| Sunday, 25th October 2026, 3:32 pm

'എന്തിനാണ് സോഷ്യൽ മീഡിയ പേജ്?' ലാലേട്ടനെയും മമ്മൂക്കയെയും ജനങ്ങൾ നെഞ്ചിലേറ്റിയത് സോഷ്യൽ മീഡിയയിലൂടെയല്ലല്ലോ: ഐശ്വര്യ ലക്ഷ്മി

അജ്മല്‍ കെ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്ത നിരവധി കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഇതിനിടെ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ സൈബർ ആക്രമണങ്ങൾ നേരിട്ടതിനു പിന്നാലെ സോഷ്യൽ മീഡിയയിൽനിന്ന് മാറിനിൽക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. രണ്ടുതവണയാണ് തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായതെന്നും സോഷ്യൽ മീഡിയയിൽ ആളുകൾ പരസ്പരം ഉപയോഗിക്കുന്ന വാക്കുകളും മറ്റുള്ളവരെ ആക്രമിച്ച് ഇല്ലാതാക്കാനുള്ള പ്രവണതയുമെല്ലാം മടുപ്പിക്കുന്നതാണെന്നും താരം പറഞ്ഞു.

ഐശ്വര്യ ലക്ഷ്മി.Photo. Facebook.com

സിനിമകളുടെ പോസ്റ്ററുകൾ പങ്കുവെക്കാനും ചില വിഷയങ്ങളിൽ വിശദീകരണം നൽകാനും മാത്രമായി എന്തിനാണ് സ്വന്തമായി ഒരു സോഷ്യൽ മീഡിയ പേജ് എന്ന ചിന്തയാണ് ഒടുവിൽ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും ഐശ്വര്യ വനിതക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ആദ്യമായി സൈബർ ആക്രമണം നേരിട്ടത് തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിച്ചതിന്റെ പേരിലായിരുന്നു. സ്റ്റൈലിസ്റ്റും സുഹൃത്തുക്കളുമടക്കം ആ വസ്ത്രം ധരിക്കുന്നതിൽനിന്ന് നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിലും തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ, പിന്നീട് ആ സംഭവം കൈവിട്ടുപോയി. അന്ന് നേരിട്ട ബോഡി ഷെയ്മിങ് തന്നെ കാര്യമായി ബാധിച്ചില്ലെങ്കിലും ചില തിരിച്ചറിവുകൾ ലഭിച്ചു. തുടർച്ചയായുള്ള നൈറ്റ് ഷൂട്ടും ഉറക്കമിളപ്പും കാരണം ശരീരത്തിൽ നീർക്കെട്ടുണ്ടായിരുന്നു. ശരീരഭാരവും കൂടിയിരുന്നു. അതെല്ലാം ശ്രദ്ധിക്കണമെന്ന തിരിച്ചറിവ് അന്ന് കിട്ടി,’ ഐശ്വര്യ പറഞ്ഞു.

രണ്ടാമത്തെ സൈബർ ആക്രമണം വലിയൊരു ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ മറ്റുള്ളവരെ വിമർശിക്കുന്നവരോട് പ്രതികരിക്കാനും അന്ന് തനിക്ക് പിന്തുണയുമായി നിരവധി പേർ എത്തിയിരുന്നു. എന്നാൽ, ആളുകൾ പരസ്പരം ഉപയോഗിക്കുന്ന വാക്കുകളും മറ്റുള്ളവരെ ആക്രമിച്ച് ഇല്ലാതാക്കാനുള്ള പ്രവണതയുമെല്ലാം മടുപ്പുണ്ടാക്കുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

‘സോഷ്യൽ മീഡിയയിൽ സജീവമായി തുടരേണ്ടതുണ്ടോ എന്ന ചിന്ത ഇതോടെയാണ് ശക്തമായത്. സിനിമകളുടെ പോസ്റ്ററുകൾ പങ്കുവെക്കാനും മരണങ്ങളിൽ ആദരാഞ്ജലി അറിയിക്കാനും പ്രശ്നങ്ങളുണ്ടാകുമ്പോൾ വിശദീകരണം നൽകാനും മാത്രമാണ് ഒരു പേജ് ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ ആവശ്യമെന്താണ്.

ഐശ്വര്യ ലക്ഷ്മി.Photo. Facebook.com

ഹൃദയത്തിൽ തൊട്ട് എനിക്കെന്തെങ്കിലും പറയണമെന്ന് തോന്നിയാൽ അതിന് ഒരു ടീം പേജ് മതി എന്ന് തീരുമാനിച്ചു. ലാലേട്ടനെയും മമ്മൂക്കയെയും ജനങ്ങൾ നെഞ്ചിലേറ്റിയത് സോഷ്യൽ മീഡിയ വഴിയൊന്നുമല്ലല്ലോ,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Content Highlight: Actress Aishwarya Lekshmi explains the reason for stepping away from social media following cyberattacks

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more