മലയാളികളുടെ പ്രിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയെങ്കിലും, മായാനദിയിലെ ‘അപ്പു’ എന്ന കഥാപാത്രത്തിലൂടെയാണ് താരം മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയെടുത്തത്. തുടർന്ന് താരം ചെയ്ത ഓരോ കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.
തന്റെ കരിയറിൽ ഏറ്റവും മികച്ചതായി അനുഭവപ്പെട്ട സിനിമയെക്കുറിച്ച് തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെക്കുറിച്ച് സംസാരിച്ചത്.
‘അമ്മു’ എന്ന തെലുങ്ക് സിനിമയാണ് തന്റെ കരിയറിൽ ഏറെ പ്രിയപ്പെട്ടതെന്ന് ഐശ്വര്യ പറയുന്നു. എന്നാൽ ആ സിനിമ ചെയ്യരുതെന്ന് പലരും തന്നോട് പറഞ്ഞിരുന്നുവെന്നും താരം വെളിപ്പെടുത്തുന്നു.
അമ്മു, Photo: IMDb
‘ഒരുപാട് പേർ എന്നോട് ആ സിനിമ ചെയ്യരുതെന്ന് പറഞ്ഞു. തെലുങ്ക് സിനിമ വലിയൊരു കൊമേർഷ്യൽ സ്പേസാണ്. അവിടെ ഇത്തരത്തിലുള്ള സിനിമ ചെയ്താൽ എന്നെ ഒരു കൊമേഴ്സ്യൽ നായികയായി കാണില്ലെന്നായിരുന്നു പലരുടെ അഭിപ്രായം.
സാധാരണയായി നടിമാർ അവരുടെ കരിയറിന്റെ അവസാനത്തിലായിരിക്കും സ്ത്രീപക്ഷ സിനിമകൾ ചെയ്യാറുള്ളതെന്നും ചിലർ പറഞ്ഞു. പക്ഷേ ആ സിനിമ ഗാർഹിക പീഡനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ‘അമ്മു’ എന്ന കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്,’ എന്നാണ് ഐശ്വര്യ പറഞ്ഞത്.
അതുപോലെ തന്നെ ഗാട്ട കുസ്തി എന്ന സിനിമയും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് താരം പറയുന്നു. സങ്കീർണമായ കഥാപാത്രങ്ങളാണ് തനിക്ക് ഇഷ്ടമെന്നും, എന്നാൽ എന്റർടെയിൻമെന്റ് വാല്യുവും മനസിലാക്കി തന്നെയാണ് ആ സിനിമ തിരഞ്ഞെടുത്തതെന്നും ഐശ്വര്യ വ്യക്തമാക്കി.
നിർമാതാവായുള്ള അനുഭവങ്ങളെക്കുറിച്ചും താരം സംസാരിച്ചു. ഗാർഗി, കുമാരി എന്നീ സിനിമകളിൽ സഹനിർമാതാവായി പ്രവർത്തിച്ചതായി ഐശ്വര്യ പറയുന്നു.
ഗാട്ട കുസ്തി, Photo: IMDb
‘കുമാരിയുടെ ചിത്രീകരണം നടക്കുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴാണ് ഞാൻ സഹനിർമാതാവായത്. ഗാർഗിയിൽ എന്റെ സുഹൃത്തിനെ സഹായിക്കാൻ വേണ്ടിയാണ് നിർമാതാവായത്. എന്നാൽ അന്നൊന്നും സിനിമയുടെ പ്രൊഡക്ഷൻ കാര്യങ്ങളിൽ വലിയ രീതിയിൽ ഇടപെട്ടിട്ടില്ല,’ താരം കൂട്ടിച്ചേർത്തു.
തുടക്കത്തിൽ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമ്പോൾ പല പേടികളും ഉണ്ടായിരുന്നുവെന്നും ഐശ്വര്യ പറയുന്നു. ‘ഈ കഥാപാത്രത്തെ ആളുകൾ സ്വീകരിക്കുമോ? ഇത് ചെയ്യുന്നത് ശരിയാകുമോ? എന്നൊക്കെ ചിന്തിച്ചിരുന്നു. എന്നാൽ പിന്നീട് മറ്റുള്ളവരുടെ അഭിപ്രായത്തേക്കാൾ എനിക്ക് എന്ത് തോന്നുന്നു എന്നതാണ് പ്രധാനമെന്ന് മനസ്സിലായി,’ എന്നും താരം പറഞ്ഞു.
Content Highlight: Actress Aishwarya Lekshmi talks about the best film of her career