ഡബ്ബിങ് രംഗത്ത് അഞ്ച് പതിറ്റാണ്ടായി നിറഞ്ഞുനിൽക്കുന്നയാളാണ് ഭാഗ്യലക്ഷ്മി. ചെറുപ്രായത്തിൽ തന്നെ ഡബ്ബിങ് രംഗത്തേക്ക് ചുവടുവെച്ച ഭാഗ്യലക്ഷ്മി മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകൾക്ക് ശബ്ദം നൽകി. മൂന്ന് തവണ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡും ഭാഗ്യലക്ഷ്മി സ്വന്തമാക്കിയിട്ടുണ്ട്. അഭിനയത്തിലും ഭാഗ്യലക്ഷ്മി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ വീടുവിട്ടിറങ്ങിയ ശേഷവും നിയമപരമായ വിവാഹമോചനത്തിലേക്ക് നീങ്ങാൻ താൻ കാത്തിരിക്കുകയായിരുന്നുവെന്ന് പറയുകയാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. മക്കൾക്ക് 18 വയസ്സാകുന്നതുവരെ ഡിവോഴ്‌സിന് പോകാതിരുന്നത് അവരെ കോടതി കയറ്റിയിറക്കി മാനസികമായി പിരിമുറുക്കത്തിലാക്കേണ്ടെന്ന് കരുതിയാണെന്നും അവർ ഗൃഹ ലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഭാഗ്യലക്ഷ്മി.photo. Screen Grab/ Youtube
‘മക്കൾക്ക് 18 വയസ്സാകുന്നതുവരെ ഞാൻ ഡിവോഴ്‌സിന് പോയില്ല. മക്കളെ കോടതിയിൽ കയറ്റിയിറക്കി മാനസികമായി പിരിമുറുക്കത്തിലാക്കേണ്ടെന്ന് കരുതി. പ്രായപൂർത്തിയായപ്പോൾ മക്കളോട് കാര്യം പറഞ്ഞു. ‘ഇത് അമ്മയുടെ ജീവിതമാണ്, അമ്മയുടെ തീരുമാനമാണ്’ എന്നായിരുന്നു അവർ പറഞ്ഞത്,’ഭാഗ്യ ലക്ഷ്മി പറഞ്ഞു.
ഡിവോഴ്‌സ് നടപടികളിൽ യാതൊരു ആവശ്യവും മുന്നോട്ടുവെച്ചിരുന്നില്ലെന്നും, താൻ അധ്വാനിച്ച് ഉണ്ടാക്കിയ വീട് പോലും വേണ്ടെന്ന് വെച്ചെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
‘ഡിമാൻഡുകളൊന്നുമില്ലാതെ ഡിവോഴ്‌സ് പെറ്റിഷൻ കൊടുത്തു. ഞാൻ അധ്വാനിച്ച് ഉണ്ടാക്കിയ വീട് പോലും വേണ്ടെന്ന് വെച്ചു. ഡിവോഴ്‌സ് കിട്ടിയശേഷം ഒരു ഫ്ലാറ്റ് വാങ്ങി. മക്കൾ വലുതായപ്പോൾ കുറച്ചുകൂടി വലിയ ഫ്ലാറ്റിലേക്ക് മാറി,’ നടി പറഞ്ഞു.
ഇതിനിടെ, ഭർത്താവ് നിർമ്മിച്ച സിനിമയുമായി ബന്ധപ്പെട്ട് കോടതിയിലുണ്ടായിരുന്ന കേസും സ്വന്തം പണം ഉപയോഗിച്ച് അവസാനിപ്പിച്ചുവെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
ഭാഗ്യലക്ഷ്മി.photo. Screen Grab/ Youtube
‘ഭർത്താവ് വരുത്തിവെച്ച സിനിമയുടെ കേസ് കോടതിയിലുണ്ടായിരുന്നു. ഡിസ്ട്രിബ്യൂട്ടറുടെ പണം തിരിച്ചുകൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് തോന്നി. എന്റെ കൈയിൽ നിന്നുള്ള പണം കൊടുത്ത് ആ കേസും അവസാനിപ്പിച്ചു,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
Content Highlight: Actress and dubbing artist Bhagyalakshmi says that even after leaving home, she was waiting to proceed with a legal divorce