| Friday, 22nd May 2026, 9:27 am

'ന്യൂ മോം' എല്ലാവർക്കും നല്ല അനുഭവമായിരിക്കില്ല, മാനസിക സമ്മർദം കൂടിവരുന്ന ഘട്ടമാണത്: അഭിരാമി

നന്ദന എം.സി

മലയാളികൾക്ക് ഏറെ പ്രിയ പ്രിയപ്പെട്ട നടിയാണ് അഭിരാമി. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘കഥാപുരുഷൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ ജീവിതത്തിന് തുടക്കം.

പിന്നീട് ‘ഞങ്ങൾ സന്തുഷ്ടരാണ്’, ‘മേഘസന്ദേശം’, ‘ദോസ്ത്’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി അഭിരാമി മാറുകയായിരുന്നു.

പ്രത്യേകിച്ച് രാജസേനൻ സംവിധാനം ചെയ്ത് 1999ൽ പുറത്തിറങ്ങിയ ‘ഞങ്ങൾ സന്തുഷ്ടരാണ്’ എന്ന ചിത്രത്തിലെ ഗീതു എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർ ഒരുമിക്കുന്ന ഒന്നാണ്.

അഭിരാമി, Photo: Abhirami/ Facebook

ഇപ്പോഴിതാ മാതൃത്വത്തെ കുറിച്ചും ഒരു ‘ന്യൂ മോം’ അനുഭവിക്കുന്ന മാനസികാവസ്ഥയെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് അഭിരാമി.

ന്യൂ മോം എന്നത് എല്ലാവർക്കും നല്ല അനുഭവമായിരിക്കണമെന്നില്ലെന്നും അത് വലിയ മാനസിക സമ്മർദം അനുഭവപ്പെടുന്ന ഘട്ടമാണെന്നും താരം പറയുന്നു.

‘രാഹുൽ ആണ് എന്റെ കരുത്തിന്റെ ഉറവിടം. പിന്നെ പ്രിയപ്പെട്ട നാലഞ്ച് സുഹൃത്തുക്കളും. ശരിക്കും സ്ത്രീകൾ സ്ത്രീകൾക്കുവേണ്ടി ഒരു വിളിപ്പാടകലെ ഉണ്ടാവണം എന്നാണെന്റെ അഭിപ്രായം,’ എന്നാണ് അഭിരാമി പറയുന്നത്. മാതൃത്വത്തിലേക്ക് കടക്കുമ്പോൾ സ്ത്രീകൾ നേരിടുന്ന മാനസിക മാറ്റങ്ങളെ കുറിച്ചും താരം തുറന്നു സംസാരിച്ചു.

‘ന്യൂ മോം എന്ന് പറയുന്നത് എല്ലാവർക്കും നല്ല അനുഭവമായിരിക്കണമെന്നില്ല. അത് പ്രസവിച്ച അമ്മയാണെങ്കിലും പ്രസവിക്കാത്ത അമ്മയാണെങ്കിലും മാനസിക സമ്മർദം കൂടിവരുന്ന ഘട്ടമാണത്.

അഭിരാമി കുടുംബത്തോടൊപ്പം, Photo: Abhirami/ Facebook

സ്വതന്ത്രമായി ജീവിച്ചിരുന്നവർ പെട്ടെന്ന് മറ്റൊരു സാഹചര്യത്തിലേക്ക് കടക്കുകയാണല്ലോ. അപ്പോൾ ഉത്കണ്ഠ വരാം,’ എന്നാണ് അഭിരാമി പറയുന്നത്.

മകൾ കൽക്കി ജീവിതത്തിലേക്ക് എത്തിയ സമയത്തെ കുറിച്ചും താരം മനസ് തുറന്നു. ‘കൽക്കി ഞങ്ങളിലേക്ക് വരുന്നതിന് വെറും മൂന്നാഴ്ചത്തെ സമയമേ ഉണ്ടായിരുന്നുള്ളൂ.

എട്ടോ ഒമ്പതോ മാസം ഗർഭം ധരിച്ച് കിട്ടുന്ന ലക്ഷ്വറി എനിക്കുണ്ടായിരുന്നില്ല. എന്റെ ഭർത്താവിനും ഉണ്ടായിരുന്നില്ല. പെട്ടെന്ന് ജീവിതം നൂറുശതമാനവും മാറുകയായിരുന്നു. അത് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു,’ എന്നും അഭിരാമി പറഞ്ഞു.

അത്തരം സമയങ്ങളിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ വളരെ പ്രധാനമാണെന്നും താരം കൂട്ടിച്ചേർത്തു.

‘അങ്ങനെയുള്ള അവസ്ഥകൾ വരുമ്പോൾ സുഹൃത്തുക്കൾക്ക് നമ്മളെ സഹായിക്കാനാകും. കുടുംബവും കൂടെയുണ്ടെങ്കിൽ വളരെ നല്ലത്,’ എന്നും അഭിരാമി പറഞ്ഞു.

ഇപ്പോൾ മകളുടെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം തന്റെ സ്വപ്നങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ടെന്നാണ് താരം പറയുന്നത്. ‘ഇന്ന് മകളുടെ കാര്യങ്ങൾ നോക്കുന്നതിനൊപ്പം എനിക്ക് എന്റെ സ്വപ്നങ്ങളും നേടാനാവുന്നുണ്ട്. സിനിമയിൽ പുതിയ ചുവടുവെപ്പുകൾക്കായി ഞാൻ ഒരുങ്ങുകയാണ്,’ എന്നും അഭിരാമി കൂട്ടിച്ചേർത്തു.

Content Highlight: Actress Abhirami says ‘New Mom’ won’t be a good experience for everyone

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more