അർജുൻ അശോകൻ നായകനായെത്തുന്ന മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള ഡബ്ല്യൂ.ഡബ്ല്യൂ.ഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ് ചത്താ പച്ച റിങ് ഓഫ് റൗഡീസ്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകളും ട്രെയ്‌ലറും പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ നിരവധി സസ്പെൻസുകൾ ഒളിപ്പിച്ച സിനിമയെന്ന സൂചനയാണ് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്.
മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നുവെന്ന വാർത്തയും ചിത്രത്തോടുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. അർജുൻ അശോകനോടൊപ്പം റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത്, വിശാഖ് നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു. ഓരോ കഥാപാത്രങ്ങൾക്കും വ്യത്യസ്തമായ ലുക്കും ഭാവവുമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്.
ചത്താ പച്ച ,Photo: YouTube/ Screengrab
ഡബ്ല്യൂ.ഡബ്ല്യൂ.ഇ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ താരങ്ങൾ പ്രത്യേക പരിശീലനങ്ങളും തയ്യാറെടുപ്പുകളും നടത്തിയിരുന്നു.
ചെറുപ്പം മുതലേ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ആരാധകനായ വിശാഖ് നായർ പങ്കുവെച്ച ഒരു രസകരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ ഓർമകൾ പങ്കുവെച്ചത്.
‘പണ്ടുമുതൽ ഡബ്ല്യൂ.ഡബ്ല്യൂ.ഇ കണ്ടു വളർന്ന ഒരാളെന്ന നിലയിൽ അത് ഫേക്ക് ആണെന്നറിഞ്ഞപ്പോൾ വളരെ ഹാർട്ട് ബ്രേക്കിങ് ആയിരുന്നു. ഡബ്ല്യൂ.ഡബ്ല്യൂ.ഇ കണ്ടിട്ട് നമ്മളൊക്കെ ചെറുപ്പത്തിൽ പല സാഹസങ്ങളും ചെയ്തിട്ടുണ്ട്. ഒരിക്കൽ ഞാൻ എന്റെ അനിയന്റെ ചെവിയിൽ പെൻസിൽ കുത്തി കയറ്റിയിട്ടുണ്ട്.
ചത്താ പച്ച, Photo: IMDb
ഞങ്ങൾ ആക്റ്റ് ചെയ്യുകയായിരുന്നു. പക്ഷേ പിന്നീട് സീരിയസായി പെൻസിൽ കുത്തിയപ്പോൾ അവന് വേദനിച്ചു, കരഞ്ഞു, ഒപ്പം നല്ല കണക്കിന് അടി കിട്ടുകയും ചെയ്തു. ബെഡ് ഒടിച്ചതുപോലുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്,’ വിശാഖ് നായർ പറഞ്ഞു.
നവാഗത സംവിധായകൻ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ചയിൽ ഇതിനോടകം പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകളും ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഈ വരുന്ന ജനുവരി 22ന് ലോകമെമ്പാടും റിലീസിനൊരുങ്ങുന്ന ചിത്രം റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് നിർമിക്കുന്നത്.
ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ് ആണ്.
Content Highlight: Actor Visakh Nair talks about WWE