| Thursday, 31st July 2025, 2:36 pm

അന്ന് രാധിക മാഡത്തിനെ കണ്ട് അത്ഭുതം തോന്നി; ആദ്യം പേടിയായിരുന്നു; വിഷ്ണു വിനയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പരിചിതനായ നടനാണ് വിഷ്ണു വിനയ്. സംവിധായകന്‍ വിനയന്റെ മകന്‍ കൂടിയാണ് അദ്ദേഹം. 2019ല്‍ പുറത്തിറങ്ങിയ ദി ഗാംബിനോസ് എന്ന സിനിമയില്‍ നായകനായി എത്തിയത് വിഷ്ണു ആയിരുന്നു.

ഈ ചിത്രത്തില്‍ നടി രാധിക ശരത്കുമാറും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ രാധികയെ കുറിച്ച് പറയുകയാണ് വിഷ്ണു വിനയ്. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

അവരുടെ കൂടെ അഭിനയിക്കുന്ന സമയത്ത് രാധികയില്‍ നിന്നും നല്ല ഉപദേശങ്ങള്‍ കിട്ടാറുണ്ടായിരുന്നുവെന്നും തന്നെ സംബന്ധിച്ച് അവരൊക്കെ നല്ല പാഠപുസ്തകങ്ങളാണെന്നും വിഷ്ണു വിനയ് പറഞ്ഞു.

‘ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ‘അങ്ങനെയല്ല ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ ബെറ്ററാകു’മെന്ന് രാധിക മാഡം പറയാറുണ്ട്. അപ്പോള്‍ നമ്മള്‍ അതുപോലെ തന്നെ ചെയ്ത് നോക്കും. അതിന് നല്ല റിസള്‍ട്ട് കിട്ടുകയും ചെയ്തിട്ടുണ്ട്. സത്യത്തില്‍ എനിക്ക് അവരെ കാണുമ്പോള്‍ വലിയ അത്ഭുതം തോന്നാറുണ്ട്,’ വിഷ്ണു വിനയ് പറഞ്ഞു.

എത്ര ഉയരെ നില്‍ക്കുന്ന ആളാണ് രാധികയെന്ന് പറയുന്ന വിഷ്ണു എല്ലാവരും ബഹുമാനിക്കുന്ന ആര്‍ട്ടിസ്റ്റാണ് അവരെന്നും കൂട്ടിച്ചേര്‍ത്തു. ആദ്യമൊക്കെ തനിക്ക് രാധികയുടെ അടുത്തേക്ക് ചെല്ലാനും സംസാരിക്കാനുമൊക്കെ പേടിയായിരുന്നെന്നും എന്നാല്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ വളരെ സിമ്പിളാണെന്ന് മനസിലായെന്നും വിഷ്ണു വിനയ് പറയുന്നു.

ദി ഗാംബിനോസ്:

ഗിരീഷ് പണിക്കര്‍ മട്ടട സംവിധാനം ചെയ്ത 2019ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ദി ഗാംബിനോസ്. വിഷ്ണു വിനയ്, രാധിക ശരത്കുമാര്‍ എന്നിവര്‍ക്ക് പുറമെ സമ്പത്ത് രാജ്, സിജോയ് വര്‍ഗീസ്, മുസ്തഫ എന്നിവരും പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

Content Highlight: Actor Vishnu Vinay Talks About Experience With Radhika Sarath Kumar

We use cookies to give you the best possible experience. Learn more