| Tuesday, 21st July 2026, 8:48 pm

കല്യാണം കഴിഞ്ഞാല്‍ എന്റെ വീട്ടിലോ അവളുടെ വീട്ടിലോ താമസിക്കില്ലെന്ന് തീരുമാനമെടുത്തിരുന്നു: വിഷ്ണു ഗോവിന്ദന്‍

അശ്വിന്‍ രാജേന്ദ്രന്‍

ടോം ഇമ്മട്ടി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ പൊളിറ്റിക്കല്‍ ത്രില്ലറായ ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ അഭിനേതാവാണ് വിഷ്ണു ഗോവിന്ദന്‍. അഭിനയത്തിന് പുറമെ വിഷ്ണു വിനയിയും ജോജു ജോര്‍ജും പ്രധാനവേഷത്തിലെത്തിയ ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെ സംവിധായകനായും വിഷ്ണു ശ്രദ്ധിക്കപ്പെട്ടിരുന്നു. തല്ലുമാല എന്ന ഹിറ്റ് ടൊവിനോ ചിത്രത്തില്‍ സൗണ്ട് ഡിസൈനറായി പ്രവര്‍ത്തിച്ച വിഷ്ണു പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി, അറ്റന്‍ഷന്‍ പ്ലീസ്, നിധിയും ഭൂതവും തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

Photo: TOI

അടുത്തിടെ സിനിമാദെക്കിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹത്തെ കുറിച്ചും പങ്കാളിയെ കുറിച്ചും വിഷ്ണു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം വളരെ ലളിതമായ രീതിയില്‍ അഞ്ജലി ഗീത എന്നയാളുമായിട്ടായിരുന്നു വിഷ്ണുവിന്റെ വിവാഹം. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം.

‘കല്യാണം കഴിഞ്ഞാല്‍ എന്റെ വീട്ടിലോ അവളുടെ വീട്ടിലോ ഞങ്ങള്‍ താമസിക്കില്ലെന്ന് തീരുമാനമെടുത്തിരുന്നു. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ ഇന്‍ഡിപെന്‍ഡന്റായി വേറെയൊരു വീട്ടിലാണ് താമസം. നമ്മള്‍ ആക്ച്വലി കല്യാണം കഴിക്കുന്നത് ഫാമിലിയ്ക്ക് വേണ്ടിയല്ല. നമുക്ക് വേണ്ടിയാണ്.

എന്റെ വീട് എന്ന് പറയുന്നത് എന്റെ കംഫര്‍ട്ട് സോണാണ്. അവിടേയ്ക്ക് അവളെ കൊണ്ടുവരിക എന്ന് പറയുമ്പോള്‍, അവളുടെ വീട്ടില്‍ പോയി ഞാന്‍ നില്‍ക്കുമ്പോള്‍ എനിക്ക് എത്ര ഉള്‍ക്കുത്ത് ഉണ്ടാകുമോ അത് പോലെ അവള്‍ക്കും ഉണ്ടാകും. സൊസൈറ്റി ഉണ്ടാക്കിവെച്ച ധാരണകള്‍ കാരണമാണ് വിവാഹശേഷം സ്ത്രീകള്‍ പുരുഷന്മാരുടെ വീട്ടിലേക്ക് പോകാന്‍ ഫോഴ്‌സ് ചെയ്യപ്പെടേണ്ടി വരുന്നത്.

Photo: Indian Express

മാത്രമല്ല നമ്മള്‍ ഒറ്റയ്ക്ക് താമസിക്കുമ്പോഴാണ് ഒരു പാര്‍ട്ണര്‍ഷിപ് ബില്‍ഡ് ചെയ്യപ്പെടുന്നത്. ഭക്ഷണം ഉണ്ടാക്കല്‍ വീട്ടു ചെലവ് തുടങ്ങി എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കപ്പെടും. കുടുംബത്തിനകത്താകുമ്പോള്‍ എല്ലാം പഴയ പോലെ തന്നെയായിരിക്കും നടക്കുക,’ വിഷ്ണു ഗോവിന്ദന്‍ പറഞ്ഞു.

Content Highlight: Actor Vishnu Govindan Talks about his marriage and partner

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more