| Wednesday, 8th December 2021, 9:55 pm

അവിശ്വസനീയമെന്ന് മമ്മൂട്ടി, ഇന്ത്യയുടെ തീരാനഷ്ടമെന്ന് മോഹന്‍ലാല്‍; ബിപിന്‍ റാവത്തിനെ അനുശോചിച്ച് താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. തീര്‍ത്തും അവിശ്വസനീയമാണ് അദ്ദേഹത്തിന്റെ മരണം എന്ന് മമ്മൂട്ടി പറഞ്ഞു. ഇന്ത്യയുടെ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന മോഹന്‍ലാല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇരുവരുടെയും പ്രതികരണം.

തീര്‍ത്തും ഞെട്ടിപ്പിക്കുന്നതും അവിശ്വസനീവുമാണ്. രാഷ്ട്രത്തിന്റെ ധീരനായ സൈനീക ജനറല്‍ ബിപിന്‍ റാവത്തിനും ശ്രീമതി മധുലിക റാവത്തിനും സല്യൂട്ട്. ഈ ദാരുണമായ അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നു എന്നും മമ്മൂട്ടി പറഞ്ഞു.

രാജ്യം ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അസാമാന്യ പ്രതിഭയായ ഒരു സൈനിക ഉദ്യോഗസ്ഥനെയാണ് ഇന്ത്യക്ക് നഷ്ടമായത്. സി.ഡി.എസ് ജനറല്‍ ബിപിന്‍ റാവത്തിന്റെയും കുടുംബത്തിന്റെയും മറ്റ് സായുധ സേനാ ഉദ്യോഗസ്ഥരുടെയും നികത്താനാവാത്ത നഷ്ടത്തില്‍ അതീവ ദുഃഖമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും അത്യധികം വിവേകത്തോടെയുള്ള പ്രവര്‍ത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതല്‍ക്കൂട്ടാണ്. ഈ മഹാനായ സൈനികന്റെയും ഭാര്യയുടെയും മറ്റ് സൈനികരുടെയും വേര്‍പാടിന്റെ വേദന പങ്കിടുവാന്‍ ഞാനും എന്റെ കുടുംബവും രാജ്യത്തോടൊപ്പം ചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മറ്റ് രാഷ്ട്രീയ നേതാക്കളും നേരത്തെ അനുശോചനമര്‍പ്പിച്ചിരുന്നു.

ഊട്ടിയില്‍ വെച്ചായിരുന്നു ബിപിന്‍ റാവത്തും ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ. ഗുര്‍സേവക് സിങ്, എന്‍.കെ. ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി. സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. വ്യോമസേനയുടെ M17V5 ഹെലികോപറ്ററാണ് തകര്‍ന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Actors Mammootty and Mohanlal offer condolences on death of Joint Chiefs of Staff General Bipin Rawat

Latest Stories

We use cookies to give you the best possible experience. Learn more