| Thursday, 9th February 2023, 7:27 am

അത് പതുക്കെ സിനിമയില്‍ നിന്നും റിയല്‍ ലൈഫിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്, പക്ഷെ നടക്കുന്നില്ല: ഐശ്വര്യ ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍, ഉദയ കൃഷ്ണ കൂട്ടുക്കെട്ട് ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒമ്പതിന് തിയേറ്ററില്‍ റിലീസിനെത്തുകയാണ്. ചിത്രത്തില്‍ ആമിന എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്.

ക്രിസ്റ്റഫറിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ഐശ്വര്യ. ബുദ്ധിമുട്ടുള്ള സന്ദര്‍ഭത്തില്‍ തന്നെ രക്ഷിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയുടെ കഥാപാത്രമെന്നും ക്രിസ്റ്റഫറിന്റെ ലൈഫില്‍ സ്വാതന്ത്ര്യത്തോടെ ഇടപെടുന്ന കഥപാത്രമാണ് തന്റേതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തോട് തന്റെ കഥാപാത്രമെടുക്കുന്ന സ്വാതന്ത്ര്യം റിയല്‍ ലൈഫിലേക്ക് പകര്‍ത്താന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടി കമ്പനിയുടെ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്നെ ഒരു ബുദ്ധിമുട്ടുള്ള സന്ദര്‍ഭത്തില്‍ നിന്നും രക്ഷിക്കുന്ന വ്യക്തിയാണ് ക്രിസ്റ്റഫര്‍. പക്ഷെ ക്രിസ്റ്റഫറിന്റെ ലൈഫില്‍ അദ്ദേഹത്തോട് ആ ഒരു സ്വാതന്ത്ര്യത്തില്‍ സംസാരിക്കുന്ന മറ്റൊരു കഥാപാത്രവും ഇല്ല.

അങ്ങനെ ഒരു ദുസ്വാതന്ത്ര്യം ഉപയോഗിക്കുന്ന കഥാപാത്രമാണ് ചിത്രത്തില്‍ എന്റേത്. അത് ഞാന്‍ പതുക്കെ സിനിമയില്‍ നിന്നും റിയല്‍ ലൈഫിലേക്കും പകര്‍ത്തി. ഞാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷെ നടക്കുന്നില്ല. ക്യാരക്ടറിന്റെ പേര് ആമിന എന്നാണ്,” ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

ഫെബ്രുവരി 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. 2010ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.

സ്‌നേഹ, അമല പോള്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടെത്തുന്നുണ്ട്.

content highlight: actress aiswarya lekshmi about christopher

We use cookies to give you the best possible experience. Learn more