| Monday, 31st August 2026, 7:48 am

കല്യാണം കഴിച്ചാലും ഇല്ലെങ്കിലും കുട്ടികൾ വേണം; വിവാഹത്തെ കുറിച്ച് അനുപമ പരമേശ്വരൻ

അജ്മല്‍ കെ

വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്‌ചപ്പാടുകളും ജീവിതത്തിൽ നിന്നുള്ള തിരിച്ചറിവുകളും തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. കൗമാരകാലത്ത് വിവാഹത്തെക്കുറിച്ച് കണ്ടിരുന്ന സ്വപ്നങ്ങളിൽ നിന്ന് ഇന്ന് താൻ ഏറെ മാറിയെന്നും, വിവാഹം കഴിച്ചാലും ഇല്ലെങ്കിലും അമ്മയാകണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും അനുപമ പറഞ്ഞു. വനിത വരാന്ത യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനുപമ വ്യക്തിജീവിതത്തെക്കുറിച്ചുള്ള നിലപാടുകൾ പങ്കുവച്ചത്.

‘ടീനേജിൽ തുർക്കിയിൽ നിന്ന് രാജകുമാരൻ കല്യാണം കഴിക്കാൻ വരുമെന്നൊക്കെ സ്വപ്നം കണ്ടിരുന്നു. പതിനാറാം വയസ്സിൽ ബ്രേക്കപ്പായതോടെയാണ് അത് മാറിയത്. നിരാശയിൽ നിന്ന് പുറത്തുകടക്കാനാണ് നാട്ടിൽ നിന്ന് പേടിച്ചോടി സി.എം.എസ് കോളേജിലെത്തിയത്,’ അനുപമ പറഞ്ഞു.

അനുപമ പരമേശ്വരൻ. Photo: Screen grab/ Youtube

23 വയസ്സുവരെ പിന്നീട് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്നും 28-ാം വയസ്സിലാണ് വീണ്ടും കല്യാണം കഴിക്കണമെന്ന തോന്നലുണ്ടായതെന്നും താരം വ്യക്തമാക്കി. എന്നാൽ വിവാഹത്തേക്കാൾ ഏറെ ആഗ്രഹിക്കുന്നത് അമ്മയാകാനാണെന്നും അനുപമ കൂട്ടിച്ചേർത്തു.

‘അമ്മയാകണമെന്ന് വലിയ ആഗ്രഹമാണ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും, സിംഗിൾ മദറായിട്ടാണെങ്കിലും കുട്ടികൾ വേണം. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കല്യാണവും കുട്ടികളുമൊക്കെ പ്ലാനിലുണ്ടായിരുന്നു. ഇനി, ബേസിക് ഹ്യൂമൻ ക്വാളിറ്റീസെല്ലാമുള്ള എനിക്ക് പറ്റുന്ന ആളെ കിട്ടിയാൽ മാത്രം മതി കല്യാണം. നന്നായി സ്നേഹിക്കാനറിയാം എനിക്ക്. എപ്പോഴെങ്കിലും പറ്റുന്നൊരാളെ കണ്ടെത്തിയിട്ട് അതിനെക്കുറിച്ച് ചിന്തിക്കാം,’ അനുപമ വ്യക്തമാക്കി.

നമ്മുടെ ചുറ്റുമുള്ള ആളുകൾ നമ്മളെ വളരാൻ സഹായിക്കുന്നവരായിരിക്കണം. സുഹൃത്താകാം, പാർട്‌ണറാകാം, സഹപ്രവർത്തകരാകാം, രക്ഷിതാക്കളാകാം, സഹോദരങ്ങളാകാം ആരുമാകാം. എന്നാൽ അവരുടെ സാന്നിധ്യം കൊണ്ട് നമ്മുടെ വളർച്ച തടസപ്പെടുന്നുണ്ടെങ്കിൽ ആ ബന്ധത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് അനുപമ പറഞ്ഞു.

അനുപമ പരമേശ്വരൻ. Photo: Screen grab/ Youtube

‘അവർ നമ്മളെ വളരാൻ സഹായിക്കണം. ഒരിക്കലും നമ്മളെ ചെറുതാക്കരുത്. അവരുടെ സാന്നിധ്യം കൊണ്ട് വളർച്ച തടസപ്പെടുന്നുവെങ്കിൽ, അവരോട് സംസാരിക്കുന്നതിന് മുൻപ് രണ്ടുവട്ടം ചിന്തിക്കേണ്ടി വരുന്നുവെങ്കിൽ, എഗ്‌ഷെല്ലിനു മീതെയാണ് നടക്കുന്നതെന്ന് തോന്നുന്നുവെങ്കിൽ ആ ബന്ധത്തിൽ എന്തോ കാര്യമായ പന്തികേടുണ്ട്. അവരിൽ നിന്ന് ഒഴിഞ്ഞുമാറുക തന്നെ വേണം,’ താരം പറഞ്ഞു.

മനസിനെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾ പുറത്തുപറയാൻ കഴിയാതെ ഉള്ളിൽ കൊണ്ടുനടക്കുമ്പോഴാണ് പലരും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതെന്നും അത്തരക്കാരെ ഇപ്പോൾ തനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ടെന്നും അനുപമ വ്യക്തമാക്കി.

Content Highlight: Actress Anupama parameshwaran opens up her personal life

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more