| Sunday, 14th December 2025, 3:24 pm

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് ചാറ്റ് ഡിലീറ്റ് ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി. ഉന്നയിച്ച വാദങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പാടെ പരാജയപ്പെട്ടുവെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ലെന്നതിന്റെ പേരില്‍ കോടതി വെറുതെ വിട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് കേസുമായി ബന്ധപ്പെട്ട ചാറ്റുകള്‍ ഡിലീറ്റ് ചെയ്തുവെന്ന വാദമുള്‍പ്പെടെ പ്രോസിക്യൂഷന് തെളിയിക്കാനായില്ല.

ദിലീപ് 12 ചാറ്റ് ഡിലീറ്റ് ചെയ്തതായി സാക്ഷിമൊഴിയുണ്ട്. ഈ ചാറ്റുകള്‍ കേസുമായി ബന്ധപ്പെട്ടവയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറയുന്നു.

മാത്രമല്ല ദിലീപ് ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ കേസുമായി ബന്ധമുള്ളതല്ലെന്നാണ് സാക്ഷി കോടതിയില്‍ പറഞ്ഞത്. ഇത്തരത്തില്‍ ഒരുപാട് സാക്ഷികളുണ്ടെന്നും ഇവര്‍ക്കൊന്നും നടി ആക്രമിക്കപ്പെട്ട കേസുമായി യാതൊരു ബന്ധവുമില്ലെന്നും കോടതി പറയുന്നു.

വിദേശത്തുള്ളവരുമായാണ് ദിലീപ് ചാറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഇവരെ കണ്ടെത്താനോ ഇവരുടെ ഫോണുകള്‍ ഹാജരാക്കാനോ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല.

നടി ആക്രമിക്കപ്പെടുന്നതിന് മുന്നോടിയായി ദിലീപ് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതുമായി ബന്ധപ്പെട്ട രേഖകളിലെ വിവരങ്ങള്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ജീവനക്കാരി എഴുതിച്ചേര്‍ത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

എന്നാല്‍ പ്രോസിക്യൂഷന്റെ ഈ വാദവും പൊളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേസില്‍ വിധി വന്നതിനുശേഷവും നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലിപിന് വ്യക്തമായ പങ്കുണ്ടെന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ചുനില്‍ക്കുകയാണ്.

ഡിസംബര്‍ 12നാണ് കേസില്‍ ശിക്ഷാവിധി പുറപ്പെടുവിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം വരെ തടവും പിഴയുമാണ് ശിക്ഷ. ശേഷം 1709 പേജുള്ള വിധി പകര്‍പ്പും പുറത്തുവന്നിരുന്നു.

ഇതില്‍, കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപില്‍ നിന്ന് പണം വാങ്ങാന്‍ ശ്രമിച്ചു, ഒമ്പതാം പ്രതി വഴി പണം കൈമാറ്റാന്‍ ചെയ്യാന്‍ ശ്രമിച്ചു എന്നീ വാദങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചു, ജയിലില്‍ നിന്ന് ദിലീപിനെ ബന്ധപ്പെട്ടു തുടങ്ങിയ വാദങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. അതിജീവിതയുടെ മോതിരത്തിന്റെ ദൃശ്യം പകര്‍ത്തിയെന്ന വാദവും നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞിരുന്നു.

കേസിലെ നിര്‍ണായക മൊഴിയായി പരിഗണിച്ചിരുന്ന ബാലചന്ദ്രകുമാറിന്റേത് പുതിയ തെളിവുകളല്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി ശരിവെച്ചിരുന്നു.

Content Highlight: Actress assault case; Prosecution unable to prove that Dileep deleted the chat

We use cookies to give you the best possible experience. Learn more