| Sunday, 20th September 2026, 7:54 pm

വാഴ 2വിന് ശേഷം ഒരു സിനിമയ്ക്കുവേണ്ടിയും ആരും വിളിച്ചിട്ടില്ല, മിനിസ്ക്രീൻ അതിനൊരു കാരണമാണ്; അശ്വതി ചാന്ദ്

അജ്മല്‍ കെ

മലയാളസിനിമയിൽ അപൂർവ നേട്ടവുമായി മുന്നേറിയ ചിത്രമായിരുന്നു വാഴ 2. സവിൻ സയുടെ സംവിധാനത്തിൽ എത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ 200 കോടിയിലധികം കളക്ഷൻ നേടി വൻവിജയം സ്വന്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായ ഹാഷിറും സംഘവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് യുവപ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിച്ചത്.

ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കൊപ്പം ബിജുക്കുട്ടൻ, അജു വർഗീസ്, സുധീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ചിത്രത്തിലെ യുവതാരങ്ങൾക്കൊപ്പം സ്ത്രീ കഥാപാത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഹാഷിറിന്റെ അമ്മയായി എത്തിയ അശ്വതി ചന്ദിന്റെ വേഷം.

അശ്വതി,വാഴ 2. Photo. Screen Grab/ Youtube

ഇപ്പോഴിതാ ‘വാഴ 2’ന് ശേഷം ഇതുവരെ ഒരു സിനിമയ്ക്കുവേണ്ടിയും തന്നെ ആരും വിളിച്ചിട്ടില്ലെന്ന് തുറന്നു പറയുകയാണ് നടി അശ്വതി. അതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും അറിയില്ലെന്നും, തനിക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിന് മിനിസ്‌ക്രീനിൽ സജീവമായി നിൽക്കുന്നത് കാരണമാകുന്നുണ്ടോ എന്നൊരു സംശയമുണ്ടെന്നും അശ്വതി പ്രവാസി ടോക്ക് ഷോ കാനഡക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘സത്യസന്ധമായി പറഞ്ഞാൽ വാഴ കഴിഞ്ഞതിനുശേഷം എന്നെ ഒരു സിനിമയ്ക്ക് വേണ്ടിയിട്ടും ആരും വിളിച്ചിട്ടില്ല. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല. വാഴ 2വിൽ അത്രയും പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്തിട്ട് ഓ, ഇപ്പോൾ നമ്മൾ വിളിച്ചിട്ട് ചെറിയ കഥാപാത്രം കൊടുത്താൽ വരുമോ എന്ന് പലരും ചിന്തിക്കുന്നുണ്ടാകും.

അല്ലെങ്കിൽ എനിക്ക് തരാൻ പറ്റാത്ത ക്യാരക്ടർ ഉള്ളതുകൊണ്ടാണോ വിളിക്കാത്തത് എന്ന് അവർ ചിന്തിക്കുന്നുണ്ടോ എന്നൊരു തോന്നൽ എനിക്കുണ്ട്. ഒരുപക്ഷേ സത്യം പറഞ്ഞാൽ അതിന് കാരണം എന്താണ്, എന്നെ വിളിക്കാത്തത് എന്താണെന്ന് ഇപ്പോഴും എനിക്കറിയില്ല,’ അശ്വതി പറഞ്ഞു.

സിനിമയിൽ അവസരം ലഭിക്കാത്തതിന്റെ കാരണം കൃത്യമായി അറിയില്ലെങ്കിലും, കഥാപാത്രത്തിന്റെ വലുപ്പത്തെക്കുറിച്ച് തനിക്ക് പ്രത്യേക നിർബന്ധങ്ങളൊന്നുമില്ലെന്നാണ് അശ്വതി പറയുന്നത്. സിനിമയിൽ പ്രാധാന്യമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് തന്റെ ആഗ്രഹമെന്നും താരം വ്യക്തമാക്കി.

‘എല്ലാവരും ആഗ്രഹിക്കുന്ന പോലെ തന്നെ മലയാളം സിനിമയിൽ നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കണം എന്നുള്ളത് തന്നെയാണ് എന്റെ ആഗ്രഹം. അതിൽ ചെറുതോ വലുതോ എന്നുള്ളതല്ല, നമുക്ക് പ്രാധാന്യമുള്ള കഥാപാത്രം ചെയ്യുക എന്നുള്ളതാണ്. അതിപ്പോൾ ഒരു സീൻ ആണെങ്കിലും ആ സീനിൽ പ്രധാനം ഉണ്ടാവുക എന്നുള്ളത് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്.

ഒരു സിനിമയിൽ മുഴുനീള കഥാപാത്രം വേണം എന്നുള്ളതൊന്നുമല്ല. അഭിനയിക്കാനുള്ളതുണ്ടാവണം എന്നുള്ളത് മാത്രമേയുള്ളൂ. ചെയ്യുന്നത് നല്ല വൃത്തിക്ക് ചെയ്യുക എന്നുള്ളത് മാത്രമാണ്. ഇനി ഇതൊക്കെ ചിന്തിക്കുന്നത് കൊണ്ടാണോ വരാത്തത് എന്നും എനിക്കറിയില്ല,’ അശ്വതി പറഞ്ഞു.

അതേസമയം, താൻ മിനിസ്‌ക്രീനിൽ സജീവമായി നിൽക്കുന്നതാണോ സിനിമയിലെ അവസരങ്ങളെ ബാധിക്കുന്നതെന്ന സംശയവും തനിക്കുണ്ടെന്നും മറ്റുള്ളവരും ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

വാഴ 2. Photo. IMDb

‘വേറൊരു കാര്യം, മറ്റ് രണ്ടുപേർ പറഞ്ഞു കേട്ടതാണ്. നമ്മൾ ഇനി മിനിസ്‌ക്രീനിൽ നിൽക്കുന്നതുകൊണ്ടാണോ എന്നെ സിനിമയിൽ വിളിക്കാത്തത് എന്ന്. ഞാൻ ഇങ്ങനെ സംസാരിച്ചപ്പോൾ കുറെ പേർ എന്നോട് അവരുടെ ഒരു കൺസേൺ പറഞ്ഞിരുന്നു. ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, ഞാനിനി മിനിസ്‌ക്രീനിൽ നിൽക്കുന്നതുകൊണ്ടാണോ എന്ന്. ഞാൻ ഇപ്പോൾ വാഴ 2വിൽ അഭിനയിച്ചപ്പോൾ തന്നെ കുറെ പേർക്ക് എന്നെ കണ്ടപ്പോൾ കണക്ട് ആയത് ഞാൻ മിനിസ്‌ക്രീനിൽ വേഷങ്ങൾ ചെയ്തതുകൊണ്ടാണ്. അതും ഒരു കാരണമാണോ എന്നെനിക്കറിയില്ല. അങ്ങനെയും പലരും എന്നോട് ചോദിച്ചു. എനിക്കും അങ്ങനെ തോന്നി. അതുകൊണ്ടാണോ എന്നുള്ളത് എനിക്കും ഒരു സംശയമുണ്ട്,’ അശ്വതി പറഞ്ഞു.

Content Highlight: Actress Aswathy chandh opens up about his career

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more