| Tuesday, 10th March 2026, 2:46 pm

എല്ലാവരും മറന്നുപോകുമോ എന്ന പേടി ആണ് ആ ഫോട്ടോ ഷൂട്ടിന് പ്രേരിപ്പിച്ചത്: ഐശ്വര്യ ലക്ഷ്മി

നന്ദന എം.സി

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്ത നിരവധി കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇതിനിടെ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇപ്പോൾ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലെ ചില തുറന്നുപറച്ചിലുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. ഒരു ഫോട്ടോഷൂട്ട് നടത്താൻ കാരണം തന്നെ ആളുകൾ മറന്നുപോകുമോ എന്ന ഭയമായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്.

ഐശ്വര്യ ലക്ഷ്മി, Photo: IMDb

സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചപ്പോൾ പലരും അത് മണ്ടത്തരമാണെന്ന് പറഞ്ഞുവെന്നും, സോഷ്യൽ മീഡിയ വിട്ടാൽ കരിയർ മുന്നോട്ട് പോകില്ലെന്നും സിനിമാവസരങ്ങൾ ലഭിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയതായും താരം പറയുന്നു. എന്നാൽ തന്റെ സോഷ്യൽ മീഡിയ പേജ് കണ്ടിട്ടല്ല ഇതുവരെ സിനിമകൾ ലഭിച്ചതെന്നും താൻ ഒരു ഇൻഫ്ലുവൻസർ അല്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.

‘എനിക്ക് ഇൻഫ്ലുവൻസർ ആകാനും താല്പര്യമില്ല. എന്റെ ശ്രദ്ധ പ്രൊഫഷൻ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിലാണ്. സോഷ്യൽ മീഡിയ ഒരിക്കലും എന്നെ ഒരു നല്ല അഭിനേത്രിയാക്കാൻ സഹായിച്ചിട്ടില്ല,’ എന്നാണ് താരം പറയുന്നത്.

കഴിഞ്ഞ ഓണത്തിന് നാട്ടിലില്ലായിരുന്നിട്ടും ബോംബെയിൽ വെച്ച് ഓണം ഫോട്ടോഷൂട്ട് നടത്തിയതിനെക്കുറിച്ചും ഐശ്വര്യ തുറന്നുപറഞ്ഞു. ‘ഫോട്ടോ കണ്ട് അമ്മ ചോദിച്ചിരുന്നു, എന്തിനാണ് ഇങ്ങനെയൊരു ഷൂട്ട്, അത് ചെയ്‌തില്ലെങ്കിൽ എന്താണ് ഉണ്ടാവുക എന്ന്. ഞാനും അത് ചിന്തിച്ചു.

ഫിയർ ഓഫ് മിസ്സിങ് ഔട്ട് അഥവാ എല്ലാവരും മറന്നുപോകുമോ എന്ന പേടി ആണ് എന്നെ അതിന് പ്രേരിപ്പിച്ചതെന്ന് തോന്നുന്നു ,’ എന്നാണ് താരം പറഞ്ഞത്.

ഐശ്വര്യ ലക്ഷ്മി, Photo: IMDb

ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്ത് നമ്മൾ യഥാർത്ഥ നമ്മളെ കാണിക്കുന്നില്ലെന്നും മറ്റെന്തോ ആയി കാണിക്കാൻ ശ്രമിക്കുകയാണെന്നും താരം അഭിപ്രായപ്പെട്ടു.

‘ഒരു മാർക്കറ്റിൽ നിൽക്കുന്നതുപോലെ തോന്നും. ആളുകളുടെ അഭിപ്രായങ്ങൾ, പുതിയ റീൽസ് ട്രെൻഡുകൾ, അനാവശ്യ വിവരങ്ങൾ, ഷോപ്പിങ്ങിന് പ്രേരിപ്പിക്കുന്ന കണ്ടന്റുകൾ… ഇതൊക്കെ കൂടുതലാകുമ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത് എന്ന് തോന്നി,’ ഐശ്വര്യ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിന്നത് തന്റെ ജീവിതത്തെ മോശമായി ബാധിച്ചിട്ടില്ലെന്നും, സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിനാൽ, തന്നെ ഒഴിവാക്കുന്ന സിനിമയാണെങ്കിൽ അതിന്റെ നിലവാരം അത്രയേ ഉള്ളുവെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.

Content Highlight: Actress Aishwarya Lekshmi says the fear of being forgotten by everyone prompted her to do the photo shoot

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more