| Monday, 9th November 2026, 12:16 pm

‘ആനന്ദനടന’ത്തിന് പ്രത്യേക റിഹേഴ്സൽ ഉണ്ടായിരുന്നില്ല; ലാലേട്ടന്റെ ക്ലാസിക്കൽ ഡാൻസ് കണ്ട് അത്ഭുതപ്പെട്ടുപോയി’: വിനീത്

അജ്മല്‍ കെ

ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെ കരിയർ ആരംഭിച്ച നടനാണ് വിനീത്. കരിയറിന്റെ തുടക്കത്തിൽ തന്നെ ക്ലാസിക്ക് സിനിമകളുടെ ഭാഗമായ താരം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1992ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘കമലദളം’. മോഹൻലാൽ, മുരളി, വിനീത്, നെടുമുടി വേണു, മോനിഷ, പാർവതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. നൃത്തവും സംഗീതവും പശ്ചാത്തലമാക്കിയ ചിത്രത്തിലെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നാണ് ‘ആനന്ദനടനം’.

വിനീത്.Photo. Screen Grab/ Youtube

‘കമലദളം’ സിനിമയിലെ ‘ആനന്ദനടനം’ എന്ന ഗാനരംഗത്തിൽ മോഹൻലാൽ നടത്തിയ ക്ലാസിക്കൽ ഡാൻസ് കണ്ട് താൻ അത്ഭുതപ്പെട്ടുപോയിട്ടുണ്ടെന്ന് പറയുകയാണ് നടനും നർത്തകനുമായ വിനീത്. പ്രത്യേകിച്ച് വലിയ റിഹേഴ്സലുകളൊന്നുമില്ലാതെ കൊറിയോഗ്രാഫറും സഹായികളും പറഞ്ഞുകൊടുക്കുന്ന ചുവടുകൾ മോഹൻലാൽ അനായാസമായാണ് അദ്ദേഹം ചെയ്തെടുത്തതെന്നും റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞു.

‘കമലദളത്തിൽ ലാലേട്ടന്റെ ആ ക്ലാസിക്കൽ ഡാൻസ് കണ്ട് ഞാൻ അന്ന് അത്ഭുതപ്പെട്ട് നിന്നിട്ടുണ്ട്. ഞങ്ങളെല്ലാവരും ഞെട്ടിത്തരിച്ചുപോയിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാം വളരെ ഈസിയായി ബ്ലെൻഡ് ചെയ്യാൻ സാധിക്കും. പിന്നെ അദ്ദേഹത്തിന് ക്ലാസിക്കൽ ഡാൻസിനോട് പ്രത്യേക ഇഷ്ടവുമുണ്ട്. കമലദളത്തിലെ പാട്ടുകൾക്കൊന്നും പ്രത്യേകിച്ച് റിഹേഴ്സൽ ഉണ്ടായിരുന്നതായി എനിക്ക് ഓർമയില്ല,’ വിനീത് പറഞ്ഞു.

മോഹൻലാലും മോനിഷയും ഒന്നിച്ചെത്തുന്ന ‘ആനന്ദനടനം’ എന്ന ഗാനരംഗത്തിന്റെ ചിത്രീകരണം നേരിട്ട് കാണാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും വിനീത് പറഞ്ഞു. ചെന്നൈയിലെ മോഹൻ സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. തന്റെ മറ്റൊരു ജോലിയുടെ ഭാഗമായി അവിടെയുണ്ടായിരുന്നപ്പോൾ മോഹൻലാൽ തന്നോട് അവിടെ നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും വിനീത് പറയുന്നു.

‘ആനന്ദനടനം എന്ന് പറയുന്ന പാട്ടിൽ ലാലേട്ടനും മോനിഷയും ഉള്ള ആ പെർഫോമൻസിൽ അവിടെ കാണിച്ചുകൊടുക്കുന്നത് എന്താണോ, അത് ആൾ അപ്പോൾത്തന്നെ ചെയ്യും. കുമാരശാന്തിയായിരുന്നു അതിന്റെ കൊറിയോഗ്രാഫർ. ചെന്നൈയിലെ മോഹൻ സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ്. എന്റെ എന്തോ വർക്ക് കഴിഞ്ഞിട്ട് ഞാൻ അവിടെ ഉണ്ടായിരുന്നു. അപ്പോൾ ലാലേട്ടൻ എന്നോട് ‘എടാ മോനേ, ഇവിടെ നിക്ക്’ എന്ന് പറഞ്ഞിരുന്നു. ആ ഷൂട്ടിങ്ങിന്റെ മുഴുവൻ സമയത്തും ഞാൻ അവിടെയുണ്ടായിരുന്നു. ജസ്റ്റ് ഒരു മോറൽ സപ്പോർട്ട് മാത്രമായിരുന്നു, വേറൊന്നും ചെയ്തില്ല,’ വിനീത് പറഞ്ഞു.

കൊറിയോഗ്രാഫറും അസിസ്റ്റന്റുമാരും ചുവടുകൾ പറഞ്ഞുകൊടുക്കുമ്പോൾ അത് മനസിലാക്കി മോഹൻലാൽ വളരെ അനായാസം ചെയ്തെടുക്കുന്നത് അത്ഭുതത്തോടെയാണ് കണ്ടുനിന്നതെന്നും വിനീത് വ്യക്തമാക്കി. മോനിഷ ക്ലാസിക്കൽ നർത്തകിയായതിനാൽ അവർക്ക് നൃത്തത്തിൽ നേരത്തെ തന്നെ പരിശീലനമുണ്ടായിരുന്നു. എന്നാൽ മോഹൻലാലിന്റെ പ്രകടനമാണ് തന്നെ ഏറെ അത്ഭുതപ്പെടുത്തിയതെന്നും വിനീത് കൂട്ടിച്ചേർത്തു.

‘കൊറിയോഗ്രാഫറും അസിസ്റ്റന്റുമാരും പറഞ്ഞുകൊടുക്കുന്നത് ലാലേട്ടൻ അപ്പോൾത്തന്നെ എടുത്ത് അനായാസം ചെയ്യും. മോനിഷ പിന്നെ ക്ലാസിക്കൽ ഡാൻസറാണ്. അങ്ങനെയാണ് ആ പാട്ട് എടുത്തിട്ടുള്ളത്. അല്ലാതെ പ്രത്യേക റിഹേഴ്സലൊക്കെ എടുത്ത് നേരത്തെ പഠിച്ചിട്ടൊന്നുമല്ല അത് ചിത്രീകരിച്ചത്,’ വിനീത് കൂട്ടിച്ചേർത്തു.

Content Highlight: Actor Vineeth Talks About Mohanlal and kamaladhalam movie

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more