| Tuesday, 3rd February 2026, 11:17 am

'നീ പഴശ്ശിരാജയിലെ റോപ്പ് വർക്ക് കണ്ടിട്ടുണ്ടോ? അതൊക്കെയാണ് റോപ്പ് വർക്ക്; മമ്മൂട്ടിയുമായുള്ള അനുഭവത്തെ കുറിച്ച് വിശാഖ് നായർ

നന്ദന എം.സി

മലയാളത്തിലെ ആദ്യ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായ ‘ചത്താ പച്ച’ തിയേറ്റർ റിലീസിന്റെ രണ്ടാംവാരത്തിലും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. അർജുൻ അശോകൻ, വിശാഖ് നായർ, റോഷൻ മാത്യു എന്നിവർ നിറഞ്ഞാടിയ ചിത്രത്തിൽ, ദി ബിഗ് ഫാക്ടർ M കൂടി ചേർന്നതോടെ മലയാളി പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരനുഭവമാണ് നൽകിയത്.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ വിശാഖ് നായർ അവതരിപ്പിച്ച ‘ചെറിയാൻ’ എന്ന കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ശക്തമായ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നെങ്കിലും, അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഹ്യൂമറും ഇമോഷനും തന്നെയാണ് ചെറിയാനെ വേറിട്ടതാക്കിയത്.

വിശാഖ് നായർ, Photo: Vishak nair/ Facebook

മമ്മൂട്ടിയുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങൾ മുമ്പും പങ്കുവെച്ചിട്ടുള്ള വിശാഖ്, ഇപ്പോൾ ‘പുത്തൻ പണം’ സിനിമയുടെ ഷൂട്ടിങ് സമയത്തെ ഒരു അനുഭവമാണ് പങ്കുവെക്കുന്നത്.

‘പുത്തൻ പണം ഷൂട്ടിങ്ങിനിടെ മമ്മൂക്ക ബെൽറ്റ് പിടിച്ച് വലിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. ഞാൻ തെറിച്ച് പോയിഒരു ഡ്രമ്മിന്റെ മേൽ വീഴുന്ന രംഗം. റോപ്പ് ഉപയോഗിച്ചായിരുന്നു ഷൂട്ട്. അതിന് ശേഷം ചെറിയൊരു മുറിവോടെ ഞാൻ അവിടെ ഇരിക്കുമ്പോൾ മമ്മൂക്ക വന്ന് എന്റെ അടുത്ത് ഒരു ചെയർ ഇട്ടിരുന്നു. പിന്നെ ഫോൺ എടുത്ത് പറഞ്ഞു ‘ഈ റോപ്പ് വർക്ക് എന്നൊക്കെ പറയുന്നത് എന്താണെന്ന് അറിയുമോ? ശരിക്കും ഉള്ള വർക്ക് ഞാൻ കാണിച്ചു തരാം.’

മമ്മൂട്ടി, വിശാഖ് നായർ, Photo: Vishak nair/ Facebook

അതോടെ, മമ്മൂട്ടി അദ്ദേഹത്തിന്റെ ഫോണിൽ ‘പഴശ്ശി രാജ’ സിനിമയിൽ ചെയ്ത റോപ്പ് വർക്ക് സീനുകൾ കാണിച്ചുകൊണ്ട്, ബോഡി പൊസിഷനും ഫ്ലിപ്പിങ് ടെക്‌നിക്കുകളും വിശദമായി പറഞ്ഞുകൊടുത്തുവെന്നും, അത് ഒരു ചെറിയ ക്ലാസ് പോലെയായിരുന്നു എന്നും വിശാഖ് പറയുന്നു. ‘അതൊരു ഭയങ്കര അടിപൊളി അനുഭവമായിരുന്നെന്നും’ വിശാഖ് കൂട്ടിച്ചേർത്തു.

‘ആനന്ദ’ത്തിലെ കുപ്പി എന്ന കഥാപാത്രത്തിൽ നിന്ന് ‘ചത്താ പച്ച’യിലെ ചെറിയാൻ വരെയുള്ള വിശാഖ് നായറിന്റെ യാത്ര വളരെ വ്യത്യസ്തമായിരുന്നു. മമ്മൂട്ടിയെ മുന്നിൽ ഇരുത്തി നടത്തിയ ‘ചെറിയാൻ ഷോ’ സിനിമ മറ്റൊരു തലത്തിലേക്കുയർത്തിയ നിമിഷങ്ങളിലൊന്നായിരുന്നെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Content Highlight: Actor Vishak nair talk about Mammootty

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more