ഒപ്പം അഭിനയിച്ചവരിൽ ഏറ്റവും വിനയമുള്ള നടിമാരിൽ ഒരാളാണ് രാധിക ആപ്തെയെന്ന് നടൻ വിശാഖ് നായർ. ഒരു വലിയ താരമെന്ന പരിഗണനയോ പ്രത്യേക പരിഗണനകളോ പ്രതീക്ഷിക്കാതെ സഹപ്രവർത്തകരെ കംഫർട്ടബിളാക്കുന്ന വ്യക്തിയാണ് രാധികയെന്നും വിശാഖ് പറയുന്നു. ഇരുവരും ‘അക്ക’ എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങൾ റിപ്പോർട്ടർ ഫിലിംസുമായി പങ്കുവെക്കുകയായിരുന്നു താരം.
‘ഞാൻ വർക്ക് ചെയ്തിട്ടുള്ളവരിൽ ഏറ്റവും വിനയമുള്ള നടിമാരിൽ ഒരാളാണ് രാധിക. നമ്മൾ എത്രത്തോളം കോൺഫിഡന്റാകുന്നോ അതിനൊപ്പം വിനയവും കൂടണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അമിതമായ ആത്മവിശ്വാസം ചിലപ്പോൾ അഹങ്കാരമായി മാറാം. ആ അഹങ്കാരം ഉള്ളിലെ ചില അരക്ഷിതാവസ്ഥകളുടെ പ്രതിഫലനമായിരിക്കാം. പക്ഷേ രാധികയ്ക്ക് അങ്ങനെയൊരു പ്രശ്നമുള്ളതായി എനിക്ക് തോന്നിയിട്ടില്ല’, വിശാഖ് പറഞ്ഞു.
വിശാഖ് നായർ. Photo. Screen Grab/ Youtube
‘അക്ക’യുടെ ചിത്രീകരണത്തിനിടെ ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് രാധിക കാണിച്ച സമീപനവും വിശാഖ് ഓർത്തെടുത്തു. തങ്ങൾ ഹിന്ദി ഭാഷയല്ലാത്തവരാണെന്ന് മനസിലാക്കി, സ്വന്തം ഭാഷാപരിമിതികൾ തുറന്നുപറഞ്ഞ് സഹപ്രവർത്തകരെ ആശ്വസിപ്പിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾ എല്ലാവരും ഹിന്ദി മാതൃഭാഷയല്ലാത്തവരാണെന്ന് രാധികയ്ക്ക് അറിയാം. അവരും മഹാരാഷ്ട്രക്കാരിയായതിനാൽ ഹിന്ദി അവരുടെ മാതൃഭാഷയല്ല. പലപ്പോഴും ഞങ്ങളുടെ അടുത്തുവന്ന്, ‘മക്കളേ, എന്റെ ഹിന്ദി ഭയങ്കര മോശമാണ്’ എന്നൊക്കെ പറയും. ചിലപ്പോൾ ഞങ്ങളെ കംഫർട്ടബിളാക്കാൻ വേണ്ടിയായിരിക്കാം. ‘വിശാഖ്, ഞാൻ ചിലപ്പോൾ തെറ്റുകൾ വരുത്തും, ഒന്നും മൈൻഡ് ചെയ്യരുത്. വീണ്ടും ടേക്ക് എടുക്കേണ്ടിവന്നാലും പ്രശ്നമില്ല. നിങ്ങൾ ഇത്രയും ക്ഷമയോടെ നിൽക്കുന്നതിന് നന്ദി’ എന്നൊക്കെ പറയും. അത് കേൾക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നും’, താരം പറഞ്ഞു.
ഒരു സഹപ്രവർത്തകൻ നന്നായി അഭിനയിച്ചാൽ മാത്രമേ തനിക്കും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയൂ എന്ന വ്യക്തമായ ധാരണ രാധികയ്ക്കുണ്ടെന്നും വിശാഖ് പറയുന്നു. അതാണ് അവരുടെ അനുഭവവും പക്വതയും വിനയവും വ്യക്തമാക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
രാധികയ്ക്ക് വലിയ താരമെന്ന നിലയിൽ പ്രത്യേക പരിഗണനകളോ ശ്രദ്ധാകേന്ദ്രമാകണമെന്ന നിർബന്ധമോ ഇല്ലെന്നും വിശാഖ് പറഞ്ഞു. വളരെ നേരിട്ടുള്ള സംസാരരീതിയും ജോലിയോടുള്ള വ്യക്തമായ കാഴ്ചപ്പാടുമാണ് അവരുടേതെന്നും താരം കൂട്ടിച്ചേർത്തു.
രാധിക ആപ്തെ. Photo. Facebook.com
‘അവർ വളരെ സ്ട്രെയ്റ്റ് ഫോർവേഡായിട്ടുള്ള ആളാണ്. ഇത് ഒരു ജോലിയാണ്, ഞാൻ എന്റെ ജോലി ഭംഗിയായി ചെയ്യും. അതുകഴിഞ്ഞാൽ എനിക്ക് എന്റെ മോളുണ്ട്, ഭർത്താവുണ്ട്, ലണ്ടനിലേക്ക് പോകണം എന്നൊക്കെയാണ് അവരുടെ ചിന്ത. ഒരു ദിവസം കൂടി നിന്ന് നമുക്ക് ചിൽ ചെയ്യാം എന്നൊന്നും അവർക്കില്ല. അവരുടെ മുൻഗണനകൾ വളരെ വ്യക്തമാണ്. വളരെ പ്രൊഫഷണലായിട്ടുള്ള ഒരു ആക്ടറാണ് രാധിക’, വിശാഖ് നായർ പറഞ്ഞു.
Content Highlight: Actor Vishak nair talks about Actress radhika apte