നായികാ പ്രധാന്യമുള്ള കഥകൾ പ്രേക്ഷകർ സ്വീകരിക്കുന്ന കാലമാണിതെങ്കിലും, അത്തരത്തിലുള്ള സിനിമകൾക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ലഭിക്കാറില്ല.
എന്നാൽ ദുൽഖറിനെ പോലെയുള്ള നിർമാതാക്കൾ മാത്രമേ നായികാ പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ വലിയ ബജറ്റ് മുടക്കുകയുള്ളുവെന്ന് പറയുകയാണ് അനുപമ പരമേശ്വരൻ. ദുൽഖറുമായി തനിക്ക് വെറുമൊരു സിനിമ ബന്ധം മാത്രമല്ല തന്റെ വഴികാട്ടിയാണെന്നും അനുപമ പറഞ്ഞു.
അനുപമ പരമേശ്വരൻ, Photo: IMDb
ഒരു സിനിമ വിജയിക്കണമെങ്കിൽ വലിയ താരമൂല്യമുള്ള നായകൻ വേണമെന്ന പൊതുധാരണ ഇന്നും ശക്തമാണെന്നും, ഒരു നായികയെ മാത്രം മുൻനിർത്തി വലിയ ബജറ്റ് ചെലവഴിക്കാൻ നിർമാതാക്കൾ ഇപ്പോഴും മടിക്കുന്നുണ്ടെന്നും അനുപമ അഭിപ്രായപ്പെട്ടു.
‘ലോക പോലെയുള്ള സിനിമകൾ നടക്കണമെങ്കിൽ ദുൽഖറിനെ പോലുള്ള നിർമാതാക്കൾ വേണം. ഒരു സ്ത്രീ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയെ, ആ കഥാപാത്രത്തെ വിശ്വസിച്ച പണം മുടക്കാൻ സിനിമ പാഷനായി കൊണ്ട് നടക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ സാധിക്കുകയുള്ളു. വളരെയധികം ധൈര്യവും വേണം. അത് ദുൽഖറിനെ പോലെയുള്ളവർക്കേ സാധിക്കു. അല്ലെങ്കിൽ ആദ്യം പാഷൻ പിന്നെ ലാഭം എന്ന് ചിന്തിക്കുന്നവരാകണം. അല്ലാതെ ഒരു നായികയ്ക്ക് വേണ്ടി ഇത്രയും പണം ആര് ചെലവാകും? ,’ അനുപമ പറഞ്ഞു.
നടിമാരെ തരം താഴ്ത്താൻ പറയുന്നതല്ല ഇത്തരം അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ടെന്നും അനുപമ കൂട്ടിച്ചേർത്തു.
സിനിമയിലെ വിജയപരാജയങ്ങൾ പലപ്പോഴും താരങ്ങളുടെ ‘സ്റ്റാർ വാല്യൂ’വിലാണ് അളക്കപ്പെടുന്നതെന്നും, അതിനിടയിൽ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ പലപ്പോഴും പിന്നിലാകുന്നുവെന്നും അനുപമ വ്യക്തമാക്കി.
ദുൽഖർ ഉള്ളത് കൊണ്ടാണ് ലോകയുണ്ടായതെന്നും അതിന്റെ കളക്ഷൻ കാണുമ്പോൾ അഭിമാനമുണ്ടെന്നും താരം പറഞ്ഞു. ദുൽഖർ തന്റെ സുഹൃത്തെന്നതിലുപരി തന്റെ വഴികാട്ടിയാന്നെനും ദുൽഖറിനോട് വലിയ ആരാധനയാണെന്നും അനുപമ കൂട്ടിച്ചേർത്തു. ഏതു സമയത്തും തന്നെ രക്ഷിക്കാൻ ദുൽഖർ ഉണ്ടാകുമെന്നും താരം പറഞ്ഞു.