അൽത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ കരിയർ തുടങ്ങുകയും മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് വിജയ് സൂപ്പറും പൗർണമിയും, വരത്തൻ, കാണെക്കാണെ, അർച്ചന 31 നോട്ടൗട്ട്, കുമാരി തുടങ്ങി നിരവധി സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
തമിഴ്, തെലുങ്ക് സിനിമകളിലും തന്റെ സാന്നിധ്യം നടി അറിയിച്ചിരുന്നു. മണിരത്നത്തിന്റെ സംവിധാനത്തിൽ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ പൊന്നിയൻ സെൽവനിലൂടെ തമിഴ്നാട്ടിലും ഐശ്വര്യ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഐശ്വര്യ ലക്ഷ്മി.Photo. Facebook.com
ഇപ്പോഴിതാ നടിമാർക്കിടയിൽ പരസ്പരം മത്സരവും വഴക്കുകളുമാണെന്ന ധാരണ സിനിമയെ അടുത്തറിഞ്ഞപ്പോഴാണ് മാറിയതെന്ന് നടി ഐശ്വര്യ ലക്ഷ്മി. നടിമാർക്കിടയിൽ നല്ല സൗഹൃദമുണ്ടെന്നും പരസ്പരം പിന്തുണയ്ക്കാറുണ്ടെന്നും താരം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘ആശ’യുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ അനുപമ പരമേശ്വരൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവർക്ക് അയച്ചുകൊടുത്തതായും പലരും അത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതായും ഐശ്വര്യ ലക്ഷ്മി വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘സിനിമയിൽ വരുന്നതിന് മുമ്പ് നടിമാർ തമ്മിൽ ക്യാറ്റ് ഫൈറ്റ് ഉണ്ടെന്നൊക്കെയാണ് കേട്ടിട്ടുള്ളത്. പക്ഷേ, സിനിമയെ അടുത്തറിഞ്ഞ സമയത്തുതന്നെ അങ്ങനെയല്ലെന്ന് മനസിലാക്കിയിരുന്നു. ‘ആശ’യുടെ ട്രെയിലർ ഇറങ്ങിയപ്പോൾ അനുപമ പരമേശ്വരൻ, കല്യാണി, കീർത്തി സുരേഷ്, സായ് പല്ലവി, മഡോണ എന്നിവർക്കെല്ലാം ഞാൻ അയച്ചുകൊടുത്തു. പലരും അത് അവരുടെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തു,’ താരം പറഞ്ഞു.
നടിമാരുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കവേ കീർത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്ത അനുഭവവും ഐശ്വര്യ പങ്കുവെച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായിരുന്നു അതെന്നും താരം പറഞ്ഞു.
ഐശ്വര്യ ലക്ഷ്മി. Photo. Screen Grab/ Youtube
‘താലികെട്ടിന്റെ സമയത്ത് കല്യാണച്ചെക്കനും പെണ്ണും വിതുമ്പി കരയുമ്പോൾ ചുറ്റുമുള്ളവരെല്ലാം സന്തോഷാശ്രുക്കൾ പൊഴിക്കുന്നത് ഞാൻ കൺനിറയെ കണ്ടു. ഒപ്പമുള്ള പലരോടും ഒരു സോൾ കണക്ഷൻ ഉണ്ട് എന്നതാണ് സത്യം. പൊതുവായി ബാധിക്കുന്ന പല കാര്യങ്ങളും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്,’ ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.
Content Highlight: Actress Aishwarya Lekshmi stated that her perception—that there was rivalry and infighting among actresses—changed once she got a closer look at the film industry.