| Tuesday, 18th August 2026, 8:07 am

ഷൂട്ട് കഴിഞ്ഞാൽ തിരുമ്മലും ഓയിന്റ്മെന്റും മരുന്നും; ബ്ലാസ്റ്റിലെ ആക്ഷൻ അനുഭവം പറഞ്ഞ് അഭിരാമി

അജ്മല്‍ കെ

തമിഴ് സിനിമയായ ‘ബ്ലാസ്റ്റി’ന്റെ ചിത്രീകരണത്തിനിടയിലെ ആക്ഷൻ രംഗങ്ങളുടെ അനുഭവം പങ്കുവെച്ച് നടി അഭിരാമി. സിനിമയുടെ ഏകദേശം 22 ദിവസത്തെ ഷൂട്ടിങ്ങിൽ 15 ദിവസവും ആക്ഷൻ രംഗങ്ങളായിരുന്നുവെന്നും ഓരോ ദിവസത്തെ ചിത്രീകരണവും ശരീരത്തിന് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും അഭിരാമി പറഞ്ഞു. തന്റെ പുതിയ മലയാള സിനിമയായ ‘ലോ ആൻഡ് ഓർഡർ’ പ്രമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘മൊത്തം ഒരു 20–22 ദിവസം ‘ബ്ലാസ്റ്റ്’ ഷൂട്ട് ചെയ്തു. അതിൽ ഒരു 15 ദിവസം ആക്ഷനായിരുന്നു. ആക്ഷൻ ചെയ്ത് കഴിഞ്ഞാൽ നല്ല വേദനയാണ് ശരീരത്തിന്. ഷൂട്ട് കഴിഞ്ഞ് റൂമിൽ പോയാൽ തിരുമ്മലും ഓയിന്റ്മെന്റ് തേക്കലും മരുന്ന് കഴിക്കലുമൊക്കെയായിരുന്നു. ആ സമയത്ത് നമുക്ക് അതൊന്നും മനസിലാകില്ല. ആ തിരക്കിലും ആവേശത്തിലും ശരീരത്തിലെ വേദനയോ ക്ഷീണമോ ഒന്നും ശ്രദ്ധയിൽപ്പെടില്ല. പക്ഷേ വൈകീട്ട് ആകുമ്പോൾ നമ്മുടെ ബോഡി തന്നെ പറയും, ഇതിന്റെയൊക്കെ വല്ല്യ ആവശ്യമുണ്ടോ, ഇത് പറ്റിയ പണിയാണോ എന്ന്,’ അഭിരാമി പറഞ്ഞു.

അഭിരാമി. Photo: Screengrab/ Youtube.com

സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഇത്രയും വലിയ രീതിയിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അഭിരാമി പറഞ്ഞു. ചിത്രത്തിലെ ഒരു പ്രധാന രംഗത്തിൽ സാരിയുടെ മുന്താണി ഉപയോഗിച്ച് ചുറ്റിക വാങ്ങി തിരിച്ചടിക്കുന്ന രംഗം നേരത്തെ തന്നെ സംവിധായകൻ തനിക്ക് വിശദീകരിച്ച് നൽകിയിരുന്നു. എന്നാൽ അത് എങ്ങനെ പ്രായോഗികമായി ചെയ്യുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും താരം പറഞ്ഞു.

‘സീൻ നരേഷൻ ചെയ്യുമ്പോൾ തന്നെ എന്നോട് ആക്ഷൻ എങ്ങനെയാണെന്ന് കൃത്യമായി പറഞ്ഞുതന്നിരുന്നു. സാരിയുടെ മുന്താണി എടുത്തിട്ട് ചുറ്റിക വാങ്ങിച്ച് തിരിച്ചടിച്ച് അടി കൊടുക്കുന്ന സീനായിരുന്നു അത്. അപ്പോൾ എനിക്ക് അത് എങ്ങനെ ചെയ്യുമെന്ന് അറിയില്ലായിരുന്നു. എന്നാൽ ആക്ഷൻ കൊറിയോഗ്രാഫർ പ്രഭു മാസ്റ്റർ ആ രംഗം കൃത്യമായി കൊറിയോഗ്രാഫ് ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി,’ അഭിരാമി പറഞ്ഞു.

‘പ്രഭു മാസ്റ്റർ ജീനിയസാണ്. ചുറ്റികയിൽ തന്നെ ഒരു ചെറിയ ക്യാമറ ഫിറ്റ് ചെയ്ത് അത് മുകളിലേക്ക് എറിഞ്ഞ് പിടിച്ച്, കറക്ടായി പിടിച്ച് അടിക്കുന്ന ആ ഒരു സീക്വൻസ് അദ്ദേഹം കൊറിയോഗ്രാഫ് ചെയ്തു. അങ്ങനെയാണ് ആ രംഗം ചെയ്തത്; അഭിരാമി കൂട്ടിച്ചേർത്തു.

അതേസമയം, ‘ബ്ലാസ്റ്റി’ന് കേരളത്തിൽ നിന്ന് ലഭിച്ച സ്വീകാര്യതയെക്കുറിച്ചും അഭിരാമി സംസാരിച്ചു. സിനിമയ്ക്ക് കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്നേഹവും അംഗീകാരവും ലഭിച്ചതെന്ന് താരം പറഞ്ഞു. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും മികച്ച പ്രതികരണം ലഭിച്ചെങ്കിലും കേരളം സിനിമയെ ഏറ്റെടുത്തതുപോലെ മറ്റെവിടെയും ഏറ്റെടുത്തിട്ടില്ലെന്നും അഭിരാമി പറഞ്ഞു.

ബ്ലാസ്റ്റ്. Photo: IMDb

പ്രകാശ് വർമ്മയെ നായകനാക്കി രഞ്ജിത്ത് സംവിധനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലോ ആൻഡ് ഓർഡർ. അഭിരാമിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം സെപ്തംബർ 4ന് തിയേറ്ററുകളിൽ എത്തും.

Content Highlight: Actress Abhirami Talks about blast movie

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more