍ നടി കാവ്യ മാധവനും കൂറുമാറിയിരുന്നു. 34ാം സാക്ഷിയായിരുന്നു കാവ്യ.

അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്‌ഷോയുടെ റിഹേഴ്‌സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വെച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.

അതേസമയം കേസില്‍ നടന്‍ ദിലീപ് അടക്കം 9 പ്രതികളുടെ വിസ്താരം അവസാന ഘട്ടത്തിലാണ്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

2017 ഫെബ്രുവരിയില്‍ നെടുമ്പാശേരിക്കു സമീപം അത്താണിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളില്‍ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ സാക്ഷികളായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more