| Friday, 6th November 2026, 12:11 pm

‘മറ്റൊരു നടിയുമായി താരതമ്യം ചെയ്യുന്നത് എന്നെ ബാധിക്കാറില്ല’; ‘എന്തിനാണ് ആളുകൾ എന്നെ വെറുക്കുന്നതെന്ന് അറിയില്ലായിരുന്നു’: അനശ്വര രാജൻ

അജ്മല്‍ കെ

മറ്റു നടിമാരുമായി താരതമ്യം ചെയ്യപ്പെടുന്നതിനെ ഇപ്പോൾ അതൊരു മത്സരമായി കാണാറില്ലെന്നും അത്തരം കാര്യങ്ങൾ തന്നെ ബാധിക്കാറില്ലെന്നും നടി അനശ്വര രാജൻ.  ഒരുകാലത്ത് താരതമ്യങ്ങളും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളുമെല്ലാം തന്നെ ഏറെ ബാധിച്ചിരുന്നുവെന്നും എന്നാൽ ഇപ്പോൾ സ്വന്തം ജോലിയിലും കഴിവുകൾ മെച്ചപ്പെടുത്തുന്നതിലുമാണ് ശ്രദ്ധയെന്നും ഗേൾ ഫോർമുല എന്ന അഭിമുഖത്തിൽ അനശ്വര പറഞ്ഞു.

‘താരതമ്യങ്ങൾ ട്വിറ്ററിൽ മാത്രമല്ല, മറ്റു ഇടങ്ങളിലും ഉണ്ടാകാറുണ്ട്. അതൊക്കെ ഞാൻ ഇപ്പോൾ ശീലിച്ചുകഴിഞ്ഞു. ഇതിനെ ഒരു മത്സരമായി കാണുന്നില്ല. ഒരുകാലത്ത് ഇത്തരം കാര്യങ്ങളെല്ലാം എന്നെ ഒരുപാട് ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ എന്നെക്കുറിച്ച് വ്യക്തമായി മനസിലാക്കുന്നുണ്ട്. ഞാൻ എന്താണ് ചെയ്യുന്നതെന്നും എനിക്ക് അറിയാം. ഇപ്പോൾ ഞാൻ എന്നിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. ചെയ്യുന്ന സിനിമകൾ, കഥാപാത്രങ്ങൾ, എന്റെ കഴിവുകൾ മെച്ചപ്പെടുത്തുക അതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് മറ്റുള്ള കാര്യങ്ങളൊന്നും ഇപ്പോൾ എന്നെ ബാധിക്കാറില്ല,’ അനശ്വര പറഞ്ഞു.

അനശ്വര രാജൻ. Photo. Screen Grab/ Youtube

എന്നാൽ ചില കാര്യങ്ങൾ ഇപ്പോഴും വേദനിപ്പിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ നിന്ന് വലിയ തോതിൽ അധിക്ഷേപങ്ങൾ നേരിട്ട ഒരു കാലഘട്ടത്തെക്കുറിച്ചും അനശ്വര തുറന്നുപറഞ്ഞു.

‘താരതമ്യങ്ങൾ കൊണ്ടല്ല, മറ്റൊരു കാരണത്താൽ ഞാൻ വളരെ മോശമായൊരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. എല്ലാവരും എന്നെ വെറുക്കുന്നതുപോലെ തോന്നിയിരുന്ന ഒരു സമയമായിരുന്നു അത്. എന്തിനാണ് ആളുകൾ എന്നെ വെറുക്കുന്നതെന്ന് എനിക്ക് മനസിലായിരുന്നില്ല.

എന്ത് തെറ്റാണ് ഞാൻ ചെയ്തത്, എവിടെയാണ് പിഴച്ചത് എന്നൊക്കെ അടുപ്പമുള്ളവരോട് ചോദിക്കുമായിരുന്നു. സോഷ്യൽ മീഡിയ തുറക്കാനോ യൂട്യൂബിൽ എന്റെ പേര് തെരഞ്ഞുനോക്കാനോ പോലും പേടിയായിരുന്നു. എവിടെയെങ്കിലും എനിക്കെതിരായ അധിക്ഷേപ കമന്റുകൾ കാണുമോ എന്നായിരുന്നു ഭയം. ചില ദിവസങ്ങളിൽ മുറിയിലിരുന്ന് കരയുമായിരുന്നു,’ അനശ്വര പറഞ്ഞു.

ആ ഘട്ടത്തിൽ നിന്ന് സ്വയം പുറത്തുകടക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇപ്പോൾ ആരോഗ്യകരമായ മാനസികാവസ്ഥയിലാണ് താനെന്നും താരം വ്യക്തമാക്കി.

അനശ്വര രാജൻ. Photo. Screen Grab/ Youtube

‘ആ അവസ്ഥയിൽ നിന്ന് ഞാൻ തന്നെ പുറത്തുകടന്നു. ഇപ്പോഴുള്ള എന്നെക്കുറിച്ച് എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ആരോഗ്യകരമായ മാനസികാവസ്ഥയിലാണ് ഇപ്പോൾ ഞാൻ. എന്റെ കഴിവുകൾ എങ്ങനെ മെച്ചപ്പെടുത്താം, ജോലിയിൽ എങ്ങനെ കൂടുതൽ ശ്രദ്ധിക്കാം എന്നതിലാണ് ഇപ്പോൾ ശ്രദ്ധ. മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ച് സമയം കളയാറില്ല,’ അനശ്വര കൂട്ടിച്ചേർത്തു.

Content Highlight: Actress Anaswara Rajan says that she no longer views being compared to other actresses as a competition, and that such things do not affect her.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more