സിനിമയില്‍ നിന്നും നേരിട്ട തിക്താനുഭങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി അംബിക. സിനിമയില്‍ തന്നെ ഒരുപാട് ഹര്‍ട്ട് ചെയ്തിട്ടുള്ളത് ഫീമെയില്‍ ആര്‍ടിസ്റ്റുകളാണെന്നും അതൊന്നും തനിക്ക് ഒരിക്കലും മറക്കാനാവില്ലെന്നും അംബിക പറഞ്ഞു.
ഭക്ഷണം കഴിക്കാനിരുന്ന ടേബിളിന് മുന്‍പില്‍ വെച്ച് പോലും ഒരു നടി തന്നെ അപമാനിച്ചിട്ടുണ്ടെന്നും അതിനൊക്കെ പില്‍ക്കാലത്ത് താന്‍ മധുരപ്രതികാരം ചെയ്തിട്ടുണ്ടെന്നും അംബിക പറയുന്നു. അമൃത ടിവിക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അംബിക.
‘ എന്നെ ഒരുപാട് ഹേര്‍ട്ട് ചെയ്തത് ഫീമെയില്‍ ആര്‍ടിസ്റ്റുകളായിരുന്നു. തുടക്ക സമയത്തൊക്കെ. പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ എന്നെ ഇന്‍സള്‍ട്ട് ചെയ്തിട്ടുണ്ട്.
എറണാകുളത്ത് ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഫുഡിന് സമയമായപ്പോള്‍ എല്ലാവരേയും വിളിച്ചു. കഴിക്കാനായി ഞാന്‍ ചെന്നപ്പോള്‍ ഞാന്‍ കേള്‍ക്കെ അവര്‍ പറയുകയാണ് പുതിയ ആള്‍ക്കാരൊക്കെയല്ലേ എന്താ അതിന്റെ ആവശ്യം എന്ന്.
കരിമീന്‍ കഴിച്ചില്ലെങ്കില്‍ ഇറങ്ങില്ലേ എന്നൊക്കെ ചോദിച്ചു. ഞാന്‍ ആകെ വല്ലാതായി. എന്റെ അമ്മയെ സംബന്ധിച്ചിടത്തോളം ഭക്ഷണക്കാര്യത്തിലൊക്കെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ വല്ലാതെ ഹര്‍ട്ടാവും.
മോളിങ്ങ് വാ, നീ കഴിക്കണ്ട എന്ന് പറഞ്ഞു. എന്റെ കണ്ണൊക്കെ അങ്ങ് നിറഞ്ഞു. അമ്മ എന്നെ വിളിച്ച് മോള്‍ ഇവിടെ ഇരിക്ക് എന്ന് പറഞ്ഞു. എന്നിട്ട് എറണാകുളത്ത് ഒരു ഗ്രാന്റ് ഹോട്ടല്‍ ഉണ്ട്. അവിടെ പോയി നാലഞ്ച് കരിമീന്‍ വാങ്ങിച്ചുകൊണ്ട് വന്നു. നമ്മള്‍ ഭക്ഷണം കഴിച്ചു.
അവര്‍ പറയുന്നത് എന്താണെന്ന് വെച്ച് കഴിഞ്ഞാല്‍ നമ്മള്‍ ന്യൂ കമര്‍ അല്ലേ അതുകൊണ്ട് അതിന്റെ ആവശ്യമില്ല എന്നാണ്. അവര്‍ വേറേയും ഒന്ന് രണ്ട് പടങ്ങളില്‍ എന്നെ ഹര്‍ട്ട് ചെയ്തിട്ടുണ്ട്.
ഒരു പടത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. അന്ന് എനിക്ക് വേറൊരു ഷൂട്ടിന് പോകണം. അന്ന് വൈകുന്നേരത്തെ ട്രെയിനിനാണ് പോകേണ്ടത്.
ഇവര്‍ മനപൂര്‍വം ഒരു ഷോട്ടില്‍ പത്ത് പന്ത്രണ്ട് ടേക്ക് വരെ പോയി. ഡയറക്ടര്‍ എന്നെ വിളിച്ചിട്ട് എടീ കൊച്ചേ നിനക്കും അവര്‍ക്കും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു.
ഇല്ല ചേട്ടാ എന്ന് പറഞ്ഞു. എന്താ കാര്യം എന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് പറഞ്ഞു. ഇവര്‍ ഡയലോഗ് പറയും തെറ്റും വീണ്ടും ഡയലോഗ് പറയും വീണ്ടും തെറ്റിക്കും അങ്ങനെ പോകുകയാണ്.
ഒരു പ്രാവശ്യവും രണ്ട് പ്രാവശ്യവും മൂന്ന് പ്രാവശ്യവും ആണെങ്കില്‍ ഓക്കെ. പിന്നെ നമുക്ക് മനപൂര്‍വം ചെയ്യുന്നാണെന്ന് മനസിലാകുമല്ലോ.
പിന്നെ വേറൊരു ആര്‍ടിസ്റ്റും മോശമായ രീതിയില്‍ പെരുമാറിയിരുന്നു. അതും ലൊക്കേഷനിലാണ്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വലിയൊരു ടേബിളൊക്കെ ഇട്ട് ഇലയൊക്കെ ഇട്ടു.
ഊണ് കഴിക്കാന്‍ വരൂ എന്ന് വിളിച്ചു. ഞാന്‍ ചെന്ന് ഇരിക്കാന്‍ തുടങ്ങുമ്പോള്‍, ‘നോ നോ, യു ഗോ ആന്‍ഡ് സിറ്റ് ദേര്‍’ എന്ന് പറഞ്ഞു. നീ ഇവിടെ ഇരിക്കണ്ട. ഞങ്ങള്‍ സീനിയേഴ്‌സാണ് നീ അവിടെ പോയി ഇരിക്കൂ എന്ന് പറഞ്ഞു. ഞാന്‍ നേരെ എന്റെ അമ്മയുടെ അടുത്തേക്ക് അങ്ങ് പോയി.
നിനക്കെന്നും പറഞ്ഞ് ഒരു കാലം വരും. അന്ന് നീ മധുരമായിട്ട് പകരം ചോദിക്കണമെന്നും അച്ഛനും അമ്മയും എന്നോട് പറഞ്ഞു. അവരെ ഇന്‍സള്‍ട്ട് ചെയ്‌തോ എന്നല്ല പറഞ്ഞത്. മധുരമായി പ്രതികാരം ചെയ്യൂ എന്നാണ്.
അതുപോലെ തന്നെ അവരോട് ഞാന്‍ മധുരമായി പ്രതികാരം വീട്ടി. അത് മദ്രാസില്‍ വെച്ചിട്ടായിരുന്നു. അവര്‍ ഷൂട്ടിന്റെ ഭാഗമായി ഒരു സ്റ്റുഡിയോയില്‍ വന്നു.
അന്ന് ഞാന്‍ കത്തിനില്‍ക്കുന്ന സമയമാണ്. നമുക്ക് സ്വന്തമായി മേക്കപ്പ് റൂമും അസിസ്റ്റന്‍സും പത്ത് പേര് ചുറ്റുമൊക്കെ ഉണ്ടാകും. ഞാന്‍ എന്തോ ഒരു കാര്യത്തിന് വെളിയില്‍ വന്നപ്പോള്‍ അവര്‍ വെളിയില്‍ നില്‍ക്കുന്നു.
ചേച്ചീ എന്താ ഇവിടെ എന്ന് ചോദിച്ചു. അല്ല, എനിക്ക് ഇരിക്കാന്‍ മേക്കപ്പ് റൂം ഇല്ല എന്ന് പറഞ്ഞു. അപ്പോള്‍ നമ്മുടെ മനസിലൂടെ ഈ ഫ്‌ളാഷ് ബാക്ക് പോകുമല്ലോ.
എനിക്ക് ഷോട്ട് റെഡിയാണ്. ചേച്ചി അകത്തിരിക്ക് എന്ന് പറഞ്ഞ് അവരെ വിളിച്ച് ഞാന്‍ എന്റെ റൂമില്‍ ഇരുത്തി. അവരുടെ അസിസ്റ്റന്റ് വന്നിട്ടില്ല. ഞാന്‍ എന്റെ അസിസ്റ്റന്റിനോട് നിങ്ങള്‍ ഇവിടെ തന്നെ ഇരിക്കണം എന്ന് പറഞ്ഞ് അവരെ അവിടെ ഇരുത്തിയിട്ട് ഞാന്‍ പോയി.
അത് ചെയ്തു കഴിഞ്ഞപ്പോള്‍ എന്റെ മനസിന്റെ അകത്ത് ഒരു ചെറിയ അഹങ്കാരം കലര്‍ന്ന ഒരു സന്തോഷമില്ലേ അതുണ്ടായി. ചേച്ചി അകത്തിരിക്കൂ എന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നെ ഒന്ന് നോക്കി.
ആ നോട്ടത്തില്‍ തന്നെ അവര്‍ക്കും മനസിലായി എനിക്കും മനസിലായി രണ്ടുപേരും ഉദ്ദേശിച്ചത് എന്താണെന്ന്. ഇന്‍സള്‍ട്ടിങ് ഒക്കെ നമ്മുടെ ഫീല്‍ഡില്‍ എല്ലാവര്‍ക്കും ഉണ്ടായിട്ടുണ്ട്,’ അംബിക പറഞ്ഞു.
Content Highlight: Actress Ambika About the bad experiance she face on a cinema set