ആർ ജെ ബാലാജി സംവിധാനം ചെയ്ത സൂര്യ നായകനായ ‘കറുപ്പ്’ എന്ന ചിത്രത്തിൽ സുകുമാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് തന്റെ പ്രകടനത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ഇടയിലും ശ്രദ്ധ നേടിയിരിക്കുകയാണ്.
മലയാള സിനിമയിൽ എളിമയും അഭിനയമികവും കൊണ്ട് ഒരുപോലെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാര രംഗത്ത് നിന്നാണ് സിനിമയിലേക്കെത്തിയതെങ്കിലും പിന്നീട് ഹാസ്യകഥാപാത്രങ്ങളിൽ നിന്ന് സ്വഭാവനടനിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച മലയാള സിനിമയിലെ ശ്രദ്ധേയമായ അഭിനയയാത്രകളിലൊന്നായി മാറി. ‘ആളൊരുക്കം’, ‘ഹോം’, ‘വെയിൽമരങ്ങൾ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വിസ്മയിപ്പിച്ച ഇന്ദ്രൻസ് ഇന്ന് ഭാഷാഭേദമില്ലാതെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയിലും സാന്നിധ്യമറിയിക്കുകയാണ്.
ഇന്ദ്രന്‍സ്.photo.X
തമിഴ് സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് വർഷങ്ങളോളം മനസ്സിലുണ്ടായിരുന്ന പേടിയെക്കുറിച്ച് തുറന്നുപറയുകയാണ് ഇന്ദ്രൻസ്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കറുപ്പിന്റെ കഥ ആദ്യമായി കേട്ടപ്പോൾ തന്നെ എനിക്ക് ഒരു പേടി ഉണ്ടായിരുന്നു. കാരണം പണ്ട് ജഗതി ചേട്ടൻ പറയുമായിരുന്നു, തമിഴിൽ സിനിമ ചെയ്യുമ്പോൾ വളരെ ശ്രദ്ധ വേണമെന്ന്. ഒന്നാമത്, മലയാളത്തിൽ സിനിമ ഒഴിവാക്കിയാണ് തമിഴിലേക്ക് പോകുന്നത്. അല്ലെങ്കിൽ ഇവിടെ നമുക്ക് സിനിമ ഉണ്ടാവാതിരിക്കണം. പിന്നെ തമിഴ് ഭാഷയെ അവർ മാതൃഭാഷ എന്നതിലുപരി ‘തായ്‌മൊഴി’ എന്നൊക്കെ വിശേഷിപ്പിക്കുന്ന, വളരെ പവിത്രമായി കാണുന്ന ഭാഷയാണ്. അതുകൊണ്ട് അതിനെ മോശമാക്കാൻ പാടില്ലല്ലോ. പ്രത്യേകിച്ച് കോമഡി ചെയ്യുന്ന ആളുകൾക്ക് ഭാഷയും ടൈമിങ്ങും റിയാക്ഷനും ഒക്കെ വളരെ പ്രധാനമാണ്. ഇതെല്ലാം പണ്ട് ജഗതി ചേട്ടൻ പറഞ്ഞു കേട്ട ഓർമയുണ്ട്. അതുകൊണ്ടാണ് ഞാൻ തമിഴിൽ അഭിനയിക്കാതിരുന്നത്.
അങ്ങനെയിരിക്കെയാണ് സംവിധായകൻ ബാലാജി സാർ എന്നെ വിളിക്കുന്നത്. ടെൻഷൻ വേണ്ട, ഇത് ഒരു മലയാളി കഥാപാത്രമാണ്. ഈ കഥാപാത്രം എഴുതുമ്പോൾ തന്നെ ചേട്ടനെയാണ് മനസ്സിൽ കണ്ടത്, എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഞാൻ ‘കറുപ്പ്’ ചെയ്യാൻ തീരുമാനിച്ചത്. പിന്നീട് സെറ്റിലെത്തിയപ്പോൾ ആ പേടിയെല്ലാം മാറി. സംവിധായകൻ എപ്പോഴും തമാശ പറഞ്ഞ് സെറ്റിനെ ഉണർവോടെ നിർത്തുന്ന ആളായിരുന്നു.
പൊതുവെ ആളുകൾ എന്നെ വളരെ ശാന്തസ്വഭാവക്കാരനാണെന്ന് പറയാറുണ്ട്. പക്ഷേ എന്റെ ജോലിയെ ബാധിക്കുന്ന ചില കാര്യങ്ങൾ കണ്ടാൽ എനിക്കും ദേഷ്യം വരും. എന്നിരുന്നാലും ആ ദേഷ്യം മറ്റുള്ളവരെ ബാധിക്കാതിരിക്കാനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്,’ ഇന്ദ്രൻസ് പറഞ്ഞു.
സിനിമാ സെറ്റുകളിലും പൊതുപരിപാടികളിലും താരജാഡകളില്ലാത്ത പെരുമാറ്റത്തിന്റെ പേരിൽ ഇന്ദ്രൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സഹപ്രവർത്തകരോടും ആരാധകരോടും ഒരേ സ്നേഹത്തോടെയും ലാളിത്യത്തോടെയും പെരുമാറുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് തമിഴ് നടൻ സൂര്യ ഉൾപ്പടെ നിരവധി സഹപ്രവർത്തകർ മുൻപും സംസാരിച്ചിട്ടുണ്ട്.
ഇന്ദ്രന്‍സ്.photo.X