2017 ൽ പുറത്തിറങ്ങിയ ഉദാഹരണം സുജാതയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് അനശ്വര രാജൻ. പിന്നീട് 2019 ൽ പുറത്തിറങ്ങിയ തണ്ണീർ മത്തൻ ദിനങ്ങളിലൂടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട അനശ്വര നിലവിൽ മലയാളത്തിലെ മുൻ നിര നായിക നടിമാരിൽ ഒരാളാണ്. ജീത്തു ജോസഫ്- മോഹൻലാൽ ചിത്രം നേരിലൂടെ അഭിനേത്രി എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ച അനശ്വര ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമാണ്.
ഇപ്പോൾ തെലുങ്ക് സിനിമയിൽ സജീവമായ താരം 2025ൽ പുറത്തിറങ്ങിയ ചാമ്പ്യൻ എന്ന സിനിമയിലൂടെയാണ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഇതല്ലു അർജുന,വിത്ത് ലവ്, 7/G റെയിൻ ബോ കോളനി 2, അന്ത രാമുലൊരു ചൂസ്കുണ്ടാരു തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തെലുങ്കിൽ മെഗാസ്റ്റാർ ചിരഞ്ജീവിയോടപ്പമുള്ള ‘കാക്ക’ ചിത്രവും താരത്തിന്റെതായി റിലീസിന് തയ്യാറെടുക്കുകയാണ്.
അനശ്വര രാജൻ . Photo. Screen Grab/ Youtube
ഇപ്പോഴിതാ ചെറുപ്പം മുതൽ അല്ലു അർജുന്റെ വലിയ ആരാധികയാണ് താനെന്ന് പറയുകയാണ് നടി അനശ്വര രാജൻ. അദ്ദേഹത്തിന്റെ സിനിമകൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് എത്തിയിരുന്നതിനാൽ മലയാളം പതിപ്പുകളിലൂടെയാണ് ചെറുപ്പത്തിൽ സിനിമകൾ കണ്ടിരുന്നതെന്നും അതുകൊണ്ട് അല്ലു അർജുൻ ഒരു തെലുങ്ക് നടനാണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും അനശ്വര ഗേൾ ഫോർമുലക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ചെറിയ പ്രായം മുതൽ ഞാൻ അല്ലു അർജുൻ സാറിന്റെ വലിയ ആരാധികയാണ്. അദ്ദേഹം ഒരു തെലുങ്ക് നടനാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് വരുമായിരുന്നു. ആ മലയാളം ഡബ്ബിങ് ചെയ്തിരുന്നത് ഒരു മലയാളം സംവിധായകനായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ശബ്ദം നമുക്ക് വളരെ പരിചിതമായിരുന്നു. അങ്ങനെയാണ് ഞാൻ അദ്ദേഹത്തിന്റെ സിനിമകൾ കണ്ടുവളർന്നത്. പിന്നീടാണ് അദ്ദേഹം തെലുങ്ക് നടനാണെന്ന് മനസിലാക്കിയത്,’ അനശ്വര പറഞ്ഞു.
അല്ലു അർജുന്റെ ‘ഹാപ്പി’ സിനിമ വീണ്ടും തിയേറ്ററുകളിലെത്തിയപ്പോഴുള്ള അനുഭവവും താരം പങ്കുവെച്ചു. അന്ന് യാത്രയ്ക്കായി ഫ്ലൈറ്റ് ടിക്കറ്റ് ഉണ്ടായിരുന്നിട്ടും സിനിമ തിയേറ്ററിൽ തന്നെ കാണണമെന്ന ആഗ്രഹം കാരണം സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ പോയെന്നും അനശ്വര പറഞ്ഞു.
‘ഹാപ്പി കേരളത്തിൽ വീണ്ടും റിലീസ് ചെയ്തപ്പോൾ എനിക്ക് ഒരു ഫ്ലൈറ്റ് ഉണ്ടായിരുന്നു. പക്ഷേ, എനിക്ക് ആ സിനിമ തിയേറ്ററിൽ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. എങ്ങനെയെങ്കിലും കാണണമെന്ന് ഞാൻ തീരുമാനിച്ചു. അങ്ങനെ ഞാനും എന്റെ സുഹൃത്തുക്കളും കൂടി സിനിമ കാണാൻ പോയി,’ അനശ്വര പറഞ്ഞു.
തിയേറ്ററിൽ സിനിമയ്ക്ക് ലഭിച്ച സ്വീകരണം തന്നെ അത്ഭുതപ്പെടുത്തിയെന്നും മലയാളത്തിലെ താരങ്ങളുടെ സിനിമകളെ ആരാധകർ ആഘോഷിക്കുന്നതുപോലെ തന്നെയായിരുന്നു അല്ലു അർജുന്റെ ചിത്രത്തിനും ലഭിച്ച വരവേൽപ്പെന്നും അനശ്വര പറഞ്ഞു.
‘ആ സിനിമയ്ക്ക് പ്രേക്ഷകരിൽനിന്ന് ലഭിച്ച ഊർജം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. അവർ സിനിമ ആഘോഷിക്കുകയായിരുന്നു. പാട്ടുകൾ വരുമ്പോഴെല്ലാം ആളുകൾ തിയേറ്ററിൽ ഡാൻസ് ചെയ്യുകയായിരുന്നു. മലയാളത്തിലെ താരങ്ങളെ നമ്മൾ ആഘോഷിക്കുന്നതുപോലെ തന്നെയായിരുന്നു അത്. ഞാൻ എപ്പോഴും അല്ലു അർജുൻ സാറിന്റെ ആരാധികയാണ്,’ താരം കൂട്ടിച്ചേർത്തു.
Content Highlight: Actress Anaswara Rajan says that she has been a huge fan of Allu Arjun since she was young.