തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ആരും പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ക്കാണ് ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. തമിഴ് സിനിമയുടെ പീക്കില്‍ നില്‍ക്കുന്ന സമയത്ത് അഭിനയജീവിതം അവസാനിപ്പിച്ച് തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി ആരംഭിച്ച് രാഷ്ട്രീയപ്രേവേശനം നടത്തിയ വിജയ് താനാരാണെന്ന് അടിവരയിടുന്ന പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ കാഴ്ച്ചവെച്ചത്.
വിജയ്. Photo: X.com
ഭരണത്തിലിരുന്ന സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയെ വേരോടെ പിഴുതെറിയുന്ന തരത്തിലുള്ള പ്രകടനമാണ് വിജയ്‌യുടെ ടി.വി.കെ തെരഞ്ഞെടുപ്പില്‍ കാഴ്ച്ചവെച്ചിരിക്കുന്നത്. 108 ഓളം സീറ്റുകളില്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി വിജയം നേടിയപ്പോള്‍ 61 ഇടത്ത് മാത്രമാണ് ഡി.എം.കെയ്ക്ക് വിജയം കൈവരിക്കാനായത്. മുന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെയടക്കം ടി.വി.കെ സ്ഥാനാര്‍ത്ഥി തറപറ്റിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴാണ് തമിഴ്‌നാട്ടില്‍ വിജയ്ക്കുള്ള സ്വാധീനം വ്യക്തമാകുന്നത്.
ഇപ്പോഴിതാ താരത്തിന് വിജയത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് രംഗത്തെത്തിയ സിനിമാ താരങ്ങളുടെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നാനി, ജീവ, കാജല്‍ അഗര്‍വാള്‍, ടൈഗര്‍ ഷ്‌റോഫ് തുടങ്ങി ഒട്ടനവധി പേരാണ് താരത്തിന്റെ വിജയത്തില്‍ അഭിനന്ദനമറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ജീവിതത്തിലെ അടുത്ത അധ്യായത്തിലേക്ക് കൂടുതല്‍ ശക്തി ലഭിച്ചിരിക്കുന്നുവെന്നാണ് താരത്തിന്റെ വിജയത്തെക്കുറിച്ച് ബോളിവുഡ് താരമായ ടൈഗര്‍ ഷ്‌റോഫ് പറഞ്ഞിരിക്കുന്നത്. അതേസമയം വികാരഭരിതമായ വീഡിയോ പങ്കുവെച്ചാണ് ജീവ താരത്തിന് അഭിനന്ദനം അറിയിച്ചത്. രജിനികാന്തിന്റെ മാസ് ഡയലോഗായ നാന്‍ ഒരു തടവൈ സൊന്നാല്‍ അത് നൂറ് തടവൈ സൊന്ന മാതിരി എന്നെഴുതി കൊണ്ടാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക കാജല്‍ അഗര്‍വാള്‍ താരത്തിന്റെ നൂറ് സീറ്റ് വിജയത്തില്‍ സന്തോഷം പങ്കുവെച്ചത്.
വിജയ്. Photo: X.com
മത്സരിച്ച രണ്ട് സീറ്റുകളിലും വന്‍ വിജയമാണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്. പേരാമ്പൂരില്‍ 112707 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനം നേടിയ എതിര്‍ സ്ഥാനാര്‍ത്ഥിയെക്കാള്‍ അമ്പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് താരം സ്വന്തമാക്കിയത്. ട്രിച്ചി ഈസ്റ്റില്‍ നിന്നും 73000ലധികം വോട്ടുകള്‍ നേടി 23000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയ് വിജയിച്ചിരിക്കുന്നത്.
Content Highlight: Actors congratulates Vijay for his historic win