അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. ചിത്രത്തിൽ നിവിൻ പോളിയുടെ മൂന്ന് നായികമാരിൽ ഒരാളായാണ് അനുപമ അഭിനയിച്ചത്. സിനിമയിൽ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും അനുപമയ്ക്ക് ആരാധകർ ഏറെയുണ്ട്.
തെലുങ്കിൽ സജീവമായ നടി ഇപ്പോൾ നിരവധി സിനിമകളിൽ അഭിനയിച്ചു കൊണ്ട് അവിടെ ശ്രദ്ധേയമാണ്. ഇപ്പോഴിതാ മോഹൻലാലിനോട് തനിക്കും ക്രഷുണ്ടെന്ന് പറയുകയാണ് നടി. ചെറുപ്പം മുതൽ മോഹൻലാലിന്റെ സിനിമകൾ കണ്ടാണ് വളർന്നതെന്നും അമ്മയും സഹോദരനും അദ്ദേഹത്തിന്റെ വലിയ ആരാധകരാണെന്നും അനുപമ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ക്രേസി കല്യാണം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഹോണസ്റ്റ് ടൗൺ ഹാൾ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
അനുപമ പരമേശ്വരൻ. Photo. Screen Grab/ Youtube
‘എനിക്ക് എപ്പോഴും മോഹൻലാൽ സാറിനോട് ക്രഷാണ്. എന്റെ സെലിബ്രൈറ്റി ക്രഷ് ആളാണ് എപ്പോഴും. എന്റെ അമ്മയ്ക്ക് ചെറുപ്പം മുതൽ മോഹൻലാൽ സാറിനോട് വലിയ ഇഷ്ടമാണ്. സഹോദരനും അദ്ദേഹത്തിന്റെ വലിയ ഫാനാണ്. ചിലപ്പോൾ അവന് എന്നേക്കാൾ വലിയ ക്രഷാണെന്ന് തോന്നി പോകും. ഇപ്പോഴും ഞങ്ങൾ സംസാരിക്കുമ്പോൾ മോഹൻലാലിനെക്കുറിച്ചുള്ള കാര്യങ്ങളാണ് പറയാറുള്ളത്. അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും റീലുകളെക്കുറിച്ചുമൊക്കെ സംസാരിക്കും,’ അനുപമ പറഞ്ഞു.
ചെറുപ്പം മുതൽ മോഹൻലാലിന്റെ ഒരുപാട് സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നും താരം കൂട്ടിച്ചേർത്തു.
‘അദ്ദേഹത്തിന്റെ അഭിനയവും ഭാവപ്രകടനങ്ങളുമൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ചെറുപ്പം മുതലേ ഒരുപാട് സാറിന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. സാറുമായിട്ട് ഏജ് വ്യത്യാസമുണ്ടെന്ന് എനിക്കറിയാം എന്നിരുന്നാലും ക്രഷ് എന്നുപറഞ്ഞാൽ ക്രഷ് തന്നെയല്ലേ,’ അനുപമ പറഞ്ഞു.
അതേസമയം, എ.ഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ അപകടകരമായ രീതിയിലേക്ക് വളരുകയാണെന്നും നടി അനുപമ പറഞ്ഞു. വിനോദത്തിനായി തുടങ്ങിയ എ.ഐ വീഡിയോകൾ അതിരുകൾ കടക്കുകയാണെന്നും അവയുടെ ഉപയോഗത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും താരം പറഞ്ഞു.
അനുപമ പരമേശ്വരൻ. Photo. Screen Grab/ Youtube. Facebook.com
‘ഇപ്പോൾ നമ്മൾ മനുഷ്യരോട് മത്സരിക്കുന്നതിന് പകരം എ.ഐയോട് മത്സരിക്കേണ്ട അവസ്ഥയാണ്. നമ്മുടെ യഥാർഥ ഫോട്ടോകൾ പോലും എ.ഐയിൽ കൊടുത്ത് മാറ്റങ്ങൾ വരുത്തിയിട്ടാണ് പോസ്റ്റ് ചെയ്യുന്നത്. ഇതൊക്കെ ശരിക്കും പേടിപ്പിക്കുന്ന കാര്യമാണ്. എ.ഐ ഉപയോഗിക്കുന്നവരും അത് വികസിപ്പിക്കുന്നവരും ധാർമികത പാലിക്കേണ്ടത് വളരെ പ്രധാനമാണ്,’ അനുപമ കൂട്ടിച്ചേർത്തു.
Content Highlight: Actress Anupama Parameswaran reveals that she also has a crush on Mohanlal