| Friday, 25th September 2026, 10:52 am

സാറിന്റെ പെണ്ണ് കേസ് എന്തായി, ഏത് മസ്‌കാരയാണ് യൂസ് ചെയ്യുന്നത് എന്ന ചോദ്യമൊക്കെ മാറി, വാഷിങ്‌മെഷീന്‍ കിട്ടിയോ എന്നായി: വിനീത് വിശ്വം

ആര്യ.പി

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമയിലെ അരുണ്‍ സാര്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടനാണ് വിനീത് വിശ്വം. ശരണ്യയോടുള്ള ഇഷ്ടം മനസില്‍ കൊണ്ടുനടക്കുന്ന, അതേസമയം തന്റെ കുസൃതിയും നിഷ്‌കളങ്കതയും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ച അരുണ്‍ സാറിനെ ഇന്നും മലയാളികള്‍ മറന്നിട്ടില്ല.

ഇപ്പോഴിതാ ‘ബെത്ലഹേം കുടുംബ യൂണിറ്റിലെ’ നന്ദന്‍ എന്ന കഥാപാത്രത്തിലൂടെയും വിനീത് വിശ്വം പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്. ഒരു വാഷിങ് മെഷീന് വേണ്ടി ഷോര്‍ട്ട് ഫിലിമില്‍ നായകനാകാന്‍ വരെ തയ്യാറാകുന്ന നന്ദന്‍ ജി എന്ന കഥാപാത്രം ‘സാത്തുക്കുട്ടി പ്രണയം’ എന്ന ഷോര്‍ട്ട് ഫിലിം കൂടി എത്തിയതോടെ സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടിക്കഴിഞ്ഞു.

അരുണ്‍ സാറില്‍ നിന്ന് നന്ദന്‍ ജിയിലേക്കുള്ള ഈ യാത്രയില്‍ പ്രേക്ഷകരുടെ ചോദ്യങ്ങളിലും വലിയ മാറ്റമാണ് സംഭവിച്ചതെന്ന് പറയുകയാണ് വിനീത് വിശ്വം.

‘അരുണ്‍ സാര്‍ എന്റെ കരിയറിലെ ഒരു ബ്രേക്ക് ആയിരുന്നു. ‘അങ്കമാലി ഡയറീസ്’ കഴിഞ്ഞതിന് ശേഷം ആളുകള്‍ എന്നെ തിരിച്ചറിയുമായിരുന്നു. പക്ഷേ പേര് പറഞ്ഞാല്‍ പെട്ടെന്ന് മനസിലാകുന്ന അവസ്ഥയിലായിരുന്നില്ല. പിന്നീട് ‘ശരണ്യയിലെ മാഷ്’ എന്ന് പറയുന്നത് വലിയൊരു ഐഡന്റിറ്റിയായി. അതിന് ശേഷം കുറേ സിനിമകള്‍ ചെയ്‌തെങ്കിലും ‘ബെത്ലഹേം’ ചെയ്തതിന് ശേഷം ആളുകള്‍ ഇപ്പോള്‍ നന്ദന്‍ ജി എന്ന് വിളിക്കാന്‍ തുടങ്ങി,” വിനീത് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോകള്‍ക്ക് താഴെ സ്ഥിരമായി വന്നിരുന്ന കമന്റുകളിലും ഈ മാറ്റം പ്രകടമാണെന്നാണ് വിനീത് പറയുന്നത്.

‘നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും ഫോട്ടോ ഇട്ടാല്‍ ‘സാറിന്റെ പെണ്ണ് കേസ് എന്തായി?’, ‘ഏത് മസ്‌കാരയാണ് യൂസ് ചെയ്യുന്നത്?’ എന്നൊക്കെയായിരുന്നു ആളുകള്‍ ചോദിച്ചിരുന്നത്. ഇത് സ്ഥിരമായി വരുന്ന കമന്റായിരുന്നു. ഇപ്പോള്‍ ‘വാഷിങ് മെഷീന്‍ കിട്ടിയോ?’, ‘വാഷ് ബേസിന്‍ വേണോ?’ എന്നൊക്കെയാണ് ചോദിക്കുന്നത്,” വിനീത് പറയുന്നു.

വാഷിങ് മെഷീന്‍ തന്നെ തന്റെ പുതിയ കഥാപാത്രത്തിന്റെ ഐഡന്റിറ്റിയായി മാറിയതോടെ ഒരു സുഹൃത്ത് നല്‍കിയ ഉപദേശവും വിനീത് പങ്കുവെച്ചു.

‘എന്റെ ഒരു കൂട്ടുകാരന്‍ പറഞ്ഞു, ഏതെങ്കിലും ഒരു ഷോറൂമില്‍ പോയി വാഷിങ് മെഷീന്‍ വാങ്ങി അത് പിടിച്ച് ഒരു ഫോട്ടോ എടുത്താല്‍ നന്നായിരിക്കുമെന്ന്. പിന്നെ ഇതൊക്കെ സാഹചര്യമാണ്. അങ്ങനെയൊക്കെ സംഭവിക്കാം. എന്താണ് കിട്ടുന്നത് എന്ന് വെച്ചാല്‍ മേടിക്കുക എന്നതാണ്. പിന്നെ വാഷിങ് മെഷീന്‍ എന്ന് പറഞ്ഞാല്‍ മോശം കാര്യമൊന്നുമല്ലല്ലോ,’ വിനീത് പറഞ്ഞു.

Content Highlight: Actor Vineeth Viswom about his Character on Super Saranya and Bethlahem Kudumba Unit

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more